വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരാൻ കോൺഗ്രസിന്റെ അനുമതി നിർബന്ധമാക്കുന്ന പ്രമേയം മന്നോട്ടു കൊണ്ടുപോകാൻ അമേരിക്കൻ സെനറ്റിൽ അനുകൂല വോട്ട്. യുദ്ധാധികാരം നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രമേയം 50-47 എന്ന നിലയ്ക്കാണ് സെനറ്റ് അംഗീകരിച്ചത്.
ഫെബ്രുവരിയിൽ ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഏഴ് തവണ പരാജയപ്പെട്ട പ്രമേയം ആദ്യമായാണ് സെനറ്റിൽ മന്നേറുന്നത്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നതും ശ്രദ്ധേയമായി.
ട്രംപ് പിന്തുണച്ച എതിരാളിയോട് അടുത്തിടെ പ്രൈമറിയിൽ പരാജയപ്പെട്ട ലൂസിയാന സെനറ്റർ ബിൽകാസിഡിയും പ്രമേയത്തെ പിന്തുണച്ചു. ഇറാൻ ആണവപദ്ധതി തകർക്കാനുള്ള നീക്കങ്ങളെ പിന്തുണയ്ക്കുന്നുവെങ്കിലും യുദ്ധത്തെക്കുറിച്ച് വൈറ്റ് ഹൗസും പെന്റഗണും കോൺഗ്രസിനെ ഇരുട്ടിൽ നിർത്തുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
'ലൂസിയാനയിൽ ട്രംപിനെ പിന്തുണയ്ക്കുന്നവരടക്കമുള്ള പലർക്കും യുദ്ധത്തെക്കുറിച്ച് ആശങ്കയുണ്ട്. വ്യക്തത ലഭിക്കാതെ യുദ്ധത്തിന് അനുമതിയോ കാലാവധി നീട്ടലോ ന്യായീകരിക്കാനാകില്ല,' എന്ന് കാസിഡി സമൂഹമാധ്യമത്തിൽ കുറിച്ചു.
റിപ്പബ്ലിക്കൻ സെനറ്റർമാരായ ലിസ മുർക്കോവ്‌സ്‌കി, രാൻഡ് പോൾ, സൂസൻ കോളിൻസ് എന്നിവരും പ്രമേയത്തെ പിന്തുണച്ചു. അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ജോൺ ഫാറ്റർമാൻ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്.
ഇത് ട്രംപിന്റെ യുദ്ധനയത്തിനെതിരായ റിപ്പബ്ലിക്കൻ പ്രതിരോധത്തിലെ വിള്ളലാണെന്ന് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക് ഷൂമർ പ്രതികരിച്ചു.
'80 ദിവസത്തിലേറെയായി വ്യക്തമായ പദ്ധതിയോ നിയമപരമായ അധികാരമോ ഇല്ലാതെ ട്രംപ് അമേരിക്കയെ ചെലവേറിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കുകയാണ്. റിപ്പബ്ലിക്കൻ നിരയിൽ ഭിന്നത ഉയരാൻ തുടങ്ങി,' ഷൂമർ പ്രസ്താവനയിൽ പറഞ്ഞു.
പ്രമേയം അവതരിപ്പിച്ച വിർജീനിയ സെനറ്റർ ടിം കെയ്ൻ, യുദ്ധത്തിന്റെ ലക്ഷ്യവും തന്ത്രവും സാമ്പത്തിക പ്രത്യാഘാതങ്ങളും കോൺഗ്രസ് തുറന്ന ചർച്ച ചെയ്യേണ്ട സമയമാണിതെന്ന് അഭിപ്രായപ്പെട്ടു.
എന്നാൽ പ്രമേയം സെനറ്റും പ്രതിനിധിസഭയും പാസാക്കിയാലും ട്രംപ് അത് വീറ്റോ ചെയ്യാനാണ് സാധ്യതയെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ യുദ്ധാധികാരത്തിന് നിയന്ത്രണം വേണമെന്ന് യുഎസ് സെനറ്റ്; ട്രംപിനെതിരെ റിപ്പബ്ലിക്കൻ ഭിന്നതയും
