ഖംനേയിയേയും മകനേയും മതപണ്ഡിതരേയും വധിക്കാനും യു എസിന് പദ്ധതി

ഖംനേയിയേയും മകനേയും മതപണ്ഡിതരേയും വധിക്കാനും യു എസിന് പദ്ധതി


വാഷിംഗ്ടണ്‍: തെഹ്‌റാനുമായുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നയതന്ത്ര മാര്‍ഗങ്ങള്‍ക്കപ്പുറം പോകുന്ന നീക്കങ്ങള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പരമോന്നത നേതാവ് അലി ഖംനേയിയേയും അദ്ദേഹത്തിന്റെ മകനെയും മതപണ്ഡിതരെയും ലക്ഷ്യമാക്കി നടപടികള്‍ ആലോചിക്കുന്നുവെന്നാണ് വിവരം.

ആക്‌സിയോസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ട്രംപ് നിരവധി സാധ്യതകള്‍ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതില്‍ ഇറാന്റെ പരമോന്നത നേതാവ് ഖാംനെയിയെയും അദ്ദേഹത്തിന്റെ അവകാശിയായ മകന്‍ മുജ്തബയെയും ലക്ഷ്യമാക്കുന്ന സാഹചര്യവും ഉള്‍പ്പെടുന്നുണ്ട്.

എല്ലാ സാഹചര്യങ്ങള്‍ക്കും തയ്യാറാക്കിയ പദ്ധതികള്‍ ഉണ്ടെന്ന് ഒരു മുതിര്‍ന്ന ട്രംപ് ഉപദേഷ്ടാവ് പ്രസ്താവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സാധ്യതയില്‍ ആയത്തൊള്ളയെയും അദ്ദേഹത്തിന്റെ മകനെയും മതപണ്ഡിതരെയും നീക്കം ചെയ്യുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പ്രസിഡന്റ് എന്ത് തിരഞ്ഞെടുക്കുമെന്ന് ആര്‍ക്കും അറിയില്ലെന്നും അവര്‍ക്കുതന്നെ ഇതുവരെ വ്യക്തമായിരിക്കണമെന്നില്ലന്നും ഉപദേഷ്ടാവ് കൂട്ടിച്ചേര്‍ത്തു.

ട്രംപ് ഭരണകൂടത്തിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഖാംനെയിയെയും മകന്‍ മുജ്തബയെയും ലക്ഷ്യമാക്കി തയ്യാറാക്കിയ പദ്ധതി ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ട്രംപിന് മുന്നില്‍ അവതരിപ്പിച്ചതായി സ്ഥിരീകരിച്ചു.

ട്രംപ് എല്ലാ വഴികളും തുറന്ന് വെച്ചിരിക്കുകയാണെന്നും ഏത് നിമിഷവും ആക്രമണ തീരുമാനം എടുക്കാമെന്നും ട്രംപ് ഭരണകൂടത്തിലെ മറ്റൊരു കേന്ദ്രം വ്യക്തമാക്കി. രാജ്യത്തിന്റെ ഉന്നത നേതൃത്വത്തെ നേരിട്ട് ലക്ഷ്യമാക്കുന്ന നടപടിയും അതില്‍ ഉള്‍പ്പെടാമെന്നാണ് സൂചന.

പത്തു മുതല്‍ 15 ദിവസത്തിനകം യു എസുമായി കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ പരിമിതമായ സൈനിക നടപടി പരിഗണിക്കുന്നുണ്ടെന്ന് ഫെബ്രുവരി 19നാണ് ട്രംപ് പറഞ്ഞത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ നേരിട്ടുള്ള ചോദ്യത്തിന് മറുപടിയായി താന്‍ അത് പരിഗണിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇതിനിടെ മധ്യപൂര്‍വേഷ്യയില്‍ യു എസ് സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കാന്‍ സമ്മര്‍ദ്ദമെന്ന നിലയിലാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 

ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറഘാചി കരാര്‍ കരടു പ്രമേയം ഏതാനും ദിവസങ്ങള്‍ക്കകം തയ്യാറാകാമെന്നും തെഹ്‌റാനില്‍ അന്തിമ അനുമതി ലഭിച്ച ശേഷം യു എസ് പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫിന് കൈമാറുമെന്നും വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടീകരണം പൂജ്യത്തിലേക്ക് കുറയ്ക്കണമെന്ന് വാഷിങ്ടണ്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. തങ്ങള്‍ യാതൊരു താത്കാലിക നിര്‍ത്തലും നിര്‍ദേശിച്ചിട്ടില്ലെന്നും യു എസ് ഭാഗം പൂജ്യ സമ്പുഷ്ടീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം യു എസ് ടി വി നെറ്റ്വര്‍ക്കായ എം എസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി ശാന്തിപൂര്‍ണ്ണമാണെന്നും എന്നും അങ്ങനെ തുടരുമെന്നും ഉറപ്പുവരുത്തുന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.