വാഷിംഗ്ടണ്‍: ദേവാസ് മള്‍ട്ടിമീഡിയയും ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ അന്‍ട്രിക്‌സ് കോര്‍പ്പറേഷനും തമ്മിലുള്ള ദീര്‍ഘകാല നിയമപോരാട്ടത്തില്‍ യു എസ് കോടതികള്‍ക്ക് അധികാരപരിധിയുണ്ടെന്ന് യു എസ് അപ്പീല്‍ കോടതി വ്യക്തമാക്കി. അന്‍ട്രിക്‌സിനെതിരെ പുറപ്പെടുവിച്ച 562.5 മില്യണ്‍ ഡോളറിന്റെ മധ്യസ്ഥ വിധി അംഗീകരിച്ചതും കോടതി ശരിവച്ചു.
എന്നാല്‍ പിന്നീട് ഇന്ത്യന്‍ കോടതികള്‍ ഈ വിധി റദ്ദാക്കിയ സാഹചര്യത്തില്‍, യു എസില്‍ ഈ തുക അന്തിമമായി ഈടാക്കാനാകുമോ എന്ന കാര്യത്തില്‍ യു എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ ദ നിന്ത് സര്‍ക്യൂട്ട് തീരുമാനമെടുത്തിട്ടില്ല. ഈ വിഷയം പരിഗണിക്കുന്നതിനായി കേസ് ഫെഡറല്‍ ജില്ലാ കോടതിയിലേക്ക് തിരിച്ചയച്ചു.
അന്‍ട്രിക്‌സിനെതിരായ അധികാരപരിധി യു എസ് കോടതി ശരിവച്ചു
യു എസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായാലും യു എസ് ഫോറിന്‍ സോവറിന്‍ ഇമ്മ്യൂണിറ്റീസ് ആക്ട് (എഫ് എസ് ഐ എ) പ്രകാരമുള്ള മധ്യസ്ഥതാ ഒഴിവ് അമേരിക്കന്‍ കോടതികള്‍ക്ക് അന്‍ട്രിക്‌സിനെതിരെ അധികാരപരിധി നല്‍കുന്നുണ്ടെന്ന് നിന്ത് സര്‍ക്യൂട്ടിലെ മൂന്നംഗ ബെഞ്ച് വിധിച്ചു.
തര്‍ക്കത്തിന് യു എസുമായി വാണിജ്യപരമായ ബന്ധമുണ്ടെങ്കില്‍ മാത്രമേ മധ്യസ്ഥതാ ഒഴിവ് ബാധകമാകൂ എന്ന അന്‍ട്രിക്‌സിന്റെ വാദം കോടതി തള്ളി. ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന്റെ പരിധിയില്‍ വരുന്ന മധ്യസ്ഥ വിധിക്ക് യു എസുമായുള്ള പ്രത്യേക വാണിജ്യബന്ധം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
അന്‍ട്രിക്‌സിനെതിരെ വ്യക്തിഗത അധികാരപരിധി പ്രയോഗിക്കുന്നത് യു എസ് ഭരണഘടനയുടെ അഞ്ചാം ഭേദഗതിയുമായി പൊരുത്തപ്പെടുന്നതാണെന്നും അപ്പീല്‍ കോടതി കണ്ടെത്തി. ഫോറം നോണ്‍ കണ്‍വീനിയന്‍സ് എന്ന നിയമതത്വത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഇന്ത്യയിലേക്ക് മാറ്റണമെന്ന അന്‍ട്രിക്‌സിന്റെ ആവശ്യം കോടതി നിരസിച്ചു.
2025 ജൂണില്‍ യു എസ് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഒരു വിദേശ രാജ്യത്തിനോ അതിന്റെ സ്ഥാപനത്തിനോ എതിരെ അധികാരപരിധി പ്രയോഗിക്കുമ്പോള്‍, പരമാധികാര സംരക്ഷണത്തിലെ ഒഴിവ് ബാധകമാവുകയും ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, പ്രത്യേകമായ മിനിമം കോണ്‍ടാക്ട്‌സ് പരിശോധന യു എസ് കോടതികള്‍ നടത്തേണ്ടതില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ദേവാസിന്റെ വിധി നടപ്പാക്കാനുള്ള നിയമനടപടി പുനരുജ്ജീവിച്ചത്.
