ന്യൂഡൽഹി: അമേരിക്ക ഇന്ത്യയുടെ പ്രധാന തന്ത്രപ്രധാന പങ്കാളിയും നിർണായക സാമ്പത്തിക, വ്യാപാര, പ്രതിരോധ പങ്കാളിയുമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതേസമയം ചൈന, റഷ്യ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായും ബന്ധം ശക്തിപ്പെടുത്തുന്ന 'മൾട്ടിഅലൈൻമെന്റ്' സമീപനമാണ് ഇന്ത്യ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.
ലോകം അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള ബന്ധത്തിനൊപ്പം ചൈനയുടെ വളർച്ച, റഷ്യയുമായുള്ള പരമ്പരാഗത ബന്ധം, യൂറോപ്പുമായുള്ള പുതിയ സാധ്യതകൾ എന്നിവയും ഇന്ത്യ ഒരേസമയം പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ പരസ്പരവിരുദ്ധമായി കാണേണ്ടതില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
അമേരിക്കയുമായി നിർദേശിച്ചിരിക്കുന്ന വ്യാപാരകരാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വിപണി പ്രവേശനം വർധിപ്പിക്കുന്നതിലൂടെ ലോകത്തെ പ്രധാന വിപണികളിലൊന്നായ അമേരിക്കയുമായുള്ള വ്യാപാരബന്ധം കൂടുതൽ ആഴത്തിലാക്കാൻ കരാറിന് കഴിയുമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ യൂണിയൻ, യുകെ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ എന്നിവയുമായുള്ള വ്യാപാരകരാറുകൾക്കൊപ്പം ഇന്ത്യയുഎസ് കരാറും വലിയ സാധ്യതകളുള്ള നീക്കമാണെന്ന് ജയശങ്കർ പറഞ്ഞു.
ഇന്ത്യയുടെ വ്യാപാരനയം ഉഭയകക്ഷി വ്യാപാരക്കമ്മി കുറയ്ക്കുന്നതിൽ മാത്രം കേന്ദ്രീകരിക്കാതെ വിപണി പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പരിഹരിക്കുന്നതിലേക്കും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്കയെ ഉൾപ്പെടുത്താതെയുള്ള ആഗോള വ്യാപാര സംവിധാന പരിഷ്‌കരണം സാധ്യമല്ലെന്നും ജയശങ്കർ വ്യക്തമാക്കി. അതേസമയം, ഇന്ത്യയുഎസ് വ്യാപാര ചർച്ചകൾ ഇപ്പോഴും ചില നിർണായക വിഷയങ്ങളിൽ ധാരണയിലെത്താതെ തുടരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
'അമേരിക്ക ഇന്ത്യയുടെ നിർണായക തന്ത്രപ്രധാന പങ്കാളി'; യുഎസ് വ്യാപാരകരാർ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകുമെന്ന് ജയശങ്കർ
