വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വിവാദ 'ആന്റിവെപ്പണൈസേഷൻ ഫണ്ട്' പദ്ധതിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി അമേരിക്കൻ ഫെഡറൽ കോടതി. ഏകദേശം 1.8 ബില്യൺ ഡോളർ ചെലവിൽ രൂപീകരിക്കാനിരുന്ന ഫണ്ടിന്റെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കാനാണ് വെർജീനിയയിലെ യു.എസ്. ജില്ലാ ജഡ്ജി ലിയോണി ബ്രിങ്കെമ ഉത്തരവിട്ടത്. ജൂൺ 12 വരെ ഉത്തരവ് പ്രാബല്യത്തിൽ തുടരും.
ട്രംപിനെതിരായ അന്വേഷണങ്ങളും കേസുകളും രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ 'സർക്കാർ സംവിധാനത്തിന്റെ ദുരുപയോഗത്തിനിരയായവർക്ക്' നഷ്ടപരിഹാരം നൽകാനെന്ന പേരിലാണ് ഫണ്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച ട്രംപിന്റെ നികുതി വിവര ചോർച്ചയുമായി ബന്ധപ്പെട്ട ഐആർഎസ് കേസിലെ ഒത്തുതീർപ്പിന്റെ ഭാഗമായാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഫണ്ട് രൂപീകരണ പ്രഖ്യാപനം നടത്തിയത്.
അഞ്ചംഗ കമ്മിഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കാനിരുന്ന ഫണ്ടിലൂടെ 'ലോഫെയർ', 'വെപ്പണൈസേഷൻ' എന്നിവയുടെ ഇരകളായവർക്കു പണം നൽകാനായിരുന്നു പദ്ധതി. എന്നാൽ ഇത് ട്രംപിന്റെ രാഷ്ട്രീയ അനുയായികൾക്കുള്ള 'രഹസ്യ ധനസഹായ പദ്ധതി' ആണെന്ന വിമർശനമാണ് ശക്തമായത്. 2021 ജനുവരി 6ലെ കാപിറ്റോൾ ആക്രമണക്കേസിൽ പ്രതികളായ ചിലർക്കും ഈ ഫണ്ടിൽ നിന്ന് സഹായം ലഭിക്കാമെന്ന ആശങ്ക റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും പ്രതിഷേധമുണ്ടാക്കി.
ട്രംപ് - വാൻസ് ഭരണകൂടത്തിന്റെ രാഷ്ട്രീയ എതിരാളികളായി ലക്ഷ്യമിട്ടുവെന്ന്് ആരോപിച്ച് ചിലർ നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. ഫണ്ടിൽ നിന്ന് തങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ലെന്നും, പൊതുപണം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വിനിയോഗിക്കുകയാണെന്നും ഹർജിക്കാർ ആരോപിച്ചു.
'നിയമ വാഴ്ചയുടെയും ജനാധിപത്യത്തിന്റെയും വിജയമാണിത്,' എന്ന് ഹർജി നൽകിയ സംഘടനയായ ഡെമോക്രസി ഫോർവേഡിന്റെ തലവൻ സ്‌കൈ പെരിമാൻ പ്രതികരിച്ചു. 'രാഷ്ട്രീയ പുരസ്‌കാര പദ്ധതികൾക്കായി പൊതുപണം ഉപയോഗിക്കാൻ ഒരു ഭരണകൂടത്തിനും അധികാരമില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നഷ്ടപരിഹാരം നൽകുന്നതിൽ രാഷ്ട്രീയ വിവേചനം ഉണ്ടാകില്ലെന്നാണ് യു.എസ്. ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചിന്റെ വിശദീകരണം. ഫണ്ടിനെതിരേ അമേരിക്കയിൽ ഇതിനകം മൂന്ന് കേസുകളാണ് കോടതിയിൽ എത്തിയിരിക്കുന്നത്.
ട്രംപിന്റെ 1.8 ബില്യൺ ഡോളർ 'വെപ്പണൈസേഷൻ ഫണ്ട്' താൽക്കാലികമായി തടഞ്ഞ് യുഎസ് കോടതി
