വാഷിംഗ്ടണ്‍: അമേരിക്കന്‍ മറൈന്‍ കോര്‍പ്‌സിന്റെ എഫ്-35ബി യുദ്ധവിമാനം കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ മറൈന്‍ കോര്‍പ്‌സ് എയര്‍ സ്റ്റേഷന്‍ മിറാമാര്‍ വ്യോമതാവളത്തിന് സമീപം തകര്‍ന്നുവീണു. അപകടത്തെ തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ തീപിടിത്തമുണ്ടായെങ്കിലും പൈലറ്റ് ഇജക്ട് ചെയ്ത് സുരക്ഷിതമായി രക്ഷപ്പെട്ടതായി അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം മൂന്നാം മറൈന്‍ എയര്‍ക്രാഫ്റ്റ് വിങ്ങിന്റെയും മറൈന്‍ എയര്‍ക്രാഫ്റ്റ് ഗ്രൂപ്പ് 11-ന്റെയും ഭാഗമായിരുന്ന വിമാനമാണ് പ്രാദേശിക സമയം രാവിലെ 10 മണിയോടെ തകര്‍ന്നത്. ഇതിനെ 'വിമാനാപകടം' എന്നാണ് മറൈന്‍ കോര്‍പ്‌സ് വിശേഷിപ്പിച്ചത്.
മറൈന്‍ കോര്‍പ്‌സിലെ ഫസ്റ്റ് ലെഫ്റ്റനന്റ് ബ്ലേക്ക് സ്റ്റാര്‍ബക്ക്, 'എം സി എ എസ് മിറാമാറിന് സമീപം മറൈന്‍ കോര്‍പ്‌സിന്റെ എഫ്-35ബി വിമാനവുമായി ബന്ധപ്പെട്ട 'ക്ലാസ് എ' വിഭാഗത്തില്‍പ്പെടുന്ന അപകടമാണ് ഉണ്ടായത്. പൈലറ്റ് സമയബന്ധിതമായി വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്യുകയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു,' എന്ന് അറിയിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. വിമാനം പരിശീലന ദൗത്യത്തിലായിരുന്നോ വ്യോമതാവളത്തില്‍ നിന്ന് പറന്നുയരുകയായിരുന്നോ, അല്ലെങ്കില്‍ അവിടെ ഇറങ്ങാനെത്തുകയായിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് സ്റ്റാര്‍ബക്ക് പറഞ്ഞു. ആളപായമോ മറ്റ് പരിക്കുകളോ സംബന്ധിച്ച വിവരങ്ങളും ഉടന്‍ ലഭ്യമായിട്ടില്ല.
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ ഫുട്‌ബോള്‍ മൈതാനത്തിന്റെ വലുപ്പമുള്ള കരിഞ്ഞ പ്രദേശത്തിന്റെ നടുവില്‍ വിമാനം രണ്ടായി പിളര്‍ന്ന നിലയിലാണ് കാണപ്പെട്ടത്. സ്റ്റേറ്റ് റൂട്ട് 52-ന് വടക്കുള്ള പ്രദേശത്ത് നിന്ന് തീയും കനത്ത പുകയും ഉയരുന്നതും സമീപത്തെ ഹൈവേയില്‍ നിന്ന് വ്യക്തമായി കാണാനായതുമാണ് റിപ്പോര്‍ട്ട്.
സാന്‍ ഡിയാഗോ ഫയര്‍-റെസ്‌ക്യൂ വിഭാഗം തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് അറിയിച്ചു. എന്നാല്‍ അപകടസ്ഥലത്തെ അന്വേഷണത്തിന്റെയും സുരക്ഷാ നടപടികളുടെയും പൂര്‍ണ ചുമതല അമേരിക്കന്‍ സൈന്യത്തിനാണെന്നും അധികൃതര്‍ വ്യക്തമാക്കി.