ദേവാസ്- അന്‍ട്രിക്‌സ് തര്‍ക്കം 2005ല്‍ ആരംഭിച്ചു
2005 ജനുവരിയില്‍ അന്‍ട്രിക്‌സും ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ ഒപ്പുവെച്ച കരാറാണ് തര്‍ക്കത്തിന് തുടക്കമായത്. കരാര്‍ പ്രകാരം രണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മിച്ച് വിക്ഷേപിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം എസ്-ബാന്‍ഡ് സ്‌പെക്ട്രത്തിന്റെ 70 മെഗാഹെര്‍ട്‌സ് ശേഷി ദേവാസിന് പാട്ടത്തിന് നല്‍കുകയും ചെയ്യേണ്ടത് അന്‍ട്രിക്‌സിന്റെ ചുമതലയായിരുന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കായി എസ്-ബാന്‍ഡ് ഓര്‍ബിറ്റല്‍ സ്ലോട്ട് അനുവദിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് 2011 ഫെബ്രുവരിയില്‍ അന്‍ട്രിക്‌സ് കരാര്‍ റദ്ദാക്കി. ഇതിനെ ദേവാസ് ചോദ്യം ചെയ്യുകയും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന് (ഐ സി സി) മുമ്പാകെ മധ്യസ്ഥ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
2015 സെപ്റ്റംബറില്‍ ഐ സി സി ട്രൈബ്യൂണല്‍ അന്‍ട്രിക്‌സ് കരാര്‍ തെറ്റായി റദ്ദാക്കിയതായി വിധിക്കുകയും ദേവാസിന് 562.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.
തുടര്‍ന്ന് 2018ല്‍ ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന്‍ പ്രകാരം മധ്യസ്ഥ വിധി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ദേവാസ് വാഷിംഗ്ടണിലെ യു എസ് ജില്ലാ കോടതിയെ സമീപിച്ചു. ജില്ലാ കോടതി വിധി അംഗീകരിച്ചു. പലിശ ഉള്‍പ്പെടെ പിന്നീട് വിധിയുടെ തുക ഏകദേശം 1.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ തുക പിന്നീട് 2 ബില്യണ്‍ ഡോളര്‍ കടന്നതായി ദേവാസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
അധികാരപരിധി സംബന്ധിച്ച കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അന്‍ട്രിക്‌സ് യു എസ് കോടതിയിലെ നടപടികളെ ചോദ്യം ചെയ്തു. 2023ല്‍ നിന്ത് സര്‍ക്യൂട്ട് ആദ്യം അന്‍ട്രിക്‌സിന് അനുകൂലമായി വിധിച്ചെങ്കിലും 2025ല്‍ യു എസ് സുപ്രിം കോടതി ആ തീരുമാനം റദ്ദാക്കി.
ഇന്ത്യന്‍ കോടതികള്‍ മധ്യസ്ഥ വിധി റദ്ദാക്കിയതിന്റെ യു എസിലെ വിധി നടപ്പാക്കല്‍ നടപടികളിലുള്ള പ്രത്യാഘാതം എന്തായിരിക്കണമെന്നതാണ് ഇപ്പോള്‍ പ്രധാനമായും പരിഹരിക്കപ്പെടാനുള്ള വിഷയം.
2022ല്‍ ഡല്‍ഹി ഹൈക്കോടതി മധ്യസ്ഥ വിധി റദ്ദാക്കി. 2023ല്‍ ഡിവിഷന്‍ ബെഞ്ചും ഈ തീരുമാനം ശരിവച്ചു. തുടര്‍ന്ന് ഇതില്‍ ഇടപെടാന്‍ ഇന്ത്യയുടെ സുപ്രിം കോടതി വിസമ്മതിച്ചു.
ഇന്ത്യന്‍ കോടതികളിലെ നടപടികളുടെ പ്രത്യാഘാതം പരിശോധിക്കാന്‍ യു എസ് ജില്ലാ കോടതിയോട് നിന്ത് സര്‍ക്യൂട്ട് നിര്‍ദേശിച്ചു. നിന്ത് സര്‍ക്യൂട്ടില്‍ പുനഃപരിശോധന ആവശ്യപ്പെടാനും തുടര്‍ന്ന് യു എസ് സുപ്രിം കോടതിയെ സമീപിക്കാനും അന്‍ട്രിക്‌സിന് സാധിക്കും.
ദേവാസ് മള്‍ട്ടിമീഡിയ അമേരിക്ക ഇന്‍കോര്‍പ്പറേഷന്റെ അനുകൂലമായ വിധി രജിസ്റ്റര്‍ ചെയ്യുന്നതും അപ്പീല്‍ കോടതി പ്രത്യേകം ശരിവച്ചു. അതേസമയം, മൗറീഷ്യസിലെ മൂന്ന് ഓഹരിയുടമകളുമായി ബന്ധപ്പെട്ട ജില്ലാ കോടതിയുടെ തീരുമാനത്തിലെ ചില ഭാഗങ്ങള്‍ കോടതി റദ്ദാക്കി. വിധി രജിസ്റ്റര്‍ ചെയ്യാനുള്ള നിയമപരമായ അവകാശം അവര്‍ക്കില്ലെന്ന് കോടതി കണ്ടെത്തി.
ഇനി കേസ് യു എസ് ജില്ലാ കോടതിയിലേക്ക് മടങ്ങും. ഇന്ത്യന്‍ കോടതികള്‍ മധ്യസ്ഥ വിധി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ യു എസില്‍ ഈ വിധി നടപ്പാക്കുന്നതിനെ അത് എങ്ങനെ ബാധിക്കുമെന്നതാകും ജില്ലാ കോടതി പരിഗണിക്കുക.
