പന്നുൻ കേസ്: അജിത് ഡോവലിനും മുൻ റോ മേധാവിക്കും ഡൽഹി കോടതി വഴി സമൻസ് അയക്കാൻ യുഎസ് കോടതി ഉത്തരവ്

പന്നുൻ കേസ്: അജിത് ഡോവലിനും മുൻ റോ മേധാവിക്കും ഡൽഹി കോടതി വഴി സമൻസ് അയക്കാൻ യുഎസ് കോടതി ഉത്തരവ്


വാഷിം​ഗ്ടൺ: ഖാലിസ്ഥാനി വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നുൻ ഫയൽ ചെയ്ത സുപ്രധാന സിവിൽ കേസിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ എന്നിവർക്ക് ഡൽഹിയിലെ കോടതികൾ വഴി സമൻസ് എത്തിക്കാൻ യുഎസ് ഫെഡറൽ കോടതി ഉത്തരവിട്ടു. തനിക്കെതിരെ വധശ്രമം നടന്നുവെന്ന് ആരോപിച്ചാണ് പന്നുൻ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ അജിത് ഡോവലാണെന്നും അദ്ദേഹം ആരോപിക്കുന്നു.

നവംബർ 13-ന് പുറപ്പെടുവിച്ച ഈ ഉത്തരവിന് മുൻപ്, നയതന്ത്ര മാർഗങ്ങളിലൂടെ സമൻസ് എത്തിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
ഈ കേസ് "കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണ്" എന്ന് വിശേഷിപ്പിച്ച് ഇന്ത്യ അത് തള്ളിക്കളഞ്ഞിരുന്നു. കൂടാതെ, കോടതി രേഖകൾ ഇന്ത്യയുടെ നിശ്ചിത കേന്ദ്ര അതോറിറ്റി വഴിയാണ് കൈമാറേണ്ടതെന്ന് നവംബർ 10-ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

"ഈ കോടതിയിൽ നിലനിൽക്കുന്ന സിവിൽ കേസിൽ, പ്രതികൾക്ക് സമൻസ് എത്തിക്കുന്നതിന് ഇന്ത്യൻ കോടതികളുടെ സഹായം അഭ്യർത്ഥിക്കുന്നു," എന്ന് യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് ഫോർ ദ സതേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്കിലെ ജഡ്ജി കാതറിൻ പോൾക്ക് ഫൈല തന്റെ ഉത്തരവിൽ വ്യക്തമാക്കി. അജിത് ഡോവലിനുള്ള സമൻസും അനുബന്ധ രേഖകളും പാട്യാല ഹൗസ് ഡിസ്ട്രിക്റ്റ് കോടതിയിലേക്കും, സാമന്ത് ഗോയലിനുള്ളവ ദ്വാരക, തീസ് ഹസാരി ഡിസ്ട്രിക്റ്റ് കോടതികളിലേക്കും അയക്കാൻ കോടതി നിർദ്ദേശിച്ചു.

ഹേഗ് കൺവെൻഷനുകളും ഇന്ത്യൻ സിവിൽ നടപടിക്രമ നിയമത്തിലെ (CPC) പ്രസക്തമായ വകുപ്പുകളും ചൂണ്ടിക്കാട്ടി, ഇന്ത്യൻ കോടതികൾ വഴി ഡോവലിനും ഗോയലിനും സമൻസ് നൽകാൻ സാധിക്കുമെന്ന് ജഡ്ജി ഫൈല പറഞ്ഞു. കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത വിദേശ സിവിൽ കോടതികൾ പുറപ്പെടുവിക്കുന്ന സമൻസുകൾ ഇന്ത്യൻ കോടതികൾക്ക് കൈമാറാനും, അവ ഇന്ത്യൻ കോടതികൾ പുറപ്പെടുവിക്കുന്ന സമൻസുകളെപ്പോലെ തന്നെ പ്രതികൾക്ക് എത്തിച്ചുനൽകാനും സിവിൽ നടപടിക്രമ നിയമം അനുവദിക്കുന്നുണ്ട്.

ഹേഗ് കൺവെൻഷൻ പ്രകാരം ഇന്ത്യയുടെ കേന്ദ്ര അതോറിറ്റി വഴി സമൻസ് എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അത് നിരസിക്കപ്പെട്ടതായി യുഎസ് കോടതിയുടെ ഉത്തരവിൽ പരാമർശിക്കുന്നു. തുടർന്ന്, കൺവെൻഷനിലെ ആർട്ടിക്കിൾ 19-ഉം ഇന്ത്യയുടെ സിവിൽ നടപടിക്രമ നിയമത്തിലെ  പ്രസക്തമായ വ്യവസ്ഥകളും പ്രകാരം, കോടതി മറ്റൊരു രീതിയിലുള്ള സമൻസ് കൈമാറ്റത്തിന് അനുമതി നൽകി.

നിരോധിക്കപ്പെട്ട സംഘടനയായ 'സിഖ്‌സ് ഫോർ ജസ്റ്റിസി'ന്റെ യുഎസ് ആസ്ഥാനമായുള്ള നിയമ ഉപദേഷ്ടാവായ പന്നുൻ, തന്റെ ജീവനെടുക്കാൻ ശ്രമം നടന്നുവെന്നാരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഒരു സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ പങ്കാളിത്തത്തോടെ, തനിക്കെതിരായ വധശ്രമ ഗൂഢാലോചനയ്ക്ക് ദോവൽ നേതൃത്വം നൽകിയെന്ന് അദ്ദേഹം ആരോപിക്കുന്നു.

കഴിഞ്ഞ മാസം, വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി വഴിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകിയ നയതന്ത്ര കുറിപ്പിലൂടെ ദോവലിനും ഗോയലിനും സമൻസ് എത്തിക്കാൻ യുഎസ് കോടതി ശ്രമിച്ചത്. എന്നാൽ, ഇത് ഇന്ത്യ അം​ഗീകരിച്ചില്ല. "ഞങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരായ കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ ആരോപണങ്ങളെ ഞങ്ങൾ തള്ളിക്കളയുന്നു. അതുപോലെ, അടിസ്ഥാനരഹിതമായ ഇത്തരം കേസുകളും ഞങ്ങൾ നിരസിക്കുന്നു. ഇന്ത്യയിൽ ജുഡീഷ്യൽ രേഖകൾ കൈമാറുന്നതിനുള്ള അഭ്യർത്ഥന, ഇന്ത്യയുടെ നിയുക്ത കേന്ദ്ര അതോറിറ്റിയായ നിയമ-നീതി മന്ത്രാലയം (Ministry of Law and Justice) വഴിയല്ലാതെ സാധ്യമല്ല," എന്ന് നവംബർ 10-ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഈ കേസിൽ യുഎസ് ഗവൺമെന്റ് കക്ഷിയല്ല. ഇതേ കോടതിയിൽ, പണം നൽകി കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്കും മുൻ 'റോ' ഉദ്യോഗസ്ഥൻ വികാഷ് യാദവിനുമെതിരെ ക്രിമിനൽ കേസ് നടക്കുന്നുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാണ് ഈ സിവിൽ കേസ്. വിവിധ ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്ക് പന്നുനെ പിടികൂടേണ്ടതുണ്ട്.