പാസ്‌പോർട്ട് എടുക്കാനുള്ള നടപടികൾ അടിമുടി മാറ്റി യുഎസ്; അടുത്ത വർഷം മുതൽ നടപടിക്രമങ്ങൾ എളുപ്പമായേക്കും

പാസ്‌പോർട്ട് എടുക്കാനുള്ള നടപടികൾ അടിമുടി മാറ്റി യുഎസ്; അടുത്ത വർഷം മുതൽ നടപടിക്രമങ്ങൾ എളുപ്പമായേക്കും


പാസ്‌പോർട്ടിന് അപേക്ഷിക്കുന്നത് ആവേശകരവും അതേസമയം അല്പം മടുപ്പിക്കുന്നതുമായ ഒരു കാര്യമാണ്. നേരിട്ട് ഹാജരാകേണ്ടതടക്കം പല ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ട നിലവിലെ അപേക്ഷാ നടപടികൾ ലഘൂകരിക്കാനുള്ള പദ്ധതികളാണ് യുഎസ് സർക്കാർ ഈ ആഴ്ച പ്രഖ്യാപിച്ചത്. യുഎസ് പാസ്‌പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വരും വർഷങ്ങളിൽ കൂടുതൽ എളുപ്പമാകും.

അടുത്ത വർഷം മുതൽ യാത്രക്കാർക്ക് ഓൺലൈനായി അപേക്ഷിക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അടുത്ത വർഷം എപ്പോൾ എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. പല സാഹചര്യങ്ങളിലും ഇപ്പോൾ തന്നെ പാസ്‌പോർട്ട് ഓൺലൈനായി പുതുക്കാൻ സാധിക്കുന്നുണ്ട്. നിലവിൽ പാസ്‌പോർട്ട് പുതുക്കാൻ (Passport Renewal) ഓൺലൈൻ സംവിധാനമുണ്ടെങ്കിലും, ആദ്യമായി അപേക്ഷിക്കുന്നവർ (First-time applicants) നേരിട്ട് ഓഫീസുകളിൽ പോകണമായിരുന്നു. എന്നാൽ 2027 മുതൽ ആദ്യമായി പാസ്‌പോർട്ട് എടുക്കുന്നവർക്കും പൂർണ്ണമായി ഓൺലൈനായി അപേക്ഷിക്കാം. പുതുതായി ആരംഭിച്ച AI അധിഷ്ഠിത പോർട്ടലായ America.gov വഴി അപേക്ഷ സമർപ്പിക്കാം.

മറ്റൊരു പ്രധാന മാറ്റം കൂടി വരുന്നുണ്ട്: ഇനി കടകളിൽ പോയി പാസ്‌പോർട്ട് ഫോട്ടോ എടുക്കേണ്ടതില്ല. നിങ്ങൾക്ക് സ്വന്തമായി ഒരു സെൽഫി എടുക്കാവുന്നതാണ്. കടകളിൽ പോയി എടുക്കുന്ന ഫോട്ടോകളെ 'ബന്ദിയാക്കപ്പെട്ടവരുടെ ഫോട്ടോകൾ' (hostage photos) എന്നാണ് റൂബിയോ തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചത്. "50 വയസ്സ് കുറച്ച് കാണിക്കുന്ന ഫിൽട്ടറുകൾ ഇതിനായി ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല; എങ്കിലും, വീട്ടിലിരുന്ന് സൗകര്യപ്രദമായി ഫോണിൽ സ്വന്തം ചിത്രം പകർത്താനോ അല്ലെങ്കിൽ സ്വന്തം ഉപകരണത്തിൽ നിന്ന് നേരിട്ട് ഫോട്ടോ അപ്‌ലോഡ് ചെയ്യാനോ നിങ്ങൾക്ക് സാധിക്കും," അദ്ദേഹം പറഞ്ഞു.

ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്—ഇപ്പോൾ 2026 ആയതും മിക്ക കാര്യങ്ങളും ഓൺലൈനായി ചെയ്യാൻ കഴിയുന്നതും കൂടാതെ—യാത്രക്കാരെ സങ്കീർണ്ണമായ അപേക്ഷാ നടപടികളിലൂടെ സഹായിക്കാനെന്ന പേരിൽ ഉയർന്നുവന്ന ചെലവേറിയ പാസ്‌പോർട്ട് സേവനങ്ങളാണ്. പാസ്‌പോർട്ട് നടപടിക്രമങ്ങളുടെ ഓരോ ഘട്ടത്തിലും പണം തട്ടാൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ വ്യവസായം തന്നെ ഇന്ന് നിലവിലുണ്ടെന്ന് റൂബിയോ പറഞ്ഞു. ഇത്തരം സ്പോൺസർ ചെയ്ത പരസ്യങ്ങളിൽ കുടുങ്ങിപ്പോയ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമായിരിക്കാം, അല്ലെങ്കിൽ ലാഭമുണ്ടാക്കാൻ പ്രവർത്തിക്കുന്ന കമ്പനികൾ വഴി നിങ്ങൾ തന്നെ അപേക്ഷിച്ചിട്ടുണ്ടാകാം.

പുതിയ സംവിധാനത്തിൽ അപേക്ഷയുടെ നിലവിലെ അവസ്ഥ (status) തത്സമയം അറിയാനുള്ള സൗകര്യവും ഉണ്ടാകും. അതിനാൽ, വിദേശയാത്രയ്ക്ക് മുമ്പ് പാസ്‌പോർട്ട് എത്തിയോ എന്നറിയാൻ നിരന്തരം മെയിൽബോക്സ് പരിശോധിക്കേണ്ടി വരില്ല. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക. ഇപ്പോൾ സാധുതയുള്ള (Valid) യുഎസ് പാസ്‌പോർട്ട് ഉണ്ടെങ്കിൽ ഈ മാറ്റങ്ങൾ ഓർത്ത് ആശങ്കപ്പെടേണ്ടതില്ല. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി (Expiration date) തീരുന്നത് വരെ നിലവിലെ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാം. കാലാവധി കഴിഞ്ഞതിന് ശേഷം പുതുക്കുമ്പോൾ മാത്രമേ പുതിയ ഡിസൈനിലുള്ള പാസ്‌പോർട്ട് ലഭിക്കുകയുള്ളൂ. 

2028-ഓടെ യുഎസ് പാസ്‌പോർട്ടിന്റെ ഡിസൈൻ പൂർണ്ണമായി പരിഷ്കരിക്കും. “ഫ്ലൈറ്റ് ഓഫ് ദി ഈഗിൾ” (Flight of the Eagle) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഡിസൈനിൽ താഴെ പറയുന്ന പ്രത്യേകതകൾ ഉണ്ടായിരിക്കും. പാസ്‌പോർട്ടിന്റെ കവറിലെ ദേശീയ ചിഹ്നമായ കഴുകന്റെ ചിത്രം കൂടുതൽ വലുതും സ്വർണ്ണ നിറത്തിലുള്ളതുമാക്കും. പാസ്‌പോർട്ട് പേജുകൾ വേഗത്തിൽ മറിക്കുമ്പോൾ കഴുകൻ പറക്കുന്നതുപോലെയുള്ള ഒരു ആനിമേഷൻ ഫീൽ (Flipbook animation) ഇതിൽ ഉൾപ്പെടുത്തും. അമേരിക്കൻ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചിത്രങ്ങൾ ഉള്ളിലെ പേജുകളിൽ നൽകും. പേജുകളുടെ എണ്ണം സാധാരണ 26-ൽ നിന്ന് 38 ആയി വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.