ഡിസംബറില്‍ യു എസ് തൊഴില്‍ വളര്‍ച്ച മന്ദഗതിയില്‍; തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായി താഴ്ന്നു

ഡിസംബറില്‍ യു എസ് തൊഴില്‍ വളര്‍ച്ച മന്ദഗതിയില്‍; തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായി താഴ്ന്നു


വാഷിംഗ്ടണ്‍: നിര്‍മ്മാണം, റീട്ടെയില്‍, ഉത്പാദന മേഖലകളിലുണ്ടായ ജോലി നഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ അമേരിക്കയിലെ തൊഴില്‍ വളര്‍ച്ച പ്രതീക്ഷിച്ചതിലും കൂടുതല്‍ മന്ദഗതിയിലായതായി ഔദ്യോഗിക കണക്ക്. അതേസമയം, തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായി താഴ്ന്നത് തൊഴില്‍ വിപണി വേഗത്തില്‍ ദുര്‍ബലമാകുന്നില്ലെന്ന സൂചന നല്‍കുന്നു.
വെള്ളിയാഴ്ച തൊഴില്‍ വകുപ്പ് പുറത്തിറക്കിയ തൊഴില്‍ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ മാസം വേതനവര്‍ധനയും ശക്തമായിരുന്നുവെന്ന് വ്യക്തമാക്കി. ഇതോടെ ജനുവരി 27, 28 തിയ്യതികളില്‍ നടക്കുന്ന യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ ശക്തമായി.
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കടുത്ത വ്യാപാര, കുടിയേറ്റ നയങ്ങളാണ് തൊഴില്‍ വളര്‍ച്ച മന്ദഗതിയിലാകാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഈ നയങ്ങള്‍ തൊഴിലാളികളുടെ ആവശ്യവും ലഭ്യതയും കുറച്ചുവെന്നാണ് അവരുടെ അഭിപ്രായം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനിടെ ഭാവിയിലെ തൊഴിലാളി ആവശ്യകത വ്യക്തമല്ലാത്തതിനാല്‍ സ്ഥാപനങ്ങള്‍ നിയമനം കുറയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പദ്വ്യവസ്ഥ 'ജോലിയില്ലാത്ത വളര്‍ച്ച' എന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും മൂന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയും തൊഴിലാളി ഉത്പാദനക്ഷമതയും കുതിച്ചുയര്‍ന്നതില്‍ എ ഐയ്ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എല്ലാ സൂചനകളും തൊഴിലില്ലായ്മ നിരക്കിലേക്കാണ് നയിക്കുന്നത്. ഇത് തൊഴില്‍ വിപണി ദുര്‍ബലമാകുന്നുവെന്ന ആശങ്കയില്‍ ഫെഡറല്‍ റിസര്‍വിന്റെ അടിയന്തര ഇടപെടല്‍ സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സിലെ യു എസ് സാമ്പത്തിക ഗവേഷണ വിഭാഗം മേധാവി ഒലു സോണോള പറഞ്ഞു. എന്നാല്‍, ദുര്‍ബലമായ തൊഴില്‍വളര്‍ച്ചയെ അവഗണിക്കാനാവില്ല. നിയമനം ഇപ്പോഴും മന്ദഗതിയിലാണ്, സാമ്പത്തിക ചക്രവുമായി ബന്ധപ്പെട്ട മേഖലകളിലെ ജോലി വര്‍ധന ആശ്വാസകരമായ സൂചന നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം, നവംബറിലെ തിരുത്തിയ 56,000 ജോലി വര്‍ധനയ്ക്ക് ശേഷം ഡിസംബറില്‍ നോണ്‍-ഫാം പേറോളുകള്‍ 50,000 മാത്രമാണ് വര്‍ധിച്ചത്. റോയിറ്റേഴ്സ് നടത്തിയ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധര്‍ നവംബറിലെ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത 64,000 വര്‍ധനയെ അടിസ്ഥാനമാക്കി ഡിസംബറില്‍ 60,000 പുതിയ ജോലികള്‍ പ്രതീക്ഷിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം തൊഴില്‍ വിപണി ഗണ്യമായി മന്ദഗതിയിലായി. ആകെ 5.84 ലക്ഷം ജോലികള്‍ മാത്രമാണ് വര്‍ഷം മുഴുവന്‍ സൃഷ്ടിക്കപ്പെട്ടത്-  മാസശരാശരി 49,000 ജോലി. 2024ല്‍ ഏകദേശം 20 ലക്ഷം ജോലികള്‍ സൃഷ്ടിക്കപ്പെട്ടിരുന്നുവെങ്കിലും അടുത്ത മാസം ജനുവരി തൊഴില്‍ റിപ്പോര്‍ട്ടിനൊപ്പം ബി എല്‍ എസ് പ്രസിദ്ധീകരിക്കുന്ന പേറോള്‍സ് ബെഞ്ച്മാര്‍ക്ക് തിരുത്തലില്‍ ഈ കണക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2025 മാര്‍ച്ച് വരെ ഉള്ള 12 മാസക്കാലയളവില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ ഏകദേശം 9.11 ലക്ഷം കുറവ് ജോലികളാണ് യഥാര്‍ഥത്തില്‍ സൃഷ്ടിക്കപ്പെട്ടതെന്ന് ബി എല്‍ എസ് കണക്കാക്കുന്നു. കമ്പനികള്‍ തുറക്കുന്നതും അടയ്ക്കുന്നതും അടിസ്ഥാനമാക്കി ജോലി നഷ്ടമോ വര്‍ധനയോ കണക്കാക്കാന്‍ ഉപയോഗിക്കുന്ന 'ബര്‍ത്ത്-ഡെത്ത് മോഡല്‍' മൂലമാണ് ഈ അധിക കണക്കെടുപ്പ് സംഭവിച്ചതെന്നാണ് വിശദീകരണം.
ജനുവരി മുതല്‍ ഓരോ മാസവും നിലവിലെ സാമ്പിള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബര്‍ത്ത്-ഡെത്ത് മോഡല്‍ പരിഷ്‌കരിക്കുമെന്ന് ബി എല്‍ എസ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.