വാഷിങ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന 2026ലെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരായ നിരവധി സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്. ടെക്‌സസ്, ഫ്‌ലോറിഡ, അരിസോണ, ഒഹായോ, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലെ വിവിധ രാഷ്ട്രീയ പദവികളിലേക്കാണ് ഇവര്‍ ജനവിധി തേടുന്നത്. ജനപ്രതിനിധിസഭ, സംസ്ഥാന നിയമസഭ, ഗവര്‍ണര്‍, അറ്റോര്‍ണി ജനറല്‍, മേയര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നാലുവര്‍ഷ ഭരണകാലത്തിന്റെ മധ്യത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാണിത്. ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 35 സീറ്റുകളിലേക്കും 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ ഇരുസഭകളിലും നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. തിരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണകൂടത്തിന്റെ തുടര്‍നയങ്ങളെയും നിയമനിര്‍മാണ ശേഷിയെയും നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും.
ടെക്‌സസില്‍ പൂജ സേത്തിയും സന്ദീപ് ശ്രീവാസ്തവയും
ടെക്‌സസ് ഹൗസ് ഡിസ്ട്രിക്ട് 47ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ പൂജ സേത്തിയാണ് മത്സരിക്കുന്നത്. വിജയിച്ചാല്‍ ടെക്‌സസ് നിയമസഭയിലെത്തുന്ന ആദ്യ ഹിന്ദു, ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വ്യക്തി എന്ന നേട്ടം സ്വന്തമാക്കാന്‍ സേത്തിക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടെക്‌സസ് ഹൗസ് ഡിസ്ട്രിക്ട് 66ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സന്ദീപ് ശ്രീവാസ്തവ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മാറ്റ് ഷഹീനെയാണ് നേരിടുന്നത്. 2024ലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കീത്ത് സെല്‍ഫിനോട് പരാജയപ്പെട്ട ശ്രീവാസ്തവയ്ക്ക് ഇത്തവണയും കടുത്ത മത്സരം നേരിടേണ്ടിവരും.
ഫ്‌ലോറിഡയില്‍ പിയ ദണ്ഡിയ
ഫ്‌ലോറിഡയിലെ 22ാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി പിയ ദണ്ഡിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കേസി അസ്‌കറുമായി ഏറ്റുമുട്ടുന്നു. ഈ മത്സരത്തെ കടുത്ത പോരാട്ടമായാണ് പ്രവചന ഏജന്‍സികള്‍ വിലയിരുത്തുന്നത്. ചില ഏജന്‍സികള്‍ ദണ്ഡിയയ്ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ മറ്റുചിലര്‍ അസ്‌കറിനാണ് വിജയസാധ്യത കല്‍പ്പിക്കുന്നത്.
അരിസോണയില്‍ അമിഷ് ഷാ
അരിസോണയിലെ ഒന്നാം കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി അമിഷ് ഷാ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെയ് ഫീലിക്കെതിരെയാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവചന ഏജന്‍സികളുടെ വിലയിരുത്തലുകളില്‍ ഈ മണ്ഡലത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ചില ഏജന്‍സികള്‍ ഡെമോക്രാറ്റുകള്‍ക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ മറ്റുചിലര്‍ മത്സരം പ്രവചനാതീതമാണെന്നാണ് വിലയിരുത്തുന്നത്.
ഒഹായോയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിവേക് രാമസ്വാമി
ഇന്ത്യന്‍ വംശജനായ റിപ്പബ്ലിക്കന്‍ നേതാവ് വിവേക് രാമസ്വാമി ഒഹായോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആമി ആക്ടനാണ് എതിരാളി. സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൊന്നായി ഈ മത്സരം ശ്രദ്ധ നേടുന്നുണ്ട്. രാമസ്വാമിയുമായി സംവാദത്തില്‍ പങ്കെടുക്കില്ലെന്ന ആക്ടന്റെ നിലപാടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കില്‍ സരിത കൊമതിരെട്ടി
ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി സരിത കൊമതിരെട്ടി നിലവിലെ അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിനെ നേരിടുന്നു. കൊമതിരെട്ടിയുടെ പ്രചാരണസംഘം നടത്തിയ സര്‍വേയിലും സെപ്റ്റംബറില്‍ സിയേന നടത്തിയ സ്വതന്ത്ര സര്‍വേയിലും ജെയിംസിനാണ് മുന്‍തൂക്കം ലഭിച്ചത്. ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ 24ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കും.
ലോസ് ആഞ്ചലസില്‍ നിത്യ രാമന്‍
ലോസ് ആഞ്ചലസ് മേയര്‍ സ്ഥാനത്തേക്ക് നിലവിലെ മേയര്‍ കാരന്‍ ബാസിനെതിരെ നിത്യ രാമന്‍ മത്സരിക്കുന്നു. ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം ശ്രദ്ധേയമാകുന്ന മറ്റൊരു പോരാട്ടമാണിത്. ലോസ് ആഞ്ചലസ് കൗണ്ടിയിലെ വോട്ടിങ് കേന്ദ്രങ്ങള്‍ ഒക്ടോബര്‍ 24ന് തുറക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ നിയന്ത്രണം നിര്‍ണായകം
നിലവില്‍ ജനപ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 219 സീറ്റുകളും ഡെമോക്രാറ്റുകള്‍ക്ക് 214 സീറ്റുകളുമാണുള്ളത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. സെനറ്റില്‍ 100ല്‍ 53 സീറ്റുകളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം തിരിച്ചുപിടിക്കാന്‍ ഡെമോക്രാറ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് ചില രാഷ്ട്രീയ പ്രവചനങ്ങള്‍. എന്നാല്‍ സെനറ്റിലെ മത്സരം കൂടുതല്‍ കടുപ്പമേറിയതായാണ് വിലയിരുത്തല്‍.
പ്രസിഡന്റ് ഭരിക്കുന്ന പാര്‍ട്ടിക്ക് ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുന്നത് പതിവാണെന്ന ചരിത്രവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികളുടെ പ്രകടനവും തിരഞ്ഞെടുപ്പ് ഫലത്തില്‍ അവര്‍ക്ക് നേടാനാകുന്ന വിജയങ്ങളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍അമേരിക്കന്‍ സമൂഹത്തിന്റെ സ്വാധീനം വിലയിരുത്തുന്നതില്‍ പ്രധാനമാകും.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: പൂജ സേത്തി മുതല്‍ വിവേക് രാമസ്വാമി വരെ; മത്സരരംഗത്ത് ഇന്ത്യന്‍ വംശജര്‍
