യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം; ഇന്ത്യന്‍ വംശജന്‍ റോ ഖന്നയ്ക്കായി സംഘടനകള്‍ രംഗത്ത്

യു എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം; ഇന്ത്യന്‍ വംശജന്‍ റോ ഖന്നയ്ക്കായി സംഘടനകള്‍ രംഗത്ത്


വാഷിംഗ്ടണ്‍: 2028ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനായി ഇന്ത്യന്‍ വംശജനായ കോണ്‍ഗ്രസ് അംഗം റോ ഖന്ന മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സംഘടനകള്‍ രംഗത്ത്. പ്രോഗ്രസീവ് ഡെമോക്രാറ്റ്‌സ് ഓഫ് അമേരിക്ക (പി ഡി എ), റൂട്ട്‌സ് ആക്ഷന്‍ എന്നീ സംഘടനകളാണ് ഖന്നയെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രചാരണത്തിന് ഒരുങ്ങുന്നത്.

നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം പ്രചാരണം ആരംഭിക്കുമെന്ന് സംഘടനകള്‍ അറിയിച്ചു. ഖന്നയ്‌ക്കൊപ്പം കോണ്‍ഗ്രസ് അംഗം അലക്‌സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടസും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇരുവരില്‍ ഒരാളോ ഇരുവരുമോ മത്സരിച്ചാല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി രംഗത്ത് കൂടുതല്‍ ശക്തമായ പുരോഗമന ശബ്ദം ഉയര്‍ത്താനാകുമെന്നാണ് സംഘടനകളുടെ വാദം.

2028ലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി രംഗം രൂപപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടികയുടെ മുന്‍നിരയില്‍ ശക്തമായ പുരോഗമന നിലപാടുള്ള ഒരാള്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണെന്ന് സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ സ്ഥാപിത നേതൃത്വത്തെയും തങ്ങള്‍ വിശേഷിപ്പിക്കുന്ന 'ഇരുകക്ഷി കോര്‍പ്പറേറ്റ് രാഷ്ട്രീയത്തെയും' ചോദ്യം ചെയ്യാന്‍ തയ്യാറുള്ള നേതാക്കളാണ് ഖന്നയും ഒകാസിയോ-കോര്‍ട്ടസുമെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.

യുദ്ധം, പണപ്പെരുപ്പം, കോര്‍പ്പറേറ്റ് സ്വാധീനം, സര്‍ക്കാരിലെ ശതകോടീശ്വരന്മാരുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങളില്‍ വോട്ടര്‍മാരുടെ ആശങ്ക വര്‍ധിച്ചുവരികയാണെന്നും ആരോഗ്യപരിരക്ഷ, തൊഴില്‍, നിര്‍മിത ബുദ്ധി, സൈനിക ഇടപെടലുകള്‍, ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരുടെയും പുരോഗമന നിലപാടുകള്‍ 2028ലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇടം നേടണമെന്നും സംഘടനകള്‍ പറഞ്ഞു.

അതേസമയം, ഈ പ്രചാരണത്തെക്കുറിച്ച് ഖന്നയ്‌ക്കോ ഒകാസിയോ-കോര്‍ട്ടസിനോ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിട്ടില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. ഇരുവരുമായും എല്ലാ വിഷയങ്ങളിലും തങ്ങള്‍ക്ക് യോജിപ്പില്ലെന്നും എന്നാല്‍ ഒരാളോ ഇരുവരുമോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും സംഘടനകള്‍ അറിയിച്ചു.

പി ഡി എ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലന്‍ മിന്‍സ്‌കി 2026ലെ പ്രൈമറി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ ശക്തി പ്രകടമാക്കിയതായി പറഞ്ഞു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഡെമോക്രാറ്റിക് നേതാക്കളില്‍ ഭൂരിഭാഗവും മധ്യനിലപാടുള്ളവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴില്‍രംഗത്തെ സാധാരണ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കും കോര്‍പ്പറേറ്റ് സ്വാധീനത്തിനെതിരായ നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കുന്ന നേതൃത്വമാണ് ആവശ്യമെന്ന് റൂട്ട്‌സ് ആക്ഷന്‍ സീനിയര്‍ സ്ട്രാറ്റജിസ്റ്റ് ഇന്ത്യ വാള്‍ട്ടണും പറഞ്ഞു.

കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാധ്യതയുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ഒരാളായി റോ ഖന്നയുടെ പേര് ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ അദ്ദേഹം സ്വന്തം നിലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടില്ല.

2024ലെ തെരഞ്ഞെടുപ്പ് കാലയളവില്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ചുകൊണ്ട് ദേശീയതലത്തില്‍ ശ്രദ്ധ നേടിയ യുവ ഡെമോക്രാറ്റിക് നേതാക്കളില്‍ ഒരാളായി ഖന്ന മാറിയിരുന്നു. 2023ല്‍ തന്നെ ന്യൂ ഹാംഷെയറിലെ പ്രസിഡന്റ് പ്രൈമറി വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹം നിരവധി തവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഭാവിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഡെമോക്രാറ്റിക് നേതാക്കളുടെ പട്ടികയിലും അദ്ദേഹത്തിന്റെ പേര് ചര്‍ച്ച ചെയ്യപ്പെട്ടു.

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബേണി സാന്‍ഡേഴ്‌സിന്റെ മുതിര്‍ന്ന പ്രചാരണ നേതാക്കളിലൊരാളായും ഖന്ന പ്രവര്‍ത്തിച്ചിരുന്നു. പ്രൈമറി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പരിപാടികളിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ദേശീയതല ചുമതലകളിലൂടെയും അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന ഡെമോക്രാറ്റിക് നേതാക്കളില്‍ ഒരാളായും അടുത്തിടെ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നിരുന്നു.

അലക്‌സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടസിന്റെ പേരും 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2025ല്‍ കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയില്‍ സാധ്യതയുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ഒകാസിയോ-കോര്‍ട്ടസിനും ശ്രദ്ധേയമായ പിന്തുണ ലഭിച്ചതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മറ്റ് ചില സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ അവരെക്കാള്‍ മുന്നിലായിരുന്നു.

ഇരുസംഘടനകളും മുമ്പും സമാനമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തിയിട്ടുണ്ട്. 2013ല്‍ പ്രോഗ്രസീവ് ഡെമോക്രാറ്റ്‌സ് ഓഫ് അമേരിക്ക ആരംഭിച്ച 'റണ്‍, ബേണി, റണ്‍' പ്രചാരണമാണ് പിന്നീട് സ്വതന്ത്ര സെനറ്ററായിരുന്ന ബേണി സാന്‍ഡേഴ്‌സിനെ 2016ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം തേടാന്‍ പ്രേരിപ്പിച്ച പ്രചാരണങ്ങളില്‍ ഒന്നായി സംഘടന ചൂണ്ടിക്കാണിക്കുന്നത്.

റൂട്ട്‌സ് ആക്ഷന്‍ 2022 നവംബറില്‍ 'ഡോണ്‍ണ്ട് റണ്‍ ജോ' എന്ന പ്രചാരണം ആരംഭിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നായിരുന്നു അന്നത്തെ പ്രചാരണത്തിന്റെ ആവശ്യം.