വാഷിങ്ടൺ: സമാധാനപരമായ ആണവോർജ വികസനത്തിനായി അമേരിക്കയും സൗദി അറേബ്യയും ചരിത്രപ്രധാനമായ ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു. യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജമന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാനും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. സമാധാനപരമായ ആണവ സഹകരണ കരാറിനൊപ്പം ഉഭയകക്ഷി സുരക്ഷാ കരാറും (Bilateral Safeguards Agreement) ഒപ്പുവച്ചതായി യുഎസ് ഊർജ വകുപ്പ് അറിയിച്ചു.
പതിറ്റാണ്ടുകളോളം നീളുന്ന, ശതകോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപവും സഹകരണവും ലക്ഷ്യമിടുന്നതാണ് പുതിയ കരാറെന്ന് അമേരിക്ക വ്യക്തമാക്കി. സൗദിയുടെ സിവിലിയൻ ആണവോർജ പദ്ധതിയിൽ അമേരിക്കൻ കമ്പനികൾക്ക് നിർണായക പങ്കാളിത്തത്തിന് ഇത് വഴിയൊരുക്കുമെന്നും യുഎസ് ഊർജ വകുപ്പ് അറിയിച്ചു. ആണവ സുരക്ഷയും ആണവായുധ വ്യാപനം തടയാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് കരാറെന്ന് അമേരിക്ക അവകാശപ്പെടുന്നു. കരാർ ഇനി യുഎസ് കോൺഗ്രസിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.
രണ്ടു രാജ്യങ്ങളും ഒപ്പുവച്ച കരാറുകൾ ആണവ സുരക്ഷയുടെയും ആണവായുധ വ്യാപനം തടയുന്നതിന്റെയും ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ അമേരിക്കൻ ആണവമേഖലയുടെ പുതിയ വളർച്ചയ്ക്ക് തുടക്കമാകുന്നതാണ് ഈ കരാറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജം വികസിപ്പിക്കുകയെന്നതാണ് സൗദിയുടെ ലക്ഷ്യമെന്ന് സൗദി സർക്കാരും വ്യക്തമാക്കി. ഊർജം, ഭാവി സാങ്കേതികവിദ്യ, ആണവ സുരക്ഷ, സുസ്ഥിര വികസനം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് ഇതെന്നും സൗദി പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ കരാറിനെ ചൊല്ലി ആശങ്കകളും ഉയരുന്നുണ്ട്. ഭാവിയിൽ സൗദി ആണവായുധ വികസനത്തിലേക്ക് നീങ്ങിയേക്കുമോയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. നിലവിൽ അത്തരമൊരു സൂചനകളില്ലെങ്കിലും ഇറാൻ ആണവായുധം സ്വന്തമാക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധ ആവശ്യങ്ങൾക്കായി സൗദിയും സമാന നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധരുടെ വിലയിരുത്തൽ. എന്നിരുന്നാലും സൗദി സ്വയം ആയുധനിർമാണത്തിനുള്ള സമ്പുഷ്ട യൂറേനിയം ഉൽപാദിപ്പിക്കുന്നതിനേക്കാൾ സഖ്യരാജ്യമായ പാകിസ്ഥാനിൽ നിന്ന് ആണവ പ്രതിരോധ ശേഷി തേടാനുള്ള സാധ്യതയാണ് കൂടുതൽ എന്നാണ് ചില വിശകലനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
സൗദിയിൽ സിവിലിയൻ ആണവനിലയങ്ങൾ പ്രവർത്തനസജ്ജമാകാൻ കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും വേണ്ടിവരുമെന്നാണ് ഊർജ വിദഗ്ധർ പറയുന്നത്. അതിനാൽ ഈ കരാറിന്റെ പ്രതിഫലനം ഉടൻ പ്രകടമാകില്ലെങ്കിലും പശ്ചിമേഷ്യയിലെ ശക്തിസന്തുലിതാവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ സ്വാധീനിക്കാൻ ഇതിന് കഴിയുമെന്നാണ് വിലയിരുത്തൽ.
അമേരിക്കയ്ക്കും കരാർ തന്ത്രപ്രധാന നേട്ടമാണ്. പശ്ചിമേഷ്യയിൽ സിവിലിയൻ ആണവ അടിസ്ഥാനസൗകര്യ വികസനത്തിൽ ചൈനയും റഷ്യയും സ്വാധീനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ സൗദിയുമായുള്ള ഈ സഹകരണം അമേരിക്കയുടെ സ്ഥാനം കൂടുതൽ ശക്തമാക്കും. ചൈനയും സൗദിയുമായി സമാന കരാറിന് ശ്രമിച്ചിരുന്നുവെന്നും റഷ്യ ഇതിനകം ഈജിപ്തിലും തുർക്കിയിലും ആണവ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, കരാറിനെതിരെ അമേരിക്കയിൽ നിന്ന് വിമർശനവും ഉയർന്നു. മതിയായ നിയന്ത്രണങ്ങൾ ഇല്ലാതെ അതീവസൂക്ഷ്മമായ ആണവ സാങ്കേതികവിദ്യ സൗദിക്ക് ലഭ്യമാക്കുന്നതിലൂടെ ഭാവിയിൽ ആണവായുധ വികസനത്തിന് വഴിയൊരുങ്ങുമെന്നാണ് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജോൺ ഗാരമെൻഡി ആരോപിച്ചത്. ലോകത്തിന് കൂടുതൽ ആണവായുധങ്ങളല്ല, കുറവാണ് ആവശ്യമെന്നും ഈ കരാർ പശ്ചിമേഷ്യയിൽ പുതിയ ആയുധമത്സരത്തിന് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നിരുന്നാലും സൗദിയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും അമേരിക്കൻ കമ്പനികൾക്ക് വൻ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനും മേഖലയിൽ അമേരിക്കയുടെ സ്വാധീനം നിലനിർത്താനും ഈ കരാർ സഹായിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. അമേരിക്കൻ കമ്പനിയായ വെസ്റ്റിങ്ഹൗസ് ഇലക്ട്രിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സൗദിയുടെ ആണവോർജ മേഖലയിലെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയസുരക്ഷാ സമവാക്യങ്ങൾക്ക് ഈ കരാർ നിർണായക വഴിത്തിരിവാകുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
അമേരിക്കയും സൗദി അറേബ്യയും ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു
