വാഷിംഗ്ടണ്‍: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തിയതും കാരണം ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കും ടെലികമ്മ്യൂണിക്കേഷന്‍ മേഖലാ നിര്‍വാഹകര്‍ക്കുമെതിരെ അമേരിക്ക വിസാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ തെഹ്റാനിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ 18 ഇറാനിയന്‍ ഉദ്യോഗസ്ഥരെയും ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായത്തിലെ പ്രമുഖരെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയും ലക്ഷ്യമിടുന്നതായി വ്യക്തമാക്കി. ഇറാനിയന്‍ പൗരന്മാരുടെ സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന്റെയും സമാധാനപരമായ കൂട്ടായ്മകളുടെയും അവകാശത്തെ തടസ്സപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ നടപടിയെന്ന് പ്രസ്താവനയില്‍ അറിയിച്ചു.
ഇറാനിലെ ഭരണകൂടം പൗരന്മാര്‍ക്ക് അവരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ വിനിയോഗിക്കാന്‍ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയില്‍ പറഞ്ഞു. ഇറാനിയന്‍ ഭരണകൂട ഉദ്യോഗസ്ഥരും മറ്റു വ്യക്തികളും നടത്തിയ ദുരുപയോഗങ്ങള്‍ക്ക് ഉത്തരവാദിത്തം ഉറപ്പാക്കാനും അവ പുറത്തുകൊണ്ടുവരാനും ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിസാ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനിലെ കടുത്ത നടപടികളുമായി ബന്ധപ്പെട്ട് വ്യോമാക്രമണ ഭീഷണി മുഴക്കിയിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടും ബാലിസ്റ്റിക് മിസൈല്‍ പരിപാടി ഉള്‍പ്പെടെ മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
