മിന്നസോട്ടയിലെ ഐസ് നീക്കത്തിന് സ്റ്റേ ഇല്ല; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ അനുകൂല ഉത്തരവ്

മിന്നസോട്ടയിലെ ഐസ് നീക്കത്തിന് സ്റ്റേ ഇല്ല; ട്രംപ് ഭരണകൂടത്തിന് കോടതിയുടെ അനുകൂല ഉത്തരവ്


മിന്നിയാപൊളിസ്: മിന്നസോട്ടയിൽ കുടിയേറ്റ നിയമലംഘനങ്ങൾ തടയുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച ഐസ് (ICE) തുടരുന്ന ശക്തമായ നടപടികൾക്ക് സ്റ്റേ നൽകാൻ ഫെഡറൽ കോടതി വിസമ്മതിച്ചു. മിന്നിയാപൊളിസിലെ യു.എസ്. ജില്ലാ ജഡ്ജി കേറ്റ് മെനൻഡസ് ആണ് സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിയത്.

കുടിയേറ്റ ഉദ്യോഗസ്ഥരുടെ നടപടികൾ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിക്കുന്നുവെന്നും വംശീയ വിവേചനം, അന്യായ തടങ്കൽ, വെടിവെപ്പുകൾ എന്നിവ വ്യാപകമാണെന്നും മിന്നസോട്ട അറ്റോർണി ജനറൽ ഓഫീസ് കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. ഈ നടപടികൾ സംസ്ഥാനത്തെയും ട്വിൻ സിറ്റികളെയും ആഴത്തിൽ ബാധിക്കുന്നുവെന്ന് ജഡ്ജിയും നിരീക്ഷിച്ചെങ്കിലും, മുഴുവൻ ഓപ്പറേഷനും നിർത്തിവെക്കുക അതിരുകടന്ന നടപടിയാകുമെന്ന് കോടതി വ്യക്തമാക്കി.

മുമ്പ് മിന്നസോട്ടയിലെ ഐസ് പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുന്ന താൽക്കാലിക സ്റ്റേ ഫെഡറൽ അപ്പീൽ കോടതി റദ്ദാക്കിയിരുന്നുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. 'അത് പോലും അതിരുകടന്നതാണെന്ന് അപ്പീൽ കോടതി വിലയിരുത്തിയപ്പോൾ, മുഴുവൻ നടപടിയും നിർത്തിവെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല,' ജഡ്ജി മെനൻഡസ് ഉത്തരവിൽ കുറിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നടപടികളെ നിയന്ത്രിക്കുകയോ തടയുകയോ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാർ സമർപ്പിച്ച കേസ്. മിന്നിയാപൊളിസ്-സെന്റ് പോൾ മേഖലയിൽ ആയിരക്കണക്കിന് ഫെഡറൽ ഏജന്റുമാരെ വിന്യസിച്ചതിനെ തുടർന്ന് ആഴ്ചകളായി പ്രതിഷേധങ്ങൾ തുടരുകയും, രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കോടതി ഉത്തരവിനെ തുടർന്ന് യു.എസ്. അറ്റോർണി ജനറൽ പാം ബോണ്ടി ഇത് നീതിന്യായ വകുപ്പിന്റെ 'വലിയ വിജയം' ആണെന്ന് പ്രതികരിച്ചു. 'സാങ്ക്ച്വറി നയങ്ങളോ അടിസ്ഥാനരഹിതമായ കേസുകളോ മിന്നസോട്ടയിൽ ഫെഡറൽ നിയമം നടപ്പാക്കുന്നതിൽ ട്രംപ് ഭരണകൂടത്തെ തടയാനാകില്ല,' അവർ പറഞ്ഞു.

അതേസമയം, മിന്നസോട്ട അറ്റോർണി ജനറൽ കിത്ത് എലിസൺ, ഫെഡറൽ ഏജന്റുമാർ പൗരന്മാരെ വംശീയമായി പ്രൊഫൈൽ ചെയ്യുന്നതായും നിയമപരമായി താമസിക്കുന്നവരെ മണിക്കൂറുകളോളം അന്യായമായി തടയുന്നതായും ആരോപിച്ചു. ഡെമോക്രാറ്റിക് പാർട്ടി ശക്തമായ സംസ്ഥാനമായതിനാലാണ് മിന്നസോട്ടയെ ലക്ഷ്യമിടുന്നതെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ജനുവരി 7ന് റെനീ ഗുഡ് എന്ന യുവതി ഫെഡറൽ കുടിയേറ്റ ഏജന്റിന്റെ വെടിയേറ്റ് കാറിനുള്ളിൽ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. ജനുവരി 24ന് ബോർഡർ പട്രോൾ ഏജന്റ് വെടിവെച്ച അലക്‌സ് പ്രെട്ടിയുടെ മരണവും പ്രതിഷേധങ്ങൾക്ക് ആക്കംകൂട്ടി. സ്വയംരക്ഷയ്ക്കായാണ് വെടിവെച്ചതെന്ന ഭരണകൂട വിശദീകരണത്തിനു വിരുദ്ധമാണ് പീന്നീട് പുറത്തുവന്ന ദൃശ്യങ്ങളെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ലോസ് ആഞ്ചലസ്, ഷിക്കാഗോ, വാഷിംഗ്ടൺ ഡി.സി., പോർട്ട്‌ലാൻഡ് തുടങ്ങിയ ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരങ്ങളിലും ഫെഡറൽ സേനയെ വിന്യസിച്ച ട്രംപിന്റെ നടപടികൾ അധികാരദുരുപയോഗമാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുമ്പോൾ, നിയമവും ക്രമവും ഉറപ്പാക്കാൻ അത്യാവശ്യമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്.