ലൂസിയാനയെ പിടിച്ചുലച്ച് യു-വിസ തട്ടിപ്പ് കേസുകൾ

ലൂസിയാനയെ പിടിച്ചുലച്ച് യു-വിസ തട്ടിപ്പ് കേസുകൾ


ലൂസിയാന: യു-വിസ തട്ടിപ്പ് കേസിൽ അമേരിക്കൻ ഫെഡറൽ അധികൃതർ രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് നിയമനടപടികൾ ആരംഭിച്ചു. ചില കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് അമേരിക്കയിൽ താമസാവകാശവും പൗരത്വ സാധ്യതയും അനുവദിക്കുന്ന പ്രത്യേക വിസാ സംവിധാനമാണ് യു-വിസ.
മാനസികമായോ ശാരീരികമായോ പീഡനമനുഭവിക്കുകയും അതുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ അന്വേഷണത്തിന് സഹകരിക്കുകയും ചെയ്യുന്ന വിദേശ പൗരന്മാർക്കാണ് യു-വിസ നൽകുന്നത്. ഈ വിസ ലഭിക്കുന്നവർക്ക് മൂന്ന് വർഷത്തിന് ശേഷം ഗ്രീൻ കാർഡിന് അപേക്ഷിക്കാനും പിന്നീട് പൗരത്വം ലഭിക്കുകയും  ചെയ്യും.
2000ലാണ് വിക്ടിംസ് ഓഫ് ട്രാഫിക്കിംഗ് ആൻ്റ് വയലൻസ് പ്രൊട്ടക്ഷൻ ആക്ട്  നിയമത്തിന്റെ ഭാഗമായാണ് കോൺഗ്രസ് പദ്ധതി ആരംഭിച്ചത്. കുടുംബാതിക്രമം, ലൈംഗിക പീഡനം, മനുഷ്യക്കടത്ത് തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങൾ അന്വേഷിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുന്നതിന് ഇരകളുടെ സഹകരണം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം.
പ്രതിവർഷം 10,000 യു-വിസകൾ മാത്രമാണ് അനുവദിക്കുന്നത്. എന്നാൽ അർഹരായ അപേക്ഷകർ ഇതിലധികമാണ്. അപേക്ഷകർക്ക് വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുകയും, ആ കാലയളവിൽ നിയമപരമായ താമസാവകാശമില്ലാത്തതിനാൽ നാടുകടത്തപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.
2022-ൽ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ഇൻസ്‌പെക്ടർ ജനറൽ ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ യു-വിസ പദ്ധതിയിൽ തട്ടിപ്പുകൾ സംബന്ധിച്ച പരാതികൾ ശരിയായി നിരീക്ഷിക്കുന്നില്ലെന്ന ആശങ്ക ഉയർത്തിയിരുന്നു. ഇത് തട്ടിപ്പുകൾക്ക് വഴി തുറക്കുകയും പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആളുകൾ പിന്നോട്ടടിക്കാനും കാരണമാകുമെന്നായിരുന്നു മുന്നറിയിപ്പ്. തുടർന്ന് പരിശോധനകൾ ശക്തമാക്കുന്നതായി ട്രംപ് ഭരണകൂടം ഡിസംബർ മാസത്തിൽ പ്രഖ്യാപിച്ചിരുന്നു.
ലൂസിയാനയിൽ, 2015 മുതൽ 2025 വരെ മൂന്ന് ചെറുകമ്മ്യൂണിറ്റികളിൽ വ്യാപിച്ച തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെയും ഒരു വ്യവസായിക്കുമെതിരെ ജൂലൈയിൽ ഫെഡറൽ അധികാരികൾ കുറ്റപത്രം സമർപ്പിച്ചു. വിദേശ പൗരന്മാർക്ക് യു-വിസ ലഭിക്കാൻ കവർച്ചകൾ നടന്നുവെന്ന് കൃത്രിമമായി റിപ്പോർട്ട് ചെയ്തുവെന്നാണ് ആരോപണം.
ഈ തട്ടിപ്പിൽ ഇടനിലക്കാരനായിരുന്ന വ്യവസായി യു-വിസ നേടാൻ ആഗ്രഹിക്കുന്നവരെ പോലീസ് മേധാവികളുമായും മുൻ പോലീസ് മേധാവിയുമായും ഒരു മാർഷലുമായും ബന്ധിപ്പിച്ചുവെന്നാണ് പ്രോസിക്യൂട്ടർമാരുടെ ആരോപണം. ഓരോ ഇരയുടെ പേരിലും 5,000 ഡോളർ വരെ ഉദ്യോഗസ്ഥർക്ക് ലഭിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൃത്രിമ കുറ്ററിപ്പോർട്ടുകൾ തയ്യാറാക്കി വ്യക്തികളെ ഇരകളായി രേഖപ്പെടുത്തിയതിനു ശേഷം, അവ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് സമർപ്പിക്കപ്പെട്ടിരുന്നു. ഇതുവഴി നൂറുകണക്കിന് ആളുകൾ യു-വിസ നേടിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
മാർച്ച് അവസാനം ആരംഭിക്കാനിരുന്ന വിചാരണ മാറ്റിവെച്ചിരിക്കുകയാണ്. പ്രതികളായ അഞ്ചുപേരിൽ രണ്ടുപേർ കുറ്റസമ്മത ഹിയറിംഗിനായി അപേക്ഷ നൽകിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, ബോസ്റ്റണിൽ ഈ മാസം നടന്ന മറ്റൊരു കേസിൽ യു-വിസ നേടുന്നതിന് കൃത്രിമ കവർച്ചകൾ സംഘടിപ്പിച്ചുവെന്നാരോപിച്ച് 10 ഇന്ത്യൻ പൗരന്മാർക്കെതിരെ ഗ്രാൻഡ് ജ്യൂറി കുറ്റം ചുമത്തി.