വാഷിങ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. ഒന്‍പത് ലക്ഷത്തിലേറെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ആയിരക്കണക്കിന് സര്‍വീസുകള്‍ വൈകുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ലോകപ്രശസ്തമായ മേസീസ് താങ്ക്‌സ്ഗിവിങ് ദിന പരേഡും മാറ്റിവച്ചു. നൂറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ പരേഡ് താങ്ക്‌സ്ഗിവിങ് ദിനത്തില്‍ നടത്താനാകാതെ വരുന്നത്.
നോര്‍ഈസ്റ്റര്‍ വിഭാഗത്തില്‍പ്പെട്ട ശക്തമായ കൊടുങ്കാറ്റാണ് അമേരിക്കയുടെ മധ്യ, കിഴക്കന്‍ മേഖലകളെ ബാധിച്ചത്. അവധി ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങള്‍ ഒത്തുചേരുന്ന താങ്ക്‌സ്ഗിവിങ് ദിനത്തില്‍ കാലാവസ്ഥ മോശമായത് ജനജീവിതത്തെയും യാത്രാസംവിധാനങ്ങളെയും സാരമായി ബാധിച്ചു. പെന്‍സില്‍വേനിയ, മേരിലാന്‍ഡ്, വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വൈദ്യുതി തടസ്സം ഏറ്റവും രൂക്ഷമായത്. കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമൊപ്പം വെള്ളക്കെട്ടും മരങ്ങള്‍ കടപുഴകി വീഴുന്നതും നാശനഷ്ടങ്ങള്‍ വര്‍ധിപ്പിച്ചു.
വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ നല്‍കുന്ന ഫ്‌ലൈറ്റ് അവെയര്‍ വെബ്‌സൈറ്റിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തുടനീളം 400ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. 2,000ത്തിലധികം സര്‍വീസുകള്‍ വൈകുകയും ചെയ്തു. കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ തടസ്സങ്ങളുണ്ടായത്.
ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലൂടെ കൂറ്റന്‍ വര്‍ണബലൂണുകളും വിവിധ കലാരൂപങ്ങളുമായി കടന്നുപോകുന്ന മേസീസ് താങ്ക്‌സ്ഗിവിങ് പരേഡ് ശനിയാഴ്ചത്തേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സംഘാടകര്‍ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് തുടര്‍ച്ചയായി മൂന്നു വര്‍ഷം പരേഡ് റദ്ദാക്കിയതൊഴിച്ചാല്‍ താങ്ക്‌സ്ഗിവിങ് ദിനത്തില്‍ ഇതുവരെ ആഘോഷം മുടങ്ങിയിട്ടില്ല. ശക്തമായ കാറ്റില്‍ ഭീമന്‍ ബലൂണുകളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. 1997ല്‍ 18 അടി ഉയരമുള്ള 'കാറ്റ് ഇന്‍ ദ ഹാറ്റ്' ബലൂണിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെരുവുവിളക്കില്‍ ഇടിക്കുകയും ഒരു കാണിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പങ്കാളികളുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് പരേഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വില്‍ കോസ് പറഞ്ഞു.
കിഴക്കന്‍ തീരത്തെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റിലും കുതിര്‍ന്ന മണ്ണിലും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകളിലേക്കും വീടുകളിലേക്കും വീണു. അമേരിക്കന്‍ തലസ്ഥാനത്തിന് സമീപമുള്ള മേരിലാന്‍ഡ് പ്രാന്തപ്രദേശങ്ങളില്‍ വൈദ്യുതി തടസ്സം ജലശുദ്ധീകരണ സംവിധാനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നതോടെ ഏകദേശം 20 ലക്ഷം ഉപഭോക്താക്കളോട് ജലോപയോഗം കുറയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
അത്യാവശ്യമല്ലാത്ത റോഡ് യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് നിരവധി പ്രധാന പാലങ്ങളും അടച്ചിട്ടു. കാലാവസ്ഥാ സാഹചര്യം കണക്കിലെടുത്ത് ന്യൂജഴ്‌സിയില്‍ ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഗവര്‍ണര്‍ മിക്കി ഷെറില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ഥിച്ചു. മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണമെന്നും വൈദ്യുതി തടസ്സങ്ങള്‍ ബന്ധപ്പെട്ട വിതരണക്കമ്പനികളെ അറിയിക്കണമെന്നും പൊട്ടിവീണ വൈദ്യുതി ലൈനുകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.
പ്രതികൂല കാലാവസ്ഥയ്ക്കിടയിലും ചിലര്‍ താങ്ക്‌സ്ഗിവിങ് ആഘോഷങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തി. വൈദ്യുതിയില്ലെങ്കിലും ആഘോഷം മുടക്കേണ്ടതില്ലെന്ന സന്ദേശവുമായി പ്രമുഖ പാചകവിദഗ്ധന്‍ ഹോസെ ആന്‍ഡ്രെസ് മെഴുകുതിരി വെളിച്ചത്തില്‍ ഒരുക്കിയ വിരുന്നിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അതേസമയം, ആഴ്ചയുടെ തുടക്കത്തില്‍ കാലിഫോര്‍ണിയയിലും ശക്തമായ കാലാവസ്ഥ അനുഭവപ്പെട്ടിരുന്നു. കൂറ്റന്‍ തിരമാലകള്‍ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുകയും സാന്‍ഫ്രാന്‍സിസ്‌കോയില്‍ കനത്ത മഴ ലഭിക്കുകയും ചെയ്തു.
അമേരിക്കയില്‍ ശക്തമായ കൊടുങ്കാറ്റ്; 9 ലക്ഷത്തിലേറെ പേര്‍ക്ക് വൈദ്യുതിയില്ല, വിമാന സര്‍വീസുകള്‍ താറുമാറായി
