അമേരിക്കൻ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ഇസ്രയേലിൽ; പന്ത്രണ്ടോളം എഫ്22 വിമാനങ്ങൾ ഇറങ്ങിയതായി റിപ്പോർട്ട്

അമേരിക്കൻ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ഇസ്രയേലിൽ; പന്ത്രണ്ടോളം എഫ്22 വിമാനങ്ങൾ ഇറങ്ങിയതായി റിപ്പോർട്ട്


ടെൽ അവീവ്: അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക സ്‌റ്റെൽത്ത് യുദ്ധവിമാനങ്ങളായ പന്ത്രണ്ടോളം യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയർ ഫോഴ്‌സ് എഫ്22 റാപ്റ്റർ വിമാനങ്ങൾ ഇസ്രയേലിൽ എത്തിച്ചേർന്നതായി യുഎസ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ലേക്കൻഹീത്ത് താവളത്തിൽ നിന്നാണ് വിമാനങ്ങൾ പറന്നുയർന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മിഡിൽ ഈസ്റ്റിലേക്കുള്ള യുഎസ് സൈനിക വിന്യാസത്തിന്റെ ഭാഗമായി ലേക്കൻഹീത്ത് താവളം ഇടത്താവളമായി ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിലേക്കുള്ള യാത്രക്കിടെ എഫ്22 വിമാനങ്ങൾ ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെങ്കിലും, അവയ്ക്ക് ഒപ്പമുണ്ടായിരുന്ന ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങൾ ട്രാൻസ്‌പോണ്ടറുകൾ പ്രവർത്തനക്ഷമമാക്കിയ നിലയിലായിരുന്നു.

ഇതോടൊപ്പം, മറ്റ് യുദ്ധവിമാനങ്ങളും യുഎസ് സൈനിക ചരക്ക് വിമാനങ്ങളും മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് പറന്നെത്തിയതായും വിമാന ഗതാഗത നിരീക്ഷണ ഡേറ്റ വ്യക്തമാക്കുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അമേരിക്ക സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.