ഇറാന്‍ ബന്ധമുള്ള ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ യു എസ് സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്

ഇറാന്‍ ബന്ധമുള്ള ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ യു എസ് സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്


വാഷിംഗ്ടണ്‍: ഇറാനുമായി ബന്ധമുള്ള എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും പിടിച്ചെടുക്കാന്‍ യു എസ് സൈന്യം തയ്യാറെടുക്കുന്നതായി ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര കടല്‍ ഭാഗങ്ങളില്‍ തന്നെ ഈ നടപടികള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതോടെ മിഡില്‍ ഈസ്റ്റിനു പുറത്തേക്കും യു എസിന്റെ നാവിക നടപടി വ്യാപിപ്പിക്കാനാണ് നീക്കം.

റിപ്പോര്‍ട്ടിന് അനുസരിച്ച്, പേര്‍ഷ്യന്‍ ഗള്‍ഫിന് പുറത്തും ഇറാനിയന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന കപ്പലുകളും ഇറാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കപ്പലുകളും യു എസ് ലക്ഷ്യമിടും. ലോകവ്യാപകമായി ഇറാനുമായി ബന്ധപ്പെട്ട കടല്‍ ഗതാഗതത്തെ നിയന്ത്രിക്കാന്‍ ശ്രമം ശക്തമാകുന്നതായാണ് സൂചന.

ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സൈന്യം നിയന്ത്രണം ശക്തമാക്കുകയും ശനിയാഴ്ച നിരവധി വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തു. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനെ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാക്കാനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങള്‍. കടലിടുക്ക് വീണ്ടും തുറക്കാനും ആണവ പദ്ധതിയില്‍ ഇളവുകള്‍ വരുത്താനും ഇറാനെ നിര്‍ബന്ധിതമാക്കുക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറാന്‍ ഉയര്‍ന്ന സമ്പുഷ്ട യൂറേനിയം ശേഖരം യു എസിന് കൈമാറാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞുവെങ്കിലും ഈ അവകാശവാദം തെഹ്റാന്‍ നിഷേധിച്ചു.

യു എസ് സെന്‍ട്രല്‍ കമാന്റ് അനുസരിച്ച് ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെടാന്‍ ശ്രമിച്ച 23 കപ്പലുകള്‍ നാവിക ഉപരോധത്തിന്റെ ഭാഗമായി തിരിച്ചയച്ചിട്ടുണ്ട്. ഈ നീക്കം ശക്തമാകുന്നതോടെ ലോകമെമ്പാടുമുള്ള ഇറാന്‍ ബന്ധമുള്ള കപ്പലുകള്‍ യു എസ് നിയന്ത്രണത്തിലാക്കാന്‍ സാധ്യതയുണ്ട്.

ഇറാന്‍ പതാകയുള്ളതോ ഇറാനെ പിന്തുണയ്ക്കുന്നതോ ആയ ഏതൊരു കപ്പലിനെയും യു എസ് പിന്തുടരുമെന്ന് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയിന്‍ വ്യക്തമാക്കി.

ട്രംപ് ഭരണകൂടം ഇക്കണോമിക് ഫ്യൂറി എന്ന് വിശേഷിപ്പിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍. ഈ നീക്കങ്ങള്‍ സമാധാന കരാറിലേക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

യു എസ്- ഇറാന്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ അടുത്ത ആഴ്ച അവസാനിക്കാനിരിക്കെ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നത് നിര്‍ണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. 

സംഭാഷണം പരാജയപ്പെട്ടാല്‍ സൈനിക നടപടികള്‍ വീണ്ടും ആരംഭിക്കാന്‍ യു എസ് സേന പൂര്‍ണ്ണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.