തിരിച്ചടി നേരിട്ട് യു.എസ്. സാമ്പത്തികരംഗം

തിരിച്ചടി നേരിട്ട് യു.എസ്. സാമ്പത്തികരംഗം


ജി.ഡി.പി. വളര്‍ച്ച 1.5% ആയി കുറഞ്ഞു; ആശ്വാസമായി ഉപഭോക്തൃ ചെലവഴിക്കല്‍ മാത്രം.

വാഷിംഗ്ടണ്‍: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള രണ്ടാം പാദത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ വളര്‍ച്ചാ നിരക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 1.5 ശതമാനമായി കുറഞ്ഞതായി വാണിജ്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ പാദത്തിലെ 2.1 ശതമാനത്തില്‍ നിന്നാണ് ഈ ഇടിവ്. ഇത് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ക്കും താഴെയാണ്.
ഈ പാദത്തില്‍ സാമ്പത്തിക രംഗത്തിന് ഏറ്റവും വലിയ പിന്തുണയായത് ഗാര്‍ഹിക ചെലവഴിക്കലുകളാണ്. യു.എസ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ 70 ശതമാനത്തോളം വരുന്ന ഉപഭോക്തൃ ചെലവഴിക്കല്‍, ജനുവരിമാര്‍ച്ച് മാസങ്ങളിലെ 0.5 ശതമാനത്തില്‍ നിന്ന് 3.2 ശതമാനത്തിലേക്ക് കുത്തനെ ഉയര്‍ന്നു.

രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ വ്യാപ്തി വ്യക്തമാക്കുന്ന മറ്റ് സൂചകങ്ങളും സ്ഥിരത ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിന്റെ ചെലവഴിക്കല്‍, വിദേശ വ്യാപാരം എന്നിവയിലെ ചാഞ്ചാട്ടങ്ങള്‍ ഒഴിവാക്കിയുള്ള സാമ്പത്തിക വളര്‍ച്ച മുന്‍ പാദത്തിലെ 1.7 ശതമാനത്തില്‍ നിന്ന് 3.9 ശതമാനമായി മെച്ചപ്പെട്ടു.

മൊത്തത്തിലുള്ള വളര്‍ച്ചയില്‍ മന്ദഗതിയുണ്ടായെങ്കിലും ബിസിനസ് മേഖലയിലെ നിക്ഷേപങ്ങള്‍ തുടര്‍ന്നു. പാര്‍പ്പിട മേഖലയ്ക്ക് പുറത്തുള്ള നിക്ഷേപം വാര്‍ഷികാടിസ്ഥാനത്തില്‍ 8.4 ശതമാനം വര്‍ധിച്ചു. ആദ്യ പാദത്തിലെ 10.6 ശതമാനത്തേക്കാള്‍ കുറവാണെങ്കിലും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) മേഖലയിലുണ്ടായ നിക്ഷേപ കുതിപ്പ് മൂലം ഇത് ശക്തമായി തന്നെ തുടരുന്നു.

തടസം വര്‍ദ്ധിച്ച ഇറക്കുമതി 

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായത് 11.5 ശതമാനം നിരക്കില്‍ ഉയര്‍ന്ന ഇറക്കുമതിയാണ്. എ.ഐ. നിക്ഷേപങ്ങള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടര്‍ ചിപ്പുകളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിയിലെ വര്‍ധനവാണ് ഇതിന് പ്രധാന കാരണം. ജി.ഡി.പി. കണക്കാക്കുമ്പോള്‍ രാജ്യത്തിനകത്ത് ഉത്പാദിപ്പിക്കുന്നവ മാത്രം ഉള്‍പ്പെടുത്തുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്യുന്നതിനാല്‍, രണ്ടാം പാദത്തിലെ വളര്‍ച്ചയില്‍ 1.5 ശതമാനം പോയിന്റിന്റെ കുറവുണ്ടായി.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ശക്തമായ ഉപഭോക്തൃ ചെലവഴിക്കലും സ്ഥിരതയുള്ള വ്യവസായ നിക്ഷേപങ്ങളും യു.എസ്. സാമ്പത്തികരംഗത്തിന് ആശ്വാസമായെങ്കിലും, ഇറക്കുമതിയിലുണ്ടായ വന്‍ വര്‍ധനവ് രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്കിനെ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ത്തിയെന്ന് കണക്കുകള്‍. അതേസമയം, നാണപ്പപ്പെരുപ്പം കുറയുന്നതിന്റെ കൂടുതല്‍ സൂചനകളും പുറത്തുവരുന്നുണ്ട്.

'ഈ പാദത്തെ രക്ഷിച്ചത് ഉപഭോക്താക്കളാണ്,' ഫിച്ച് റേറ്റിംഗ്‌സിലെ യു.എസ്. ഇക്കണോമിക്‌സ് മേധാവി ഒലു സൊനോള പറയുന്നു. 'എ.ഐ. നിക്ഷേപങ്ങള്‍ ശക്തമായ വളര്‍ച്ചാ ചിത്രം കാട്ടുന്നുണ്ട്. എന്നാല്‍ ഇതിനായി നടക്കുന്ന ഇറക്കുമതി കുതിപ്പ്, എ.ഐ. മേഖലയിലെ മുന്നേറ്റം യു.എസ്. ജി.ഡി.പി.യിലേക്ക് നേരിട്ട് തുല്യമായ വളര്‍ച്ചയായി മാറില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു.'


