ട്രംപിന്റെ വെനിസ്വേല റെയ്ഡ്: മുന്‍കൂര്‍ അറിവുണ്ടായിട്ടും മൗനം പാലിച്ച് യുഎസ് മാധ്യമങ്ങള്‍

ട്രംപിന്റെ വെനിസ്വേല റെയ്ഡ്: മുന്‍കൂര്‍ അറിവുണ്ടായിട്ടും മൗനം പാലിച്ച് യുഎസ് മാധ്യമങ്ങള്‍


വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം വെനിസ്വേലയിലെത്തി രഹസ്യ സൈനിക ഓപ്പറേഷന്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളായ ദി ന്യൂയോര്‍ക്ക് ടൈംസ്, ദി വാഷിംഗ്്ടണ്‍ പോസ്റ്റ് എന്നിവയ്ക്ക് ദൗത്യത്തെക്കുറിച്ച് മുന്‍കൂര്‍ വിവരമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, യുഎസ് സൈനികരുടെ സുരക്ഷയെ മുന്‍നിര്‍ത്തി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി മാറ്റിവെക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ തീരുമാനിച്ചതായി അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റ് സെമഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭരണകൂടവും മാധ്യമസ്ഥാപനങ്ങളുമായുള്ള ആശയവിനിമയങ്ങളെക്കുറിച്ച് അറിയാവുന്ന വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. രഹസ്യ ഓപ്പറേഷനുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ദൗത്യത്തിന് മുമ്പ് തന്നെ ഇരുപത്രങ്ങളിലെയും മുതിര്‍ന്ന എഡിറ്റര്‍മാര്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ ആന്തരിക ചര്‍ച്ചകള്‍ക്കുശേഷമാണ്, സൈനികരുടെ ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍, പ്രത്യേകിച്ച് ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍, മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. സമീപകാലത്ത് ട്രംപും മുഖ്യധാരാ മാധ്യമങ്ങളും തമ്മില്‍ കടുത്ത ഏറ്റുമുട്ടല്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കം എന്നതിനാല്‍, സംഭവത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നു.

ശനിയാഴ്ച അപ്രതീക്ഷിതമായി യുഎസ് വെനിസ്വേലയിലെ തലസ്ഥാനമായ കാരക്കസില്‍ സൈനികാക്രമണം നടത്തി, രാജ്യത്തിന്റെ ഇരിപ്പിടത്തിലുള്ള പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും കസ്റ്റഡിയിലെടുത്തത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. നടപടി 'നാര്‍ക്കോ ടെറര്‍ നെറ്റ്‌വര്‍ക്ക്' തകര്‍ക്കാനാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും യുദ്ധപ്രഖ്യാപനത്തിന് തുല്യമാണെന്നും കാരക്കസ് ആരോപിച്ചു.

മഡൂറോ അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നതില്‍ പങ്കാളിയാണെന്ന് ചൂണ്ടിക്കാട്ടി മാസങ്ങളായി യുഎസ് ഭരണകൂടം വിമര്‍ശനം ശക്തമാക്കിയിരുന്നു. കരീബിയന്‍ മേഖലയില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും, മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നാരോപിച്ച് കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

ഓപ്പറേഷനുശേഷം, മഡൂറോയെ അധികാരത്തില്‍ നിന്ന് നീക്കിയതായി ട്രംപ് പ്രഖ്യാപിച്ചു. 'സുരക്ഷിതവും ക്രമബദ്ധവുമായ അധികാരമാറ്റം സാധ്യമാകുന്നതുവരെ രാജ്യം ഞങ്ങള്‍ നിയന്ത്രിക്കും,' എന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പുറത്തുവിട്ട കുറ്റപത്രത്തില്‍, മഡൂറോയും ഭാര്യയും മകനും മറ്റ് മൂന്ന് പേരും പ്രതികളാണ്. നാര്‍ക്കോടെററിസം ഗൂഢാലോചന, കൊക്കെയ്ന്‍ കടത്തല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുഎസിന്റെ നടപടി വെനിസ്വേലയിലെ എണ്ണശേഖരങ്ങളും പ്രകൃതി വിഭവങ്ങളും കൈവശപ്പെടുത്താനുള്ള ശ്രമമാണെന്ന് വെനിസ്വേല പ്രതികരിച്ചു.