കരീബിയന്‍ കടലില്‍ യു എസ് ഒരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തു

കരീബിയന്‍ കടലില്‍ യു എസ് ഒരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തു


വാഷിംഗ്ടണ്‍: വെനിസ്വേലയില്‍ നിന്ന് റഷ്യയിലേക്കുള്ള എണ്ണ കയറ്റുമതിക്കെതിരെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നടപടികള്‍ ശക്തമാക്കുന്നതിനിടെ യു എസ് സൈന്യം കരീബിയന്‍ കടലില്‍ മറ്റൊരു എണ്ണ ടാങ്കര്‍ കൂടി പിടിച്ചെടുത്തതായി യു എസ് സതേണ്‍ കമാന്‍ഡ് അറിയിച്ചു. ജനുവരി 9 വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ പ്രത്യേക ദൗത്യത്തിനിടെയാണ് നടപടി.

പുലര്‍ച്ചെ നടത്തിയ ഓപ്പറേഷനില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പുമായി സഹകരിച്ച് ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് സതേണ്‍ സ്പിയറിലെ മാരീനുകളും നാവികരും യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡില്‍ നിന്ന് പുറപ്പെട്ട് കരീബിയന്‍ കടലില്‍ എം/ടി ഒലിന എന്ന എണ്ണ ടാങ്കര്‍ പിടിച്ചെടുത്തുവെന്ന് യു എസ് സതേണ്‍ കമാന്‍ഡ് എക്സ് പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പിടിച്ചെടുക്കലുകള്‍ക്ക് യു എസ് നാവികസേനയുടെ ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും യു എസ് എസ് ഐവോ ജിമ, യു എസ് എസ് സാന്‍ ആന്റോണിയോ, യു എസ് എസ് ഫോര്‍ട്ട് ലാഡര്‍ഡേല്‍ എന്നിവ ഉള്‍പ്പെടെയുള്ള സജ്ജവും ശക്തവുമായ യുദ്ധക്കപ്പലുകള്‍ ഈ ദൗത്യത്തിന് പിന്തുണ നല്‍കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും പാശ്ചാത്യ അര്‍ധഗോളത്തില്‍ സുരക്ഷ പുനഃസ്ഥാപിക്കുകയും ചെയ്ത് മാതൃഭൂമിയെ സംരക്ഷിക്കുകയെന്ന ദൗത്യത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാറിന്റെ 'ഓപ്പറേഷന്‍ സതേണ്‍ സ്പിയര്‍' ഉറച്ചുനില്‍ക്കുകയാണെന്ന് പ്രസ്താവനയില്‍ അറിയിച്ചു.