അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ. മലയാളിയായ മറ്റൊരു യുവതിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് വിവരം. കാലിഫോർണിയായിലെ മിൽപിറ്റാസിൽ ശനിയാഴ്ചയാണ് സംഭവം. മരിച്ചവരിൽ ഒരാൾ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്‍റെയും സുഷമയുടെയും മകൾ അഞ്ജനയാണ് (35). മറ്റൊരാൾ കോട്ടയം ചിങ്ങവനം സ്വദേശിനി ആനുമാണ്. സംഭവത്തിൽ ഇവരുടെ സുഹൃത്ത് അനില പോലീസിന്റെ കസ്റ്റഡിയിലായി. വിലങ്ങന്നൂർ സ്വദേശി വിജീഷ് ആണ് മരിച്ച അഞ്ജനയുടെ ഭർത്താവ്. ഏക മകൾ വാമിക.
ഫ്‌ലാറ്റിന്റെ താഴേക്ക് അഞ്ജനയെ വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന് നിർത്താതെ പോയ കാർ ഭർത്താവ് വിജീഷ് വിജീഷ് തിരിച്ചറിഞ്ഞു. വിജീഷ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിച്ചു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിയാതിരുന്ന ഭർത്താവ് ഫ്‌ലാറ്റിൽ ചെന്നപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ ആനിനെ കണ്ടതെന്നാണ് ലഭിക്കുന്ന വിവരം.
മൂന്നു പേരുടെയും കുടുംബം ഒരേ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. മൂന്നുപേരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നെന്ന് അഞ്ജനയുടെ വീട്ടുകാർ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ എട്ടുവർഷമായി അഞ്ജനയും ഭർത്താവ് വിജീഷും കാലിഫോർണിയയിൽ ജോലിചെയ്ത് വരികയാണ്. മൂവരും ഓണാഘോഷത്തിന് ഉൾപ്പെടെ ഒത്ത് ചേർന്നിരുന്നതായി പറയുന്നു. സംഭവം നടക്കുമ്പോൾ അഞ്ജനയുടെ ഭർത്താവ് വീജിഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഏക മകൾ വാമിക മുറിക്കുള്ളിൽ ഉണ്ടായിരുന്നു.
രണ്ട് മലയാളി യുവതികൾ യുഎസിൽ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി പോലീസ് കസ്റ്റഡിയിൽ
