എന്‍വിഡിയ ഓഹരികള്‍ 44 തവണയിലേറെ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായി ട്രംപിന്റെ സാമ്പത്തിക രേഖകള്‍

എന്‍വിഡിയ ഓഹരികള്‍ 44 തവണയിലേറെ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായി ട്രംപിന്റെ സാമ്പത്തിക രേഖകള്‍


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ ഈ വര്‍ഷം എന്‍വിഡിയയുടെ ഓഹരികള്‍ കുറഞ്ഞത് 44 തവണ വാങ്ങുകയും വില്‍ക്കുകയും ചെയ്തതായി സാമ്പത്തിക വെളിപ്പെടുത്തല്‍ രേഖകള്‍. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 52 ലക്ഷം മുതല്‍ 1.7 കോടി ഡോളര്‍ വരെ മൂല്യമുള്ള എന്‍വിഡിയ ഓഹരികള്‍ വാങ്ങിയപ്പോള്‍ 44 ലക്ഷം മുതല്‍ 1.2 കോടി ഡോളര്‍ വരെ മൂല്യമുള്ള ഓഹരികള്‍ വിറ്റതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

2025 അവസാനത്തോടെ ട്രംപിന്റെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ 1.25 കോടി മുതല്‍ 5.8 കോടി ഡോളര്‍ വരെ മൂല്യമുള്ള എന്‍വിഡിയ ഓഹരികളുണ്ടായിരുന്നു. യു.എസ്. ഓഫിസ് ഓഫ് ഗവണ്‍മെന്റ് എത്തിക്‌സിന് സമര്‍പ്പിച്ച സാമ്പത്തിക വെളിപ്പെടുത്തലുകളില്‍ ഇടപാടുകളുടെ മൂല്യം കൃത്യമായ തുകയായല്ല, കുറഞ്ഞതും കൂടിയതുമായ പരിധികളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഓഹരി ഇടപാടുകളുടെ കൃത്യമായ ആകെ മൂല്യം നിര്‍ണയിക്കാനാവില്ല.

ട്രംപിന്റെ ഓഹരിബോണ്ട് നിക്ഷേപങ്ങള്‍ സ്വതന്ത്രമായി മൂന്നാം കക്ഷികളാണ് കൈകാര്യം ചെയ്യുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. നിക്ഷേപങ്ങള്‍ എങ്ങനെ നടത്തണമെന്നോ എപ്പോള്‍ ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യണമെന്നോ ട്രംപിനോ കുടുംബാംഗങ്ങള്‍ക്കോ നിര്‍ദേശിക്കാനോ സ്വാധീനിക്കാനോ കഴിയില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, എന്‍വിഡിയ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെന്‍സന്‍ ഹുവാങിന്റെ സ്ഥാനമാറ്റവും തിരിച്ചുവരവും കമ്പനിയുടെ ഓഹരി വിലയില്‍ വലിയ ചലനമുണ്ടാക്കി. വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നവംബര്‍ 12ന് ഹുവാങ് സ്ഥാനമൊഴിഞ്ഞിരുന്നു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ഒരു സ്ത്രീയുമായുള്ള ബന്ധവും റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ എന്‍വിഡിയ ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞു. എന്നാല്‍ തിങ്കളാഴ്ച ചേര്‍ന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 63കാരനായ ഹുവാങിനെ വീണ്ടും ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചു.

ഹുവാങിനെ തിരിച്ചെത്തിക്കാന്‍ താന്‍ ഇടപെട്ട് കരാര്‍ ഉറപ്പാക്കിയെന്ന് ട്രംപ് അമേരിക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹുവാങ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന വിവരം യു.എസ്. ഭരണകൂടത്തിലെ ഉന്നതതലങ്ങളില്‍നിന്ന് ലഭിച്ചതായും ബോര്‍ഡ് അറിയിച്ചു. തിരിച്ചുവരവ് പ്രഖ്യാപിച്ചതിനു പിന്നാലെ തിങ്കളാഴ്ച എന്‍വിഡിയ ഓഹരികള്‍ 31 ശതമാനം ഉയര്‍ന്നു. ഇതോടെ കമ്പനിയുടെ വിപണിമൂല്യത്തില്‍ ഏകദേശം ഒരു ലക്ഷം കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. എങ്കിലും ഹുവാങിനെക്കുറിച്ചുള്ള വിവാദ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനു മുമ്പുള്ള നിലവാരത്തിലേക്ക് ഓഹരി വില പൂര്‍ണമായി തിരിച്ചെത്തിയിട്ടില്ല.

ഹുവാങിന്റെ നടപടികളെക്കുറിച്ചും ചൈനയിലേക്കുള്ള അത്യാധുനിക ചിപ്പ് കയറ്റുമതിയില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്‍വിഡിയ പാലിക്കുന്നുണ്ടോയെന്നതിനെക്കുറിച്ചും റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ രാഷ്ട്രീയക്കാര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഹുവാങിനെ തിരിച്ചെത്തിക്കുന്നതില്‍ ട്രംപ് നടത്തിയ ഇടപെടലും പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യവസായത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച എന്‍വിഡിയയുടെ ചിപ്പ് സാങ്കേതികവിദ്യയും നിക്ഷേപങ്ങളും കമ്പനിയെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റി.

സ്‌റ്റേറ്റ് സ്ട്രീറ്റിന്റെ കണക്കനുസരിച്ച് എസ് ആന്‍ഡ് പി 500 ഓഹരി സൂചികയുടെ ആറു ശതമാനത്തിലധികം ഇപ്പോള്‍ എന്‍വിഡിയയുടെ പങ്കാളിത്തമാണ്. സൂചികയില്‍ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ആപ്പിളിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കമ്പനി. ട്രംപിന്റെ നിക്ഷേപ അക്കൗണ്ടുകള്‍ ആപ്പിള്‍ ഓഹരികളിലും പതിവായി ഇടപാടുകള്‍ നടത്തുന്നുണ്ട്. രണ്ടാം പ്രസിഡന്റ് കാലയളവിന്റെ ആദ്യ വര്‍ഷത്തെ സാമ്പത്തിക വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് പ്രകാരം വിവിധ നിക്ഷേപങ്ങളിലൂടെയും വാണിജ്യ പ്രവര്‍ത്തനങ്ങളിലൂടെയും ട്രംപ് കുറഞ്ഞത് 220 കോടി ഡോളര്‍ വരുമാനം നേടിയതായും രേഖകള്‍ വ്യക്തമാക്കുന്നു.