വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും ശക്തമായും വിവാദമായും മാറിയ നയങ്ങൾക്കു പിന്നിലെ മുഖമാണ് സ്റ്റീഫൻ മില്ലർ. വർഷങ്ങളായി ട്രംപിന്റെ രാഷ്ട്രീയ വൃത്തത്തിൽ കഠിന നിലപാടുകളുമായി സജീവമായിരുന്ന മില്ലർ, ഇപ്പോൾ ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി മാറിയിരിക്കുകയാണ്.
വൈറ്റ് ഹൗസിൽ നയനിർണയത്തിന്റെ മുൻനിരയിൽ നിൽക്കുന്ന മില്ലറുടെ കടുത്ത, ഏറ്റുമുട്ടൽ സ്വഭാവമുള്ള സമീപനമാണ് ട്രംപിന്റെ കർശന കുടിയേറ്റ നയങ്ങൾക്ക് ഇന്ധനമായത്. അമേരിക്കൻ ഭൂഖണ്ഡത്തിലെ വിവിധ വിഷയങ്ങളിൽ യുഎസിന്റെ അധികാരം വ്യാപിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ സ്വാധീനം വർധിച്ചിട്ടുണ്ട്.
2026 ആരംഭത്തിൽ തന്നെ ട്രംപ് ഭരണകൂടം സ്വീകരിച്ച അതിവേഗ തീരുമാനങ്ങൾ മില്ലറുടെ ശക്തി കൂടുതൽ ഉറപ്പിച്ചു. എന്നാൽ ഇടതുപക്ഷത്തിന്റെ കണ്ണിൽ അദ്ദേഹം 'വില്ലൻ' ആണ്. വാഷിംഗ്ടൺ ഡി.സിയിൽ മില്ലറുടെ ചിത്രം പതിച്ച 'ഫാസിസം സുന്ദരമല്ല' എന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റുകൾ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിലെയും ചിലർ അദ്ദേഹത്തിന്റെ വിധിനിർണയത്തെ ചോദ്യം ചെയ്യുന്നു.
മിനിയാപ്പോളിസിൽ കുടിയേറ്റ ഉദ്യോഗസ്ഥർ വെടിവെച്ചു കൊലപ്പെടുത്തിയ അലക്‌സ് പ്രെട്ടി കേസിൽ മില്ലർ നടത്തിയ സോഷ്യൽ മീഡിയ പരാമർശങ്ങൾ വലിയ വിവാദമായി. തെളിവുകൾ പുറത്തുവന്നതോടെ, ആദ്യ വിലയിരുത്തലുകൾ പിൻവലിക്കേണ്ടിവന്നത് മില്ലറിന് അപൂർവ അനുഭവമായി. ഇതോടെ, കുടിയേറ്റ ഉദ്യോഗസ്ഥരുടെ അതിക്രമങ്ങൾക്ക് അദ്ദേഹം പ്രോത്സാഹനം നൽകുന്നു എന്ന ആരോപണവും ശക്തമായിട്ടുണ്ട്.
അതേസമയം, ഐ സി ഇ 3,000 പേരെ അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യം മുന്നോട്ടുവച്ചത് മില്ലറായിരുന്നു. ഇതിന്റെ ഭാഗമായാണ് വാഷിംഗ്ടൺ ഡി.സി., ഷിക്കാഗോ, മിനിയാപ്പോളിസ് തുടങ്ങിയ നഗരങ്ങളിൽ കടുത്ത നടപടികൾ ശക്തിപ്പെട്ടത്. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പോലും, 'ഞാൻ ചെയ്തതെല്ലാം പ്രസിഡന്റ്‌ന്റെയും സ്റ്റീഫന്റെയും നിർദേശപ്രകാരമാണ്' എന്ന് തുറന്നുപറഞ്ഞു.
ഇതിനിടെ പൊതുജനാഭിപ്രായം മാറുന്നതിന്റെ സൂചനകളുണ്ട്. ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കുള്ള പിന്തുണ 39 ശതമാനമായി കുറഞ്ഞു. 58 ശതമാനം പേർ നടപടികൾ 'അതിക്രമമായിപ്പോയി' എന്നാണ് അഭിപ്രായപ്പെട്ടത്. ഇതോടെ നവംബറിൽ നടക്കുന്ന മധ്യകാല തിരഞ്ഞെടുപ്പിന് മുമ്പ് മില്ലർ കടുത്ത വിമർശനങ്ങളുടെ കേന്ദ്രമായി.
ട്രംപിനോട് അതീവ വിശ്വസ്തത പുലർത്തുന്ന മില്ലർ, പ്രസിഡന്റിന്റെ 'മനോഭാവത്തിന്റെ ഭാഗം' തന്നെയാണെന്ന് ട്രംപിന്റെ മുൻ ഉപദേഷ്ടാക്കൾ പറയുന്നു. 'ശക്തമായി മുന്നോട്ട് പോവുക, ഒരിക്കലും പിൻമാറരുത്' - ഇതാണ് മില്ലറുടെ രാഷ്ട്രീയ തത്വം.
വൈറ്റ് ഹൗസിൽ നയസുരക്ഷാ ഉപദേഷ്ടാവെന്ന ഔദ്യോഗിക പദവിയിലിരിക്കുന്ന മില്ലർ, വിദേശനയത്തിലും അസാധാരണമായ സ്വാധീനം ചെലുത്തുന്നുണ്ട്. വെനിസ്വേലയിലെ സൈനിക നടപടി മുതൽ ഗ്രീൻലാൻഡിനെക്കുറിച്ചുള്ള ട്രംപിന്റെ ആഗ്രഹങ്ങൾ വരെ, എല്ലായിടത്തും മില്ലറുടെ ശബ്ദം കേൾക്കപ്പെടുന്നു.
'ലോകം ശക്തിയാലും അധികാരത്താലുമാണ് നിയന്ത്രിക്കപ്പെടുന്നത്' എന്ന മില്ലറുടെ പ്രസ്താവനകൾ ചില റിപ്പബ്ലിക്കൻ നേതാക്കളെപ്പോലും അസ്വസ്ഥരാക്കി. എങ്കിലും 'അമേരിക്ക ഫസ്റ്റ്' എന്ന ട്രംപ് - മില്ലർ ലോകദർശനത്തിന് പാർട്ടിക്കുള്ളിൽ വലിയ പിന്തുണയുണ്ട്.
വംശീയതയും അതിരൂക്ഷ ദേശീയതയും പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണങ്ങൾ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും, ട്രംപുമായുള്ള അടുപ്പമാണ് മില്ലറുടെ ഏറ്റവും വലിയ ശക്തി. 'ട്രംപ് കാലഘട്ടം അവസാനിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം വാതിൽ കടന്നുപോകുന്നവരിൽ സ്റ്റീഫൻ മില്ലറും ഉണ്ടാകും' എന്നാണ് റിപ്പബ്ലിക്കൻ നേതാവ് ലിൻഡ്‌സി ഗ്രഹാമിന്റെ വിലയിരുത്തൽ.
വിവാദങ്ങൾ എത്രയുണ്ടായാലും, ട്രംപിന്റെ ഭരണകൂടത്തിൽ സ്റ്റീഫൻ മില്ലർ ഇപ്പോഴും ശക്തമായ നിലയിൽ തന്നെയുണ്ട്.
ട്രംപിന്റെ 'മനസ്സ് വായിക്കുന്ന' ഉപദേഷ്ടാവ്: വിവാദങ്ങളുടെ നടുവിൽ സ്റ്റീഫൻ മില്ലർ
