കാലിഫോർണിയയിലെ വനത്തിൽ യുഎസ് ഫോറസ്റ്റ് സർവീസ് ജീവനക്കാരെ തോക്കുചൂണ്ടി മണിക്കൂറുകളോളം ബന്ദികളാക്കി

കാലിഫോർണിയയിലെ വനത്തിൽ യുഎസ് ഫോറസ്റ്റ് സർവീസ് ജീവനക്കാരെ തോക്കുചൂണ്ടി മണിക്കൂറുകളോളം ബന്ദികളാക്കി


കാലിഫോർണിയ: വടക്കൻ കാലിഫോർണിയയിലെ വനമേഖലയിൽ തോക്കുധാരിയായ ഒരാളുടെ പിടിയിലായി മണിക്കൂറുകളോളം കഴിഞ്ഞിരുന്ന യുഎസ് ഫോറസ്റ്റ് സർവീസിലെ രണ്ട് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സുരക്ഷിതരായി മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഷാസ്റ്റ-ട്രിനിറ്റി നാഷണൽ ഫോറസ്റ്റിലെ ഉൾപ്രദേശത്തുവെച്ചാണ് സംഭവം. ഒരാൾ തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ വിവരം യുഎസ് ഫോറസ്റ്റ് സർവീസ് സിസ്കിയൂ കൗണ്ടി ഷെരീഫിന്റെ ഓഫീസിനെ അറിയിച്ചതോടെയാണ് വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 10.55-ഓടെ സംഭവങ്ങളുടെ തുടക്കമെന്ന് സിസ്കിയൂ കൗണ്ടി ഷെരീഫ് ജെറെമിയ ലാറൂ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോസഫ് ഹെൻറിച്ച്‌സെൻ (49) എന്ന പ്രതി, ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥരെ പ്ലാസ്റ്റിക് ടൈ ഉപയോഗിച്ച് ബന്ധിച്ച ശേഷം ഗംബൂട്ട് തടാകത്തിന് സമീപമുള്ള ഒരു ട്രെയിലറിൽ തോക്കുചൂണ്ടി ബന്ദികളാക്കി വെക്കുകയായിരുന്നുവെന്ന് ലാറൂ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ചാണ് ഈ ട്രെയിലർ കണ്ടെത്തിയത്. ഹെൻറിച്ച്‌സൺ എഫ്ബിഐയുമായി സംസാരിക്കാൻ താത്പര്യപ്പെടുകയും തുടർന്ന് അധികൃതരുമായി ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. 

തുടർന്ന് വെർജീനിയയിലെ ക്വാണ്ടിക്കോയിൽ നിന്നുള്ള എഫ്ബിഐയുടെ 'ഹോസ്റ്റേജ് റെസ്ക്യൂ ടീം' ഉൾപ്പെടെയുള്ള വിവിധ നിയമപാലക ഏജൻസികൾ സംഭവസ്ഥലത്തെത്തി. പ്രാദേശിക സമയം 4.20-ഓടെ പ്രതിയുമായി ആശയവിനിമയം ആരംഭിച്ചു. ചർച്ചകൾക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെ 1.50-ഓടെ ബന്ദികളാക്കപ്പെട്ട രണ്ടുപേരെയും സുരക്ഷിതമായി മോചിപ്പിക്കുകയും അവർ പിന്നീട് വീട്ടിലേക്ക് മടങ്ങുകയും ചെയ്തതായി ലാറൂ അറിയിച്ചു.