വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആരംഭിച്ച താരിഫ് യുദ്ധവുമായി ബന്ധപ്പെട്ട് നിര്‍ണായക വിഷയങ്ങളില്‍ യു എസ് സുപ്രിം കോടതി വിധി പറയാന്‍ സാധ്യത. ആഗോളതലത്തില്‍ വ്യാപകമായി ഏര്‍പ്പെടുത്തിയ താരിഫുകളുടെ നിയമസാധുത ചോദ്യം ചെയ്യുന്ന കേസുകള്‍ ഉള്‍പ്പെടെ നിരവധി പ്രധാന ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്. തുടരുന്ന താരിഫ് ആക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ജനുവരി 9 'ഓപീനിയന്‍ ഡേ' ആയി സുപ്രിം കോടതി നിശ്ചയിച്ചിട്ടുണ്ട്.
കോടതിയുടെ വെബ്‌സൈറ്റില്‍ നല്‍കിയ വിവരമനുസരിച്ച് ജഡ്ജിമാര്‍ ബെഞ്ചിലെത്തുമ്പോള്‍ വാദം പൂര്‍ത്തിയായ കേസുകളില്‍ വിധികള്‍ പ്രഖ്യാപിക്കാവുന്നതാണ്. ഏത് കേസുകളിലാണ് വിധി പ്രസ്താവിക്കുകയെന്ന് കോടതി മുന്‍കൂട്ടി അറിയിക്കാറില്ല.
പ്രസിഡന്റിന്റെ അധികാരപരിധിയെ പരീക്ഷിക്കുന്ന നിര്‍ണായക വിധിയായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്. 2025 ജനുവരിയില്‍ വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ച് ട്രംപ് ഉന്നയിച്ച ദൂരവ്യാപക അവകാശവാദങ്ങളില്‍ സുപ്രിം കോടതിയുടെ നിലപാട് വ്യക്തമാക്കുന്നതാകും ഈ തീരുമാനം. വിധി ആഗോള സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ.
കോടതിയുടെ മുന്നിലുള്ള പ്രധാന ചോദ്യങ്ങള്‍ രണ്ടാണ്. ഒന്നാമത് ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍സ് ആക്റ്റ്' പ്രകാരം ഭരണകൂടത്തിന് ഇത്തരത്തില്‍ താരിഫുകള്‍ ഏര്‍പ്പെടുത്താനുള്ള അധികാരമുണ്ടോയെന്നത്. രണ്ടാമത്, ടാരിഫുകള്‍ പ്രസിഡന്റിന്റെ അധികാരപരിധി ലംഘിക്കുന്നതാണെന്ന് കണ്ടെത്തിയാല്‍, ഇതിനകം താരിഫ് അടച്ച ഇറക്കുമതിക്കാര്‍ക്ക് യു എസ് സര്‍ക്കാര്‍ പണം തിരികെ നല്‍കേണ്ടിവരുമോ എന്നതും.
ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപകമായ താരിഫുകളെക്കുറിച്ച് സുപ്രിം കോടതി ആദ്യമായി വിധി പറയുന്ന സാഹചര്യമാണിത്. 2025 ഏപ്രില്‍ 2ന് 'ലിബറേഷന്‍ ഡേ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വ്യാപാര യുദ്ധത്തിന്റെ ഭാഗമായാണ് ട്രംപ് വിദേശ ഇറക്കുമതികള്‍ക്ക് പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തിയത്. പല രാജ്യങ്ങള്‍ക്കും 10 മുതല്‍ 41 ശതമാനം വരെ താരിഫുകളാണ് ചുമത്തപ്പെട്ടത്.
ട്രംപ് ഏര്‍പ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തീരുവകളില്‍ ചിലത് ഇന്ത്യയ്ക്കാണ് നേരിടേണ്ടിവന്നത്. തുടക്കത്തില്‍ 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ അമേരിക്ക, 2025 ഓഗസ്റ്റില്‍ ഇത് 50 ശതമാനമായി ഇരട്ടിയാക്കി. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നതുമായി ബന്ധപ്പെടുത്തി ശിക്ഷാതുല്യമായ സര്‍ചാര്‍ജും ഇതോടൊപ്പം ചുമത്തുകയായിരുന്നു. വസ്ത്രങ്ങള്‍, രത്‌നആഭരണങ്ങള്‍, ചെരിപ്പുകള്‍, ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന കയറ്റുമതികള്‍ക്ക് 50 ശതമാനം താരിഫ് ബാധകമാണ്. അതേസമയം, ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, ചായ, കാപ്പി, മസാലകള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഒഴിവാക്കലുകള്‍ അനുവദിച്ചിട്ടുണ്ട്.
