വാഷിംഗ്ടണ്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായി അടിച്ചമര്‍ത്തുന്ന പശ്ചാത്തലത്തില്‍ വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മിഡില്‍ ഈസ്റ്റില്‍ നിരവധി ദിവസങ്ങള്‍ നീളുന്ന വ്യോമസേന അഭ്യാസം നടത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.
എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി യുദ്ധസംഘം മിഡില്‍ ഈസ്റ്റിലെത്തിയതായി അറിയിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. ഇതോടെ മേഖലയില്‍ അമേരിക്കയുടെ സൈനിക ശക്തി വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്.
അഭ്യാസം മിഡില്‍ ഈസ്റ്റിലുടനീളം യുദ്ധവിമാന ശക്തി വിന്യസിക്കാനും വ്യാപിപ്പിക്കാനും നിലനിര്‍ത്താനും കഴിയുന്ന അമേരിക്കയുടെ ശേഷി തെളിയിക്കുന്നതായിരിക്കുമെന്ന് മേഖലയിലെ അമേരിക്കന്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന യു എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ വ്യോമസേന വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
അഭ്യാസം ആരംഭിക്കുന്ന തിയ്യതിയോ കൃത്യമായ സ്ഥലമോ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്ക ആസ്ഥാനമായുള്ള ഒരു മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആറായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ, 17,000ലധികം മരണങ്ങള്‍ കൂടി സംഭവിച്ചതായി കരുതുന്നതായും അക്കാര്യം അന്വേഷിച്ചുവരികയാണെന്നും സംഘടന അറിയിച്ചു.
പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ അമേരിക്ക സൈനികമായി ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലതവണ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല രാജ്യത്തെ സ്ഥാപനങ്ങള്‍ കയ്യേറാന്‍ ട്രംപ് ഇറാനികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ മാസം ആദ്യം സൈനികാക്രമണത്തിന് ഉത്തരവിടുന്നതില്‍ നിന്ന് ട്രംപ് പിന്മാറി. വാഷിംഗ്ടണിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തെഹ്‌റാന്‍ 800ലധികം വധശിക്ഷകള്‍ നിര്‍ത്തിവെച്ചതായി അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
