വാഷിങ്ടണ്‍: ചന്ദ്രനില്‍ അണുബോംബ് പതിപ്പിക്കാന്‍ അമേരിക്ക ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. സയന്‍സ് ഫിക്ഷന്‍ പോലെ തോന്നുമെങ്കിലും സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പദ്ധതി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ യഥാര്‍ഥ രഹസ്യ പദ്ധതിയായിരുന്നു ഇത്. 'പ്രോജക്ട് എ119' എന്ന രഹസ്യ പദ്ധതിയുടെ രേഖകള്‍ പ്രകാരം നീല്‍ ആംസ്ട്രോങ് ചന്ദ്രനിലെത്തുന്നതിന് മുമ്പേ തന്നെ ചന്ദ്രനില്‍ ബോംബ് വര്‍ഷിക്കാന്‍ അമേരിക്ക ആലോചിച്ചിരുന്നു.
1950-കളില്‍ സോവിയറ്റ് യൂണിയന്റെ ആദ്യത്തെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള പദ്ധതി പുരോഗമിക്കവെ അത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണെന്ന് കരുതിയതിനാല്‍ ഹൈഡ്രജന്‍ ബോംബ് ഉപയോഗിച്ച് ആണവ ബോംബിനെക്കാള്‍ ഏറെ ശക്തിയുള്ള വന്‍ ഗര്‍ത്തം ചന്ദ്രനില്‍ സൃഷ്ടിച്ച് ഭൗതികമായി 'മുദ്ര പതിപ്പിക്കാനാണ്' അമേരിക്ക പദ്ധതി ആവിഷ്‌കരിച്ചത്.
1957 ഒക്ടോബര്‍ 4-ന് യു എസ് എസ് ആര്‍ ലോകത്തിലെ ആദ്യ ഉപഗ്രഹമായ സ്പുട്‌നിക്ക്-1 വിക്ഷേപിച്ചു. ഇതോടെ അമേരിക്കന്‍ ഭരണകൂടത്തില്‍ ആശങ്ക ഉയര്‍ന്നു. ശാസ്ത്രജ്ഞന്‍ ലിയോണാര്‍ഡ് റൈഫല്‍ യു എസ് വ്യോമസേനയുമായി ചേര്‍ന്ന് 1958 മെയ് മുതല്‍ 1959 ജനുവരി വരെ ചന്ദ്രനില്‍ ബോംബ് ഇടാനുള്ള സാധ്യതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. നാസയുടെ ലക്ഷ്യം ചന്ദ്രന്റെ പ്രകാശമേഖലയും അന്ധകാരമേഖലയും വിഭജിക്കുന്ന 'ടെര്‍മിനേറ്റര്‍ ലൈനില്‍' ബോംബ് പൊട്ടിക്കുക എന്നതായിരുന്നു. അങ്ങനെ ചെയ്താല്‍ ഭൂമിയില്‍ നിന്ന് പോലും കാണാവുന്ന പ്രകാശഫ്‌ലാഷ് ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.
ഈ 'കാഴ്ച' സോവിയറ്റ് യൂണിയനുള്‍പ്പെടെ ലോകത്തോട് അമേരിക്കയുടെ സൈനിക- സാങ്കേതിക ശക്തി തെളിയിക്കും. യുദ്ധമേഖലയിലുള്ള മുന്‍തൂക്കം ഉറപ്പായും തങ്ങള്‍ക്കാണെന്ന സന്ദേശം നല്‍കുമെന്നും അവര്‍ കരുതുകയായിരുന്നു.
എന്നാല്‍, ചന്ദ്രനില്‍ ആണവ ബോംബ് പൊട്ടിക്കുന്നത് ഭൂമിയുടെ സുരക്ഷയെയും അന്തരീക്ഷത്തേയും ബാധിക്കാമെന്ന ആശങ്ക ഉയര്‍ന്നതോടെ പ്രോജക്റ്റ് എ119 ഉപേക്ഷിക്കുകയായിരുന്നു.
സ്പുട്‌നിക്കിന് മറുപടി നല്‍കുന്നതിന്റെ ഭാഗമായി ഉയര്‍ത്തിയ നിരവധി നിര്‍ദ്ദേശങ്ങളില്‍ ഒന്ന് മാത്രമായിരുന്നു എ119 എന്ന് ബിബിസിയോട് ശാസ്ത്രത്തിന്റെയും ആണവ സാങ്കേതികവിദ്യയുടെയും ചരിത്രകാരനായ അലക്‌സ് വെല്ലര്‍സ്‌റ്റൈന്‍ പറഞ്ഞു. സ്പുട്‌നിക്-1നെ വെടിവെച്ച് വീഴ്ത്തുക എന്ന ആശയവും മറ്റൊരു പദ്ധതിയിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തലിലുണ്ട്.
