ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഉപരോധം ശക്തം; 48 കപ്പലുകള്‍ വഴിതിരിച്ചുവിട്ടു

ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഉപരോധം ശക്തം; 48 കപ്പലുകള്‍ വഴിതിരിച്ചുവിട്ടു


വാഷിങ്ടണ്‍: ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരെ തുടരുന്ന ഉപരോധത്തിനിടെ അമേരിക്കന്‍ സൈനിക സാന്നിധ്യം ശക്തമാക്കുന്നതായി യു എസ് സെന്‍ട്രല്‍ കമാന്റ് (സെന്‍കോം) വ്യക്തമാക്കി. യു എസ് എസ് ന്യൂ ഓര്‍ലീന്‍സ് (എല്‍പിഡി 18) എന്ന യുദ്ധക്കപ്പല്‍ ഏപ്രില്‍ 28ന് അറബിക്കടലില്‍ പ്രവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ ശനിയാഴ്ച പുറത്തുവിട്ടു.

കഴിഞ്ഞ 20 ദിവസത്തിനിടെ ഉപരോധം കര്‍ശനമായി നടപ്പാക്കുന്നതിന് 48 കപ്പലുകള്‍ വഴിതിരിപ്പിച്ചതായും സെന്‍കോം അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ട കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനാണ് ഈ നടപടികള്‍.

അറബിക്കടല്‍ മേഖലയിലും അന്താരാഷ്ട്ര ജലങ്ങളിലും അമേരിക്കന്‍ സൈന്യം നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസുമായി ബന്ധപ്പെട്ട സംഘര്‍ഷം തുടരുന്നതിനിടെയാണ് ഈ നീക്കങ്ങള്‍.

അതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നിലച്ചിരിക്കെ പുതിയ നിര്‍ദ്ദേശം ഇറാന്‍ മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഈ നിര്‍ദ്ദേശത്തില്‍ തൃപ്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി.

ഇറാന്‍ ആവശ്യപ്പെടുന്ന ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ ചര്‍ച്ചകളില്‍ ചില പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും അവരുടെ നേതൃത്വത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്നും ട്രംപ് ആരോപിച്ചു. കരാര്‍ ഉണ്ടാകാതെ പോയാല്‍ ശക്തമായ സൈനിക നടപടി ഉള്‍പ്പെടെ എല്ലാ വഴികളും പരിഗണനയിലുണ്ടെന്ന് അദ്ദേഹം സൂചന നല്‍കി.

അതേസമയം, വലിയ സൈനിക ആക്രമണം ഒഴിവാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ ആവശ്യമായാല്‍ അതിനും തയ്യാറാണെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.