വാഷിങ്ടൺ: അപൂർവ ധാതുക്കൾക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ അമേരിക്ക നിർണായക നീക്കവുമായി രംഗത്ത്. രാജ്യത്തെ വിവിധ സൈനിക താവളങ്ങളിൽ അപൂർവ ധാതു സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ യു.എസ്. സൈന്യം പദ്ധതിയിട്ടു. പ്രതിരോധ മേഖലയ്ക്കും സെമികണ്ടക്ടർ, ഇലക്ട്രിക് വാഹന ബാറ്ററി നിർമ്മാണത്തിനും ആവശ്യമായ നിർണായക ധാതുക്കളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനായി ആർ ഇ അലോയ്‌സ് ഇങ്ക് ., ടൈറ്റൻ മൈനിങ് കോർപറേഷൻ, അയോനിയർ ലിമിറ്റഡ് , എനർജി എക്‌സ്പ്ലറേഷൻ ടെക്‌നോളജീസ് എന്നീ കമ്പനികളുമായി പെന്റഗൺ കരാറിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
അർക്കൻസാസിലെ പൈൻ ബ്ലഫ് ആഴ്‌സണൽ, അലബാമയിലെ ആനിസ്റ്റൺ ആർമി ഡിപ്പോ എന്നിവിടങ്ങളിൽ കനേഡിയൻ കമ്പനിയായ ടൈറ്റൻ മൈനിങ്ങാണ് ഗ്രാഫൈറ്റ് സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുക. ആർ ഇ അലോയ്‌സ് യൂട്ടായിലെ ടൂവീല ആർമി ഡിപ്പോയിൽ ഡിസ്‌പ്രോസിയം, ടെർബിയം ഉൾപ്പെടെയുള്ള അപൂർവ ധാതുക്കളുടെ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കും. അതേസമയം,എനർജി എക്‌സ്പ്ലറേഷൻ ടെക്‌നോളജീസ് ലിഥിയം സംസ്‌കരണ പ്ലാന്റും അയോനിയർ ലിമിറ്റഡ് ബോറോൺ സംസ്‌കരണ പ്ലാന്റും ആരംഭിക്കും.
ഇതാദ്യമായാണ് അമേരിക്കൻ സൈനിക താവളങ്ങളിൽ സ്വകാര്യ ഖനനസംസ്‌കരണ കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുക്കൽ, പ്രാദേശിക അനുമതികൾ, പരിസ്ഥിതി നടപടിക്രമങ്ങൾ എന്നിവയിലെ കാലതാമസം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മാർച്ചിൽ നിർണായക ധാതുക്കളുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ അടിയന്തര അധികാരം ഉപയോഗിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
അതേസമയം, അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും അമേരിക്കയുടെ നീക്കത്തിന് വേഗം കൂട്ടിയിട്ടുണ്ട്. പ്രതിരോധ മേഖലയിലും ഉയർന്ന സാങ്കേതികവിദ്യാ വ്യവസായങ്ങളിലും ചൈനയുടെ ആധിപത്യം കുറയ്ക്കാൻ 'മൈൻടുമാഗ്‌നറ്റ്' തന്ത്രം അമേരിക്ക ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയാണെന്നാണ് റിപ്പോർട്ടുകൾ.
ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ നീക്കം; സൈനിക താവളങ്ങളിൽ അപൂർവ ധാതു സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ അമേരിക്ക
