വിസ നിരോധനം: കായികമത്സരങ്ങള്‍ക്ക് ഒഴിവ് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

വിസ നിരോധനം: കായികമത്സരങ്ങള്‍ക്ക് ഒഴിവ് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം


വാഷിംഗ്ടണ്‍: 39 രാജ്യങ്ങളെയും പാലസ്തീന്‍ അതോറിറ്റിയെയും ലക്ഷ്യമിട്ട് ഡിസംബര്‍ 16ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വിസ നിരോധനത്തില്‍ നിന്ന് അന്താരാഷ്ട്ര കായികമത്സരങ്ങള്‍ക്ക് ഒഴിവ് അനുവദിച്ചു. ലോകകപ്പ്, ഒളിമ്പിക്‌സ് തുടങ്ങിയ പ്രധാന കായികമേളകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും സ്റ്റാഫിനുമാണ് ഇളവ്. മറ്റ് ഏത് കായിക ഇവന്റുകള്‍ക്ക് ഒഴിവ് നല്‍കണമെന്നത് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ തീരുമാനത്തിന് വിട്ടിരിക്കുകയായിരുന്നു.

ബുധനാഴ്ച പുറത്തിറക്കിയ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കേബിളില്‍ ഒഴിവ് ലഭിക്കുന്ന മത്സരങ്ങളുടെ പട്ടിക വിശദമായി വ്യക്തമാക്കുന്നു. ഒളിമ്പിക്‌സ്, പാരാലിംപിക്‌സ്, പാന്‍അമേരിക്കന്‍ ഗെയിംസ്, പാരാ പാന്‍അമേരിക്കന്‍ ഗെയിംസ് എന്നിവയുടെ എല്ലാ മത്സരങ്ങള്‍ക്കും യോഗ്യതാ റൗണ്ടുകള്‍ക്കും ഇളവ് ബാധകമാണ്. യുഎസ് നാഷണല്‍ ഗവേണിംഗ് ബോഡികള്‍ അംഗീകരിക്കുന്ന മത്സരങ്ങള്‍, സ്‌പെഷ്യല്‍ ഒളിമ്പിക്‌സിന്റെ എല്ലാ ഇവന്റുകള്‍, ഫിഫയും അതിന്റെ കോണ്‍ഫെഡറേഷനുകളും അംഗീകരിക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

കൂടാതെ ഇന്റര്‍നാഷണല്‍ മിലിട്ടറി സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍, എന്‍സിഎഎ എന്നിവ സംഘടിപ്പിക്കുന്ന ഔദ്യോഗിക മത്സരങ്ങള്‍ക്കും ഒഴിവുണ്ട്. യുഎസ് പ്രൊഫഷണല്‍ ലീഗുകളായ എന്‍എഫ്എല്‍, എന്‍ബിഎ, ഡബ്ല്യുഎന്‍ബിഎ, എംഎല്‍ബി, നാഷണല്‍ ഹോക്കി ലീഗ്, നാസ്‌കാര്‍, ഫോര്‍മുല വണ്‍, പി!ജിഎ, എല്‍പിജിഎ, ലിവ് ഗോള്‍ഫ്, എംഎല്‍എസ്, ഡബ്ല്യുഡബ്ല്യുഇ, യുഎഫ്‌സി, എഇഡബ്ല്യു എന്നിവയുടെ ഇവന്റുകളും ഇളവില്‍ ഉള്‍പ്പെടുന്നു. ആവശ്യമെങ്കില്‍ മറ്റ് ലീഗുകളും മത്സരങ്ങളും പട്ടികയില്‍ ചേര്‍ക്കാമെന്ന് കേബിളില്‍ പറയുന്നു.

39 രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ, യെമന്‍, സോമാലിയ, സുഡാന്‍, ഹെയ്തി തുടങ്ങിയ 20 രാജ്യങ്ങള്‍ക്കാണ് പൂര്‍ണ യാത്രാനിരോധനം. പാലസ്തീന്‍ അതോറിറ്റി പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്കും ഇത് ബാധകമാണ്. അങ്കോള, ക്യൂബ, വെനസ്വേല, സാംബിയ, സിംബാബ്‌വെ തുടങ്ങിയ 19 രാജ്യങ്ങള്‍ക്കു ഭാഗിക നിരോധനമാണ് നിലവിലുള്ളത്.