ന്യൂയോർക്ക് : നഗരത്തിലെ മേയറുടെ ഔദ്യോഗിക വസതിക്ക് സമീപം നടന്ന പ്രതിഷേധത്തിനിടെ സ്‌ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ രണ്ടു യുവാക്കളെ ഭീകരവാദ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. എമിർ ബാലറ്റ് (18), ഇബ്രാഹിം കയൂമി (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഐസിസ് തീവ്രവാദ സംഘടനയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനം ലഭിച്ചാണ് ആക്രമണശ്രമം നടത്തിയതെന്ന് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
വിദേശ ഭീകരസംഘടനയ്ക്ക് പിന്തുണ നൽകാൻ ശ്രമിച്ചത്, വൻനാശം വിതയ്ക്കാൻ കഴിയുന്ന ആയുധം ഉപയോഗിക്കാൻ ശ്രമിച്ചത് തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും ജാമ്യമില്ലാതെ തടവിൽ പാർപ്പിച്ചു.
ന്യൂയോർക്ക് മേയർ സോഹ്രാൻ മംദാനിയുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷന്റെ സമീപത്ത് ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. മേയറിനെ വിമർശിക്കുന്ന വലതുപക്ഷ പ്രവർത്തകനായ ജേക്ക് ലാംഗ് സംഘടിപ്പിച്ച ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനെതിരെ വലിയ തോതിൽ പ്രതിപക്ഷ പ്രതിഷേധവും നടന്നിരുന്നു.
ഈ സംഘർഷാവസ്ഥക്കിടയിൽ ബാലറ്റ് കൈകൊണ്ട് നിർമ്മിച്ച സ്‌ഫോടകവസ്തു നിറച്ച ജാറിനോട് സാമ്യമുള്ള ഉപകരണം ജനക്കൂട്ടത്തിലേക്ക് എറിഞ്ഞതായി അന്വേഷണ രേഖകൾ വ്യക്തമാക്കുന്നു. അതിൽ ടി.എ.ടി.പി. എന്ന ശക്തമായ സ്‌ഫോടകവസ്തുവും പുറത്തായി നട്ട്-ബോൾട്ട് ഘടിപ്പിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഉപകരണം പൊട്ടിയില്ല.
തുടർന്ന് ബാലറ്റ് രണ്ടാമത്തെ സമാന ഉപകരണം സഹപ്രതിയായ കയൂമിയിൽ നിന്ന് വാങ്ങി വീണ്ടും എറിയാൻ ശ്രമിച്ചപ്പോൾ പോലീസ് പിടികൂടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് ബാലറ്റിനെ പിടികൂടുകയും പിന്നീട് കയൂമിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
അറസ്റ്റിനിടെ കയൂമി 'ഐസിസ്' ആണ് തന്റെ പ്രവർത്തനത്തിന് പ്രചോദനമെന്ന് പറഞ്ഞതായും അന്വേഷണത്തിൽ ബാലറ്റ് തീവ്രവാദ സംഘടനയോട് അനുസരണപ്രതിജ്ഞ നടത്തിയതായി സമ്മതിച്ചതായും അധികൃതർ പറഞ്ഞു. 2013ലെ ബോസ്റ്റൺ മാരത്തൺ ബോംബാക്രമണത്തെക്കാൾ വലിയ ആക്രമണം നടത്താനായിരുന്നു ലക്ഷ്യമെന്ന് ബാലറ്റ് പറഞ്ഞതായും പരാതിയിൽ പറയുന്നു.
ജനങ്ങളിൽ ഭീതിയും വലിയ ദുരിതവും സൃഷ്ടിക്കാനായിരുന്നു ഈ ആക്രമണശ്രമമെന്ന് എഫ്.ബി.ഐയുടെ ന്യൂയോർക്ക് ഓഫീസ് മേധാവി ജെയിംസ് ബാർനക്കിൾ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധങ്ങൾക്കും ഭീഷണിയാകുന്ന ഇത്തരം അക്രമങ്ങൾക്ക് ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് യുഎസ് അറ്റോർണി ജേ ക്ലേട്ടൺ വ്യക്തമാക്കി.
ഇരുവരും പെൻസിൽവേനിയ സംസ്ഥാനത്തുകാരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബാലറ്റ് ലാംഗ്‌ഹോൺ പ്രദേശത്തെ നെഷാമിനി ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. സെപ്തംബർ മുതൽ ഓൺലൈൻ പഠനത്തിലൂടെയാണ് അദ്ദേഹം പഠനം തുടരുന്നത്.
ഇരുവരും തമ്മിൽ അടുത്തകാലത്താണ് പരിചയം ഉണ്ടായതെന്നാണ് പ്രതിഭാഗം അഭിഭാഷകർ പറയുന്നത്. മുൻ ക്രിമിനൽ കേസുകളൊന്നും ഇരുവർക്കുമില്ലെന്ന് ന്യൂയോർക്ക് പോലീസ് കമ്മീഷണർ ജെസിക്ക ടിഷ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട വാഹനത്തിൽ നടത്തിയ പരിശോധനയിൽ ഫ്യൂസ്, മെറ്റൽ കാൻ, സ്‌ഫോടകവസ്തു നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന രാസവസ്തുക്കളുടെ പട്ടിക എന്നിവ കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘർഷവുമായി ഈ ആക്രമണശ്രമത്തിന് ബന്ധമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. അമേരിക്കയിൽ ഐസിസ് ആശയധാര പടരാൻ അനുവദിക്കില്ലെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയും പ്രതികരിച്ചു.
ന്യൂയോർക്കിൽ ഭീകരാക്രമണ ശ്രമം: പ്രചോദനം ഐസിസ് എന്ന് സമ്മതിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ
