ഇറാന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം ട്രംപ് തള്ളിയതിന്റെ കാരണം വെളിപ്പെടുത്തി യു എസ് നയതന്ത്രജ്ഞന്‍

ഇറാന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം ട്രംപ് തള്ളിയതിന്റെ കാരണം വെളിപ്പെടുത്തി യു എസ് നയതന്ത്രജ്ഞന്‍


വാഷിംഗ്ടണ്‍: മധ്യപൂര്‍വദേശത്ത് തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇറാന്‍ മുന്നോട്ടുവച്ച പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്. ചര്‍ച്ചകളിലേക്ക് മടങ്ങുന്നതിന് മുമ്പ് ഇറാന്‍ അമിതമായ ഇളവുകള്‍ ആവശ്യപ്പെട്ടതാണ് നിര്‍ദേശം നിരസിക്കാന്‍ കാരണമെന്ന് യു എന്നിലെ യു എസ് അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് പറഞ്ഞു.

എന്‍ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വാള്‍ട്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ യു എസ് നാവിക ഉപരോധം പിന്‍വലിക്കുക, ഉപരോധങ്ങളില്‍ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച പുനഛരാരംഭിക്കുന്നതിന് മുമ്പ് ഇറാന്‍ മുന്നോട്ടുവച്ചതായി അദ്ദേഹം പറഞ്ഞു.

മുന്‍ ചര്‍ച്ചകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാന്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന കാര്യത്തില്‍ ട്രംപിന് വിശ്വാസമില്ലെന്നും വാള്‍ട്‌സ് പറഞ്ഞു.

'സ്വീകാര്യമല്ലെന്ന് അവര്‍ക്കുതന്നെ അറിയാവുന്ന ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് തോന്നുന്നു. ഉപരോധം പിന്‍വലിക്കുക, അന്താരാഷ്ട്ര ഉപരോധങ്ങളില്‍ ഇളവ് നല്‍കുക, കോടിക്കണക്കിന് ഡോളറിന്റെ ആസ്തികളിലേക്ക് പ്രവേശനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച നടത്താന്‍ മാത്രം അവര്‍ ഉന്നയിച്ചു,' വാള്‍ട്‌സ് പറഞ്ഞു.

ഇറാന്‍ കനത്ത തിരിച്ചടി നേരിടുന്നതിനാലാണ് കരാറിന് ശ്രമിക്കുന്നതെന്നായിരുന്നു ട്രംപിന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനുമായി ഒടുവില്‍ ഒരു ധാരണയിലെത്തണമെന്ന ലക്ഷ്യത്തില്‍ ട്രംപ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇറാനുമേല്‍ സമ്മര്‍ദം തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും വാള്‍ട്‌സ് വ്യക്തമാക്കി.

'ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ശ്രമിച്ച സാഹചര്യത്തില്‍ ഇത്തവണ പ്രസിഡന്റ് വലിയ ആത്മവിശ്വാസം പുലര്‍ത്തുന്നില്ലെന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒടുവില്‍ ഏതെങ്കിലും തരത്തിലുള്ള ധാരണയില്‍ ഈ സംഘര്‍ഷം അവസാനിക്കണമെന്നാണ് പ്രസിഡന്റിന്റെ ലക്ഷ്യം. അതിലേക്ക് എത്തുന്നതിനായി എല്ലാ സാധ്യതകളും അദ്ദേഹം തുറന്നുവെക്കും,' വാള്‍ട്‌സ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം അവതരിപ്പിച്ചത്. മരവിപ്പിച്ചിരിക്കുന്ന ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, ഇറാന്റെ എണ്ണയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുക, യു എസ് നാവിക ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിര്‍ദേശത്തിലുള്ളത്.

ലോകത്തിലെ പ്രധാന ഊര്‍ജ ഗതാഗതപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാഷിംഗടണും തെഹ്‌റാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ തന്ത്രപ്രധാനമായ ഈ കടലിടുക്ക് പ്രധാന വിഷയമായി മാറിയിരിക്കുകയാണ്.

യു എസും ഇസ്രായേലും ഇറാനെതിരെ വ്യാപകമായ വ്യോമാക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഏഴ് മാസം മുമ്പാണ് നിലവിലെ സംഘര്‍ഷം ആരംഭിച്ചത്.

ഇറാന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം യു എസ് തള്ളിയതിന് പിന്നാലെ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ഉന്നയിച്ച വാദങ്ങളെ അറാഖ്ചി വിമര്‍ശിച്ചു. ഇറാന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പുതിയതല്ലെന്നും തങ്ങളുടെ നിലവിലുള്ള അവകാശങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

'അമേരിക്ക ചില കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഈ കാര്യങ്ങള്‍ പുതിയതൊന്നുമല്ല. അവ ആകാശത്തുനിന്ന് വന്നതുമല്ല,' അറാഖ്ചി പറഞ്ഞു.

'ഞങ്ങളുടെ അവകാശങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അവ മാനിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം,''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യു എസ് ഭരണകൂടവുമായി പുതിയ ധാരണയിലെത്താനുള്ള സാധ്യതയെക്കുറിച്ച് അറാഖ്ചി സംശയം പ്രകടിപ്പിച്ചു. എന്നാല്‍ നയതന്ത്രത്തിനുള്ള സാധ്യത പൂര്‍ണമായും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'നയതന്ത്രത്തിന് എപ്പോഴും പ്രതീക്ഷയുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ അവരുടെ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ് ഭരണകൂടവുമായി വീണ്ടും നയതന്ത്ര ചര്‍ച്ചകള്‍ക്ക് മടങ്ങാന്‍ തത്ക്കാലം ഞങ്ങള്‍ക്ക് കാരണമൊന്നുമില്ല,' അറാഖ്ചി എന്‍ ബി സിയോട് പറഞ്ഞു.