വാഷിംഗ്ടണ്‍: വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ മറിനെറ അമേരിക്കന്‍ സേന പിടിച്ചെടുത്തതായി യു എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കപ്പലില്‍ കയറുന്ന ദൗത്യത്തിനായി യു എസ് സൈന്യത്തിന്റെ 160-ാം സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഏവിയേഷന്‍ റെജിമെന്റും വ്യോമസേനാ വിഭാഗങ്ങളും നേരത്തെ യുണൈറ്റഡ് കിംഗ്ഡത്തില്‍ വിന്യസിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റോയിറ്റേഴ്‌സും വാള്‍ സ്ട്രീറ്റ് ജേര്‍ണലും റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം, യു എസ് സൈന്യവും യു എസ് കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് കപ്പലില്‍ കയറുന്ന നടപടി പൂര്‍ത്തിയാക്കിയത്.
യു എസ്, മറ്റ് രാജ്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ലംഘിച്ച് റഷ്യ, ഇറാന്‍, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ക്ക് എണ്ണ കടത്തുന്നതായി ആരോപിക്കപ്പെടുന്ന 'ഷാഡോ ഫ്‌ളീറ്റ്' കപ്പലുകളില്‍ ഒന്നാണ് ഇത്. ഡിസംബര്‍ 20-ന് വെനിസ്വേലയിലേക്ക് നീങ്ങവേ കോസ്റ്റ് ഗാര്‍ഡ് കപ്പലില്‍ കയറാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് കപ്പല്‍ യൂറോപ്പിലേക്ക് തിരിഞ്ഞെങ്കിലും തടയാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു.
മറിനെറയ്ക്ക് അകമ്പടിയായി റഷ്യന്‍ നാവികസേന ഒരു സബ്മറീനടക്കം കപ്പലുകള്‍ വിന്യസിച്ചിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡിംഗ് നടന്ന സമയത്ത് റഷ്യന്‍ നാവിക കപ്പലുകള്‍ സമീപത്തുണ്ടായിരുന്നുവെന്ന് റോയിറ്റേഴ്‌സും അറിയിച്ചു.
കപ്പല്‍ ഇനി എവിടേക്ക് കൊണ്ടുപോകുമെന്നതും അതിന്റെ അന്തിമ ഗതിയും ഇതുവരെ വ്യക്തമല്ല. സംഭവവികാസങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
