വെനിസ്വേലയില്‍ നിന്നുള്ള മറ്റൊരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തതായി യു എസ്

വെനിസ്വേലയില്‍ നിന്നുള്ള മറ്റൊരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തതായി യു എസ്


വാഷിംഗ്ടണ്‍: കരീബിയന്‍ സമുദ്രത്തില്‍ മറ്റൊരു എണ്ണക്കപ്പല്‍ കൂടി പിടിച്ചെടുത്തതായി യു എസ് സൗതേണ്‍ കമാന്‍ഡ് അറിയിച്ചു. ഇതോടെ നിയമവിരുദ്ധ കടല്‍മാര്‍ഗ്ഗ എണ്ണക്കച്ചവടത്തിനെതിരെ വാഷിങ്ടണ്‍ നടത്തുന്ന നടപടികള്‍ കൂടുതല്‍ ശക്തമായതായി വ്യക്തമായി. എം/ടി സോഫിയ  എന്ന പേരിലുള്ള കപ്പലാണ് പ്രത്യേക ഓപ്പറേഷനില്‍ യു എസ് സേന തടഞ്ഞത്. ദേശീയ പതാകയോ സാധുവായ രജിസ്‌ട്രേഷനോ ഇല്ലാത്ത ഉപരോധവിധേയമായ 'ഡാര്‍ക്ക് ഫ്‌ളീറ്റ്' കപ്പലാണിതെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും യു എസ് അധികൃതര്‍ ആരോപിച്ചു.

കപ്പലിന്റെ നിയന്ത്രണം യു എസ് കോസ്റ്റ് ഗാര്‍ഡ് ഏറ്റെടുത്തതായും അന്തിമ തീരുമാനത്തിനായി അതിനെ യു എസിലേക്ക് കാവലോടെ കൊണ്ടുപോകുകയാണെന്നും അധികൃതര്‍ അറിയിച്ചു. പ്രതിരോധ വകുപ്പും ആഭ്യന്തര സുരക്ഷാ വകുപ്പും സംയുക്തമായാണ് നടപടി നടത്തിയതെന്ന് സൗതേണ്‍ കമാന്‍ഡ് വ്യക്തമാക്കി. തടയപ്പെട്ട സമയത്ത് കപ്പലിന് നിയമപരമായ ദേശീയ രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നതിനാല്‍ അന്താരാഷ്ട്ര കടല്‍നിയമപ്രകാരം അത് 'സ്റ്റേറ്റ്ലെസ്' കപ്പലായി കണക്കാക്കിയതായും അറിയിച്ചു.

മുമ്പ് മറിനെറ എന്ന പേരിലുള്ള മറ്റൊരു ടാങ്കര്‍ പിടിച്ചെടുത്തിരുന്നു. 

വെനിസ്വേലന്‍ എണ്ണ നിയമവിരുദ്ധമായി കടത്തി അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന എല്ലാ ഡാര്‍ക്ക് ഫ്‌ളീറ്റ് കപ്പലുകള്‍ക്കുമെതിരായ ഉപരോധം അമേരിക്ക തുടരുമെന്നും യു എസ് നിശ്ചയിക്കുന്ന നിയമാനുസൃതവും സുതാര്യവുമായ ഊര്‍ജ്ജ വ്യാപാരത്തിനു മാത്രമേ അനുമതി നല്‍കുകയുള്ളുവെന്നും എക്സില്‍ പോസ്റ്റ് ചെയ്ത പ്രതികരണത്തില്‍ പീറ്റ് ഹെഗ്സത്ത് പറഞ്ഞു.

വെനിസ്വേലയിലെ ക്രൂഡ് ഓയില്‍ കടത്തിയ ചരിത്രം കപ്പലിനുണ്ടെന്നു യു എസ് അധികൃതര്‍ ആരോപിച്ചെങ്കിലും പിടിച്ചടക്കുമ്പോള്‍ കപ്പല്‍ ശൂന്യമായിരുന്നുവെന്നാണ് വിലയിരുത്തല്‍. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കപ്പല്‍ വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം കുറുകെ പിന്തുടര്‍ന്നതായും അതിന് അകമ്പടിയായി റഷ്യ ഒരു സബ്മറീന്‍ വിന്യസിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

റഷ്യയും വെനിസ്വേലയുമുള്‍പ്പെടെയുള്ള ഉപരോധവിധേയ രാജ്യങ്ങളുമായി ബന്ധമുള്ള എണ്ണക്കയറ്റുമതികള്‍ക്കെതിരെ യു എസ് നിരീക്ഷണം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നടപടി.

വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് മോസ്‌കോ രംഗത്തെത്തി. വെനിസ്വേല തീരത്തുനിന്ന് കപ്പല്‍ പിന്തുടര്‍ന്ന ശേഷമാണ് യു എസ് സേന നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

1982 ലെ ഐക്യരാഷ്ട്രസഭയുടെ കടല്‍നിയമ കണ്‍വെന്‍ഷന്‍ പ്രകാരം തുറസ്സായ സമുദ്രങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കിയതാണെന്നും മറ്റ് രാജ്യങ്ങളുടെ നിയമപരമായ അധികാരപരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലുകള്‍ക്കെതിരെ ബലം പ്രയോഗിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്നും റഷ്യയുടെ ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

എണ്ണക്കപ്പല്‍ മറിനെറ പിടിച്ചടക്കുന്നതിന് മുന്‍പ് ഉണ്ടായ സാഹചര്യം സംബന്ധിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത മന്ത്രാലയ പ്രസ്താവനയില്‍ യു എസ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ നിരവധി ദിവസങ്ങളായി മറിനെറയെ പിന്തുടര്‍ന്നിരുന്നുവെന്നും കപ്പല്‍ യു എസ് തീരത്ത് നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെയായിരുന്നുവെന്നും പറഞ്ഞു.