വാഷിംഗ്ടണ്‍: ജനീവയില്‍ നടക്കുന്ന യു എസ്- ഇറാന്‍ ചര്‍ച്ചകളില്‍ കരാര്‍ ഉണ്ടാകാത്ത പക്ഷം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. നിര്‍ണായക ചര്‍ച്ചകളില്‍ താന്‍ 'പരോക്ഷമായി' പങ്കെടുക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചു.
ചര്‍ച്ചകള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് വിശേഷിപ്പിച്ച ട്രംപ് ഇറാന്‍ മോശം ചര്‍ച്ചയുടെ ആളുകളാണെന്നും പറഞ്ഞു. അവര്‍ക്ക് കരാര്‍ ഉണ്ടാക്കാമായിരുന്നുവെങ്കിലും തങ്ങള്‍ക്ക് പകരമായി അവരുടെ ആണവ ശേഷി തകര്‍ക്കാന്‍ ബി-2 ബോംബറുകള്‍ അയയ്‌ക്കേണ്ടിവന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്‍ കൂടുതല്‍ യുക്തിപരമായി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ കരാര്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ ട്രംപ് ഇടയ്ക്ക് ചില സംഘര്‍ഷങ്ങള്‍ കാണാമെങ്കിലും
മൊത്തത്തില്‍ പരിഗണിച്ചാല്‍ മിഡില്‍ ഈസ്റ്റ് സമാധാനത്തിലാണെന്നും അത് സംഭവിച്ചത് അവരുടെ ആണവ ശേഷിക്കെതിരെ ബി-2 ആക്രമണം നടത്തിയതുകൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്ക നടത്തിയ ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ സൈനിക നടപടിയില്‍ ഫോര്‍ഡോ, നത്താന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതായി ട്രംപ് വീണ്ടും ഓര്‍മ്മിപ്പിച്ചു. ആ നടപടി ഉണ്ടായിരുന്നില്ലെങ്കില്‍ ഇറാന്‍ ഒരു മാസത്തിനുള്ളില്‍ ആണവായുധം സ്വന്തമാക്കിയേനെയായിരുന്നു ട്രംപിന്റെ പ്രതികരണം.
യു എസും ഇറാനും തമ്മിലുള്ള അടുത്ത ചര്‍ച്ചകള്‍ ഇന്നാണ് ജനീവയില്‍ നടക്കുന്നത്. ഒമാനാണ് ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്നത്.
ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ യു എസ് നാവികസേനയുടെ വിമാന വാഹിനി കപ്പല്‍ യു എസ് എസ് അബ്രഹാം ലിങ്കണിന്റെ നേതൃത്വത്തില്‍ ഇറാന്റെ തീരത്തേക്ക് വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ആണവ ചര്‍ച്ചകള്‍ ഒമാനിലെ മസ്‌കത്തിലും ഇറ്റലിയിലെ റോമിലുമാണ് നടന്നത്.
ഇറാന്റെ ആണവപരിപാടി ആണവബോംബ് നിര്‍മ്മാണത്തിനായി ലക്ഷ്യമിട്ടതാണെന്ന ആശങ്ക യു എസും ചില യൂറോപ്യന്‍ രാജ്യങ്ങളും പ്രകടിപ്പിക്കുമ്പോള്‍ ടെഹ്‌റാന്‍ ഈ ആരോപണം നിഷേധിക്കുന്നു. ഈ മാസം ആദ്യം റോയിട്ടേഴ്‌സിനോട് സംസാരിച്ച ഒരു പ്രാദേശിക നയതന്ത്രജ്ഞന്‍, ഇറാന്‍ രാജ്യത്തിനുള്ളില്‍ യുറേനിയം സമ്പുഷ്ടീകരണം നടത്താനുള്ള അവകാശത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമ്പുഷ്ടീകരണത്തിന്റെ നിലവാരവും ശുദ്ധിയും സംബന്ധിച്ചോ പ്രാദേശിക കൂട്ടായ്മ രൂപീകരണവുമായി ബന്ധപ്പെട്ടോ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