നാണ്യപ്പെരുപ്പം കുറയുന്നു

ജി.ഡി.പി. കണക്കുകള്‍ക്കൊപ്പം, ജൂണ്‍ മാസത്തില്‍ നാണ്യപ്പെരുപ്പം  കുറഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും ഫെഡറല്‍ റിസര്‍വ് ലക്ഷ്യമിട്ട നിരക്കിനേക്കാള്‍ മുകളിലാണ് ഇത്. ഫെഡറല്‍ റിസര്‍വ് പ്രധാനമായും പരിഗണിക്കുന്ന 'പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചേഴ്‌സ്' (PCE)  വില സൂചിക 2025 ജൂണിനെ അപേക്ഷിച്ച് 3.7 ശതമാനം വര്‍ധിച്ചു. മെയ് മാസത്തിലെ 4.1 ശതമാനത്തില്‍ നിന്നാണ് ഈ കുറവ്. 
ഭക്ഷ്യ, ഊര്‍ജ്ജ വിലകള്‍ ഒഴിവാക്കിയുള്ള കോര്‍ പി.സി.ഇ. (Core PCE) നാണപ്പപ്പെരുപ്പം മെയ് മാസത്തിലെ 3.4 ശതമാനത്തില്‍ നിന്ന് 3.3 ശതമാനമായി കുറഞ്ഞു.
പ്രതിമാസ അടിസ്ഥാനത്തില്‍, ഗ്യാസോലിന്‍, മറ്റ് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിലയില്‍ 9.2 ശതമാനം കുറവുണ്ടായതിന്റെ ഫലമായി മെയ്, ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ വിലനിലവാരം 0.1 ശതമാനം താഴ്ന്നു.
എന്നിരുന്നാലും, അഞ്ച് വര്‍ഷത്തിലേറെയായി നാണപ്പപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ 2 ശതമാനം എന്ന ലക്ഷ്യത്തിന് മുകളിലാണ്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഉയര്‍ന്ന ജീവിതച്ചെലവ് നേരിടുന്ന ഉപഭോക്താക്കള്‍ക്കും നയരൂപകര്‍ത്താക്കള്‍ക്കും ഇത് ആശങ്കയുണ്ടാക്കുന്നു.

ഫെഡറല്‍ റിസര്‍വ് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. എന്നാല്‍ ഉയര്‍ന്ന നാണപ്പപ്പെരുപ്പം നേരിടാന്‍ പലിശ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് റീജിയണല്‍ ഫെഡ് പ്രസിഡന്റുമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക സുസ്ഥിരത

ഇറാന്‍ യുദ്ധവും അത് കാരണം ഊര്‍ജ്ജ വിലയിലുണ്ടായ വന്‍ വര്‍ധനവും നിലനില്‍ക്കുമ്പോഴും യു.എസ്. സാമ്പത്തികരംഗം പ്രകടിപ്പിക്കുന്ന സുസ്ഥിരത നിലവിലെ കണക്കുകളില്‍ വ്യക്തമാണ്. ദുര്‍ബലമായ 2025ന് ശേഷം ഈ വര്‍ഷം തൊഴില്‍ വിപണി കരുത്ത് പ്രാപിച്ചത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വരുമാനവും ചെലവഴിക്കാനുള്ള ആത്മവിശ്വാസവും നല്‍കി.

?ഉയര്‍ന്ന പലിശ നിരക്കുകളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്ഥിരമായ താരിഫ് നയങ്ങളും കാരണം തൊഴിലുടമകള്‍ നിയമനങ്ങള്‍ക്ക് മടിച്ച 2025ല്‍ പ്രതിമാസം 10,000ത്തില്‍ താഴെ തൊഴിലുകള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം പ്രതിമാസം ശരാശരി 92,000 പുതിയ തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് സാധിച്ചു.

നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയ ശ്രദ്ധ മുഴുവന്‍ സാമ്പത്തിക രംഗത്താണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ നിയന്ത്രണം നിലനിര്‍ത്താന്‍ സാധിക്കുമോ എന്ന് നിര്‍ണ്ണയിക്കുന്നത് ഈ തിരഞ്ഞെടുപ്പായിരിക്കും.

പുതിയ എ.പി.എന്‍.ഒ.ആര്‍.സി. (APNORC) പോള്‍ പ്രകാരം ഇറാന്‍ യുദ്ധത്തോടുള്ള പൊതുജന അഭിപ്രായം കൂടുതല്‍ പ്രതികൂലമായി മാറിയതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പ്രാദേശികമായി എണ്ണ, ഗ്യാസ് വില വര്‍ധിക്കുന്നത് തടയുന്നത് 'വളരെ പ്രധാനം' എന്ന് കരുതുന്ന യു.എസ്. പൗരന്മാരുടെ അനുപാതം മാര്‍ച്ച് മാസത്തിലെ 67 ശതമാനത്തില്‍ നിന്ന് 72 ശതമാനമായി ഉയര്‍ന്നതായും സര്‍വേ വ്യക്തമാക്കുന്നു.