വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അധികാരം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട യുദ്ധാധികാര പ്രമേയം യു.എസ്. സെനറ്റ് ബുധനാഴ്ച തള്ളി. 47-53 എന്ന വോട്ടിന് പ്രമേയം പരാജയപ്പെട്ടതോടെ, ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടികളിൽ വൈറ്റ് ഹൗസിന് റിപ്പബ്ലിക്കൻ പിന്തുണ തുടരുന്നതായി വ്യക്തമാകുന്നു.
കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇറാനിൽ സൈനിക ശക്തി വിനിയോഗിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. അമേരിക്കൻ ഭരണഘടനയിലെ ആർട്ടിക്കിൾ വൺ പ്രകാരം യുദ്ധം പ്രഖ്യാപിക്കാനുള്ള ഏക അധികാരം കോൺഗ്രസിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. നിയമനിർമ്മാണ സഭയുടെ മേൽനോട്ടം ഉറപ്പാക്കാൻ ഇതാവശ്യമാണ് എന്നായിരുന്നു പിന്തുണച്ചവരുടെ വാദം.
റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ മാത്രം ഡെമോക്രാറ്റുകൾക്കൊപ്പം പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. മറുവശത്ത്, ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഫെറ്റർമാൻ പാർട്ടിയുടെ ഭൂരിപക്ഷ നിലപാടിൽ നിന്ന് വ്യത്യസ്തമായി പ്രമേയത്തിന് എതിരായി വോട്ട് ചെയ്തു.
കോൺഗ്രസ് അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തുകയാണെന്ന് സെനറ്റ് ചർച്ചയ്ക്കിടെ റാൻഡ് പോൾ വിമർശിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രസിഡന്റിന്റെ അധികാരത്തിന് കോൺഗ്രസ് അനാവശ്യമായി വഴങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അടുത്തിടെ അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിലെ നേതൃത്വകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, ട്രംപിന് പാർട്ടിയിലെ ഭൂരിപക്ഷ റിപ്പബ്ലിക്കൻ അംഗങ്ങൾ ശക്തമായ പിന്തുണ നൽകിയിരുന്നു. 'കമാൻഡർ ഇൻ ചീഫിന് ഇത്തരം ആക്രമണങ്ങൾ നടത്താനുള്ള അധികാരമുണ്ട്,' എന്ന് റിപ്പബ്ലിക്കൻ സെനറ്റർ ജോണി എർൺസ്റ്റ് പറഞ്ഞു.
മുൻപ് വെനിസ്വേലയുമായി ബന്ധപ്പെട്ട യുദ്ധാധികാര പ്രമേയത്തിൽ പാർട്ടി നിലപാടിൽ നിന്ന് മാറി നിന്ന ചില റിപ്പബ്ലിക്കൻ അംഗങ്ങൾ ഇത്തവണ ഇറാൻ വിഷയത്തിൽ ഭരണകൂടത്തിന് പിന്തുണ നൽകി. സെനറ്റർ ടോഡ് യങ് ഉൾപ്പെടെ ചിലർ വൈറ്റ് ഹൗസിന്റെ സമ്മർദങ്ങൾക്കിടെ പ്രമേയത്തിന് എതിരായി വോട്ട് ചെയ്തതായി റിപ്പോർട്ടുണ്ട്.
പ്രമേയം പരാജയപ്പെട്ടതോടെ, ഇറാനുമായി ബന്ധപ്പെട്ട സൈനിക ഇടപെടലുകളിൽ ട്രംപിന് വിശാലമായ അധികാരം നൽകാൻ സെനറ്റ് റിപ്പബ്ലിക്കൻ അംഗങ്ങൾ ഇപ്പോഴും സന്നദ്ധരാണെന്ന് വ്യക്തമായി. മേഖലയിലെ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ ദീർഘകാല സൈനിക ലക്ഷ്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നുണ്ട്.
ഇറാനെതിരെ സൈനിക നടപടി തുടരാമെന്ന് യു.എസ് സെനറ്റ്; തടയൽ പ്രമേയം വോട്ടിലൂടെ തള്ളി
