വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പണമയക്കുന്നതിന് ഇനി അധിക നികുതി. ഡോണള്‍ഡ് ട്രംപ് ഭരണകൂടം അവതരിപ്പിച്ച 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്' പ്രകാരം, 2026 ജനുവരി ഒന്നുമുതല്‍ യുഎസില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ അയക്കുന്ന പണത്തിന് 1 ശതമാനം 'റിമിറ്റന്‍സ് ടാക്‌സ്' ഈടാക്കും. 'എക്‌സൈസ് ടാക്‌സ് ഓണ്‍ റിമിറ്റന്‍സ് ട്രാന്‍സ്ഫര്‍' എന്ന പേരിലാണ് ഈ നികുതി യുഎസ് ട്രഷറിക്കായി പിരിവാക്കുന്നത്.
ആദ്യഘട്ടത്തില്‍ 5 ശതമാനം നികുതി നിര്‍ദേശിച്ചിരുന്നെങ്കിലും പിന്നീട് അത് 3.5 ശതമാനമായി കുറച്ചു. സെനറ്റിന്റെ അന്തിമ അംഗീകാരത്തിന് മുന്‍പ് ഇത് 1 ശതമാനമാക്കി ചുരുക്കുകയായിരുന്നു. ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളിലേക്കുമുള്ള യുഎസ് റിമിറ്റന്‍സുകള്‍ക്കാണ് പുതിയ നികുതി ബാധകമാകുന്നത്.
അതേസമയം, ബാങ്ക് അക്കൗണ്ടുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, ഡെബിറ്റ്‌ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. പകരം, കാഷ്, മണി ഓര്‍ഡര്‍, കാഷിയര്‍ ചെക്ക് എന്നിവയിലൂടെ നടത്തുന്ന പണമയക്കലുകള്‍ക്കാണ് 1 ശതമാനം നികുതി ബാധകമാകുക. യുഎസ് പൗരന്മാരോ ദേശീയരായ ആളുകളോ 'ക്വാളിഫൈഡ് റിമിറ്റന്‍സ് ട്രാന്‍സ്ഫര്‍ പ്രൊവൈഡര്‍' വഴി പണമയച്ചാല്‍ നികുതി ഒഴിവും ലഭിക്കും.
പുതിയ നിയമപ്രകാരം, 2026 മുതല്‍ റിമിറ്റന്‍സ് ട്രാന്‍സ്ഫര്‍ സേവനദാതാക്കള്‍ തന്നെ നികുതി ശേഖരിച്ച് സര്‍ക്കാരിലേക്ക് അടയ്ക്കണം. അമേരിക്കയില്‍ താമസിക്കുന്ന എന്‍ആര്‍ഐകള്‍, ഗ്രീന്‍ കാര്‍ഡ് ഉടമകള്‍, വിദേശ വിദ്യാര്‍ഥികള്‍, എച്ച്1ബി അടക്കമുള്ള വിദേശ തൊഴിലാളികള്‍ എന്നിവരെയാണ് നികുതി ഏറ്റവും കൂടുതല്‍ ബാധിക്കുക. എന്നാല്‍ നികുതിവിമുക്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ അധിക ചെലവ് ഒഴിവാക്കാനാകും.
ലോകത്ത് യുഎസ് റിമിറ്റന്‍സ് ഏറ്റവും കൂടുതല്‍ എത്തുന്ന രാജ്യങ്ങളായ ഇന്ത്യ, മെക്‌സിക്കോ, ചൈന, ഫിലിപ്പീന്‍സ് എന്നിവയ്ക്ക് ഈ നികുതി വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. 2024ല്‍ ഇന്ത്യയിലേക്ക് മാത്രം ഏകദേശം 129 ബില്യണ്‍ ഡോളറിന്റെ റിമിറ്റന്‍സ് എത്തിയതായാണ് കണക്ക്. ഇന്ത്യയുടെ മൊത്തം റിമിറ്റന്‍സില്‍ യുഎസിന്റെ പങ്ക് 27.7 ശതമാനമായി ഉയര്‍ന്ന് ഏകദേശം 33 ബില്യണ്‍ ഡോളറിലെത്തിയതും ആശങ്ക വര്‍ധിപ്പിക്കുന്നു.
അമേരിക്കയില്‍ നിന്ന് പണമയക്കാന്‍ ഇനി നികുതി; കുടിയേറ്റക്കാര്‍ക്ക് 1% 'റിമിറ്റന്‍സ് ടാക്‌സ്' പ്രാബല്യത്തില്‍
