വാഷിങ്ടണ്‍: ഓപ്പറേഷന്‍ സതേണ്‍ സ്പിയര്‍ എന്ന പേരില്‍ നടത്തിയ ലഹരിക്കടത്ത് ദൗത്യത്തിന്റെ ഭാഗമായി അമേരിക്കന്‍ സൈന്യം പസഫിക് സമുദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു. യു എസ് സതേണ്‍ കമാന്‍ഡിന്റെ കീഴിലുള്ള 'ജോയിന്റ് ടാസ്‌ക് ഫോഴ്സ് സതേണ്‍ സ്പിയര്‍' ആണ് പസഫിക് സമുദ്രത്തില്‍ ലഹരിക്കടത്ത് സംഘത്തിന്റെ ബോട്ട് ലക്ഷ്യമിട്ട് മാരകമായ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ബോട്ടിലുണ്ടായിരുന്ന രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ രക്ഷപ്പെട്ടതായും ഇയാള്‍ക്കായി യു എസ് കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് ഈ നീക്കം നടന്നതെന്ന് സതേണ്‍ കമാന്‍ഡ് എക്‌സ് പ്ലാറ്റ് ഫോമിലൂടെ വ്യക്തമാക്കി.
ലഹരിക്കടത്ത് നടത്തുന്ന നിയുക്ത ഭീകര സംഘടനകളെ നേരിടാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഈ ഓപ്പറേഷന്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ വിവിധ ആക്രമണങ്ങളിലായി ഏകദേശം 117 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ തീരങ്ങളിലേക്ക് ലഹരി മരുന്ന് എത്തുന്നത് തടയാന്‍ സമുദ്ര മേഖലകളില്‍ കൂടുതല്‍ കര്‍ശനമായ സൈനിക നടപടികള്‍ തുടരുമെന്ന് ട്രംപ് ഭരണകൂടം ആവര്‍ത്തിച്ചു.
