വാഷിങ്ടൺ: വിദഗ്ധ വിദേശ തൊഴിലാളികൾക്കുള്ള എച്ച്1ബി (H-1B) വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഈടാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് അമേരിക്കൻ ഫെഡറൽ അപ്പീൽ കോടതിയുടെ തിരിച്ചടി. വിവാദ ഫീസ് പുനഃസ്ഥാപിക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം ബോസ്റ്റണിലെ ഫസ്റ്റ് സർക്യൂട്ട് അപ്പീൽ കോടതി തള്ളി.
മൂന്നംഗ ബെഞ്ചാണ് ജില്ലാ കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരമൊരു ഫീസ് ഏർപ്പെടുത്താൻ പ്രസിഡന്റിനോ ഭരണകൂടത്തിനോ അധികാരമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ എച്ച്1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തി ഉത്തരവിറക്കിയത്. എന്നാൽ ഇത് നിയമവിരുദ്ധ നികുതിയാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 20 സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു. തുടർന്ന് ജൂൺ 8ന് യു.എസ്. ജില്ലാ ജഡ്ജി ലിയോ ടി. സോറോകിൻ ഫീസ് റദ്ദാക്കുകയായിരുന്നു.
ഈ ഉത്തരവിനെതിരെ അപ്പീൽ നൽകിയ ട്രംപ് ഭരണകൂടത്തോട്, ഇത്തരമൊരു സാമ്പത്തിക ബാധ്യത ഏർപ്പെടുത്താനുള്ള വ്യക്തമായ അധികാരം കോൺഗ്രസ് നൽകിയിട്ടുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അപ്പീൽ കോടതി നിരീക്ഷിച്ചു. ഫീസ് എന്ന പേരിലായാലും നികുതി എന്ന പേരിലായാലും കോൺഗ്രസിന്റെ വ്യക്തമായ അംഗീകാരം ആവശ്യമാണ് എന്നും കോടതി വ്യക്തമാക്കി.
പ്രതിവർഷം 65,000 എച്ച്1ബി വിസകളും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അധികമായി 20,000 വിസകളും അമേരിക്ക അനുവദിക്കുന്നുണ്ട്. നിലവിൽ ഒരു എച്ച്1ബി വിസയ്ക്ക് സാധാരണയായി 2,000 മുതൽ 5,000 ഡോളർ വരെയാണ് വിവിധ ഫീസുകൾ ഈടാക്കുന്നത്.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിദഗ്ധരെ നിയമിക്കാൻ അമേരിക്കൻ സാങ്കേതിക കമ്പനികൾ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വിസ സംവിധാനത്തെയാണ്. കോടതിയുടെ പുതിയ ഉത്തരവ് ഈ മേഖലയിൽ ജോലി തേടുന്ന വിദേശ പ്രൊഫഷണലുകൾക്ക് ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.
എച്ച്1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ്: ട്രംപിന് കോടതിയുടെ തിരിച്ചടി
