മിനിയാപോളിസ്: കഴിഞ്ഞ വാരാന്ത്യത്തിൽ മിനിയാപോളിസിൽ അലക്‌സ് പ്രെട്ടി (37) കൊല്ലപ്പെട്ട സംഭവത്തിൽ, രണ്ട് ഫെഡറൽ ഉദ്യോഗസ്ഥർ വെടിയുതിർത്തെന്ന പ്രാഥമിക റിപ്പോർട്ട് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് കോൺഗ്രസിന് സമർപ്പിച്ചു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) നടത്തിയ ആദ്യഘട്ട അന്വേഷണ റിപ്പോർട്ടിലാണ് നിർണായക വിവരം.
റിപ്പോർട്ട് പ്രകാരം, പ്രെട്ടിയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെ നിലത്തുണ്ടായ പിടിവലിക്കിടെ ഒരു ഉദ്യോഗസ്ഥൻ പലതവണ 'അവന്റെ കൈയിൽ തോക്ക് ഉണ്ട്' എന്ന് വിളിച്ചുപറഞ്ഞു. ഇതിന് ഏകദേശം അഞ്ച് സെക്കൻഡുകൾക്കകം രണ്ട് ഉദ്യോഗസ്ഥർ തങ്ങളുടെ സർവീസ് റിവോൾവുകളിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. ഒരാൾ ഗ്ലോക്ക് 19 ഉം മറ്റൊരാൾ ഗ്ലോക്ക് 47ഉം ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.
എന്നാൽ, വെടിയുണ്ടകൾ രണ്ടും പ്രെട്ടിയുടെ ദേഹത്ത് കൊണ്ടോ എന്ന് റിപ്പോർട്ടിൽ വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പലരും പകർത്തിയതോടെ, പ്രെട്ടിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണോ വെടിയുണ്ടകൾ പൊട്ടിയതെന്ന സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഉദ്യോഗസ്ഥർ സ്വന്തം ഔദ്യോഗിക ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വെടിവെപ്പിന് നിമിഷങ്ങൾ മുൻപ് ഒരു ഉദ്യോഗസ്ഥൻ പ്രെട്ടിയുടെ അരയിൽ നിന്ന് തോക്ക് എടുത്തുമാറ്റുന്നതായി കാണുന്നതായും റിപ്പോർട്ട് പറയുന്നു.
CBPയുടെ ഓഫീസ് ഓഫ് പ്രൊഫഷണൽ റെസ്‌പോൺസിബിലിറ്റിയാണ് ഈ ആഭ്യന്തര അന്വേഷണം നടത്തിയത്. CBP ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ക്രിമിനൽ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്ന വിഭാഗമാണിത്. ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ്, മിന്നസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രഹൻഷൻ എന്നിവയും സംഭവത്തിൽ സമാന്തര അന്വേഷണം നടത്തിവരികയാണ്.
റിപ്പോർട്ട് അനുസരിച്ച്, വെടിവെപ്പിന് ശേഷം ഒരു ബോർഡർ പട്രോൾ ഏജന്റ് പ്രെട്ടിയുടെ തോക്ക് തന്റെ കൈവശമാണെന്ന് അറിയിക്കുകയും, പിന്നീട് അത് സുരക്ഷിതമായി വാഹനത്തിൽ സൂക്ഷിക്കുകയും ചെയ്തു. പരിക്കേറ്റ പ്രെട്ടിക്ക് ഉദ്യോഗസ്ഥർ ഉടൻ വൈദ്യസഹായം നൽകിയതായും, വസ്ത്രങ്ങൾ മുറിച്ച് മുറിവുകളിൽ ചെസ്റ്റ് സീലുകൾ ഘടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് മുൻപ്, രണ്ട് സ്ത്രീകൾ വിസിൽ മുഴക്കി ഒരു ബോർഡർ പട്രോൾ ഉദ്യോഗസ്ഥനെ സമീപിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. റോഡിൽ നിന്ന് മാറിനിൽക്കാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. തുടർന്ന് ഉദ്യോഗസ്ഥൻ ഇരുവരെയും തള്ളിമാറ്റുകയും, അതിൽ ഒരാൾ പിന്നീട് അലക്‌സ് പ്രെട്ടിയെന്ന തിരിച്ചറിയപ്പെട്ട ആളുടെ അടുത്തേക്ക് ഓടിപ്പോകുകയുമായിരുന്നു. പിന്നാലെ പ്രെട്ടിയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെയാണ് പിടിവലി ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വെടിവെപ്പിന് ശേഷം പത്ത് മിനിറ്റിലധികം സമയം കഴിഞ്ഞാണ് മിനിയാപോളിസ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ എമർജൻസി മെഡിക്കൽ സർവീസ് പ്രെട്ടിയെ ഹെനെപ്പിൻ കൗണ്ടി മെഡിക്കൽ സെന്ററിലെത്തിച്ചത്. രാവിലെ 9.32ഓടെ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു.
പ്രെട്ടിയുടെ മൃതദേഹം ഹെനെപ്പിൻ കൗണ്ടി മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുമെന്നും, ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നും CBP അറിയിച്ചു.
പ്രെട്ടിയുടെ കൊലപാതകം: രണ്ട് ഉദ്യോഗസ്ഥർ വെടിയുതിർത്തെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്
