വാഷിംഗ്ടണ്‍: അമേരിക്കന്‍ തലസ്ഥാനത്തെ പ്രശസ്ത സാംസ്‌കാരിക സ്ഥാപനമായ കെന്നഡി സെന്ററിന്റെ പേര് 'ട്രംപ്-കെന്നഡി സെന്റര്‍' എന്നാക്കി മാറ്റാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം കൈക്കൊണ്ടതായി സെന്റര്‍ വക്താവ് അറിയിച്ചു. സ്ഥാപനത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയും ഭൗതിക നാശം തടയുകയും ചെയ്ത നിലവിലെ ചെയര്‍മാനായ ഡോണള്‍ഡ് ട്രംപിന്റെ പങ്ക് അംഗീകരിക്കുന്നതാണെന്ന് കെന്നഡി സെന്ററിന്റെ പബ്ലിക് റിലേഷന്‍സ് വൈസ് പ്രസിഡന്റ് റോമ ദാരാവി പ്രസ്താവനയില്‍ വ്യക്തമാക്കി. പുതിയ പേര് തലമുറകളോളം അമേരിക്കയുടെ സാംസ്‌കാരിക കേന്ദ്രത്തിന് ഇരുകക്ഷി പിന്തുണ പ്രതിഫലിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
ഇതെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റ് എക്‌സില്‍ പ്രതികരിച്ചു. 'പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപിനും പ്രസിഡന്റ് ജോണ്‍ എഫ്. കെനഡിക്കും അഭിനന്ദനങ്ങള്‍. ഈ കൂട്ടുകെട്ട് ഭാവിയില്‍ സ്ഥാപനത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും,' എന്നായിരുന്നു പ്രതികരണം. ബോര്‍ഡ് അംഗങ്ങളുടെ നിര്‍ദേശപ്രകാരം ഏകകണ്ഠമായ വോട്ടിലൂടെയാണ് തീരുമാനമുണ്ടായതെന്നും താന്‍ അതില്‍ അഭിമാനിക്കുന്നതായും ട്രംപും, വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ തീരുമാനം പുറത്തുവന്നതോടെ ശക്തമായ എതിര്‍പ്പുകളാണ് ഉയരുന്നത്. കെന്നഡി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇത് നിയമപരമായി നിലനില്‍ക്കില്ലെന്ന് വാദിച്ചു. മുന്‍ കോണ്‍ഗ്രസ് അംഗവും കെന്നഡിയുടെ കൊച്ചുമകനുമായ ജോസഫ് കെനഡി മൂന്നാമന്‍, 'കെനഡി സെന്റര്‍ ഒരു വീരമൃത്യുവടഞ്ഞ പ്രസിഡന്റിനുള്ള ജീവിക്കുന്ന സ്മാരകമാണ്. ഫെഡറല്‍ നിയമപ്രകാരം നല്‍കിയ പേരാണ് അത്. ലിങ്കണ്‍ മെമ്മോറിയലിന്റെ പേര് മാറ്റുന്നതുപോലെ അസാധ്യമാണിത്,' എന്ന് വ്യക്തമാക്കി.
കെന്നഡിയുടെ അനിയത്തിയും ആരോഗ്യമന്ത്രിയായ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുടെ സഹോദരിയുമായ കെറി കെന്നഡി, ട്രംപ് ഭരണകൂടം കലാകാരെയും മാധ്യമങ്ങളെയും ലക്ഷ്യമിട്ട് സ്വതന്ത്രപ്രകടനം അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ചു. നീതി, സമത്വം, മാനവികത എന്നീ മൂല്യങ്ങള്‍ക്കായി നിലകൊണ്ട പ്രസിഡന്റ് കെന്നഡിയുടെ പേരിനൊപ്പം ട്രംപിന്റെ പേര് ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ബോര്‍ഡ് തീരുമാനം ഏകകണ്ഠമല്ലെന്ന ആരോപണവും ഉയര്‍ന്നു. കെന്നഡി സെന്റര്‍ ബോര്‍ഡിലെ എക്‌സ്ഓഫിഷ്യോ അംഗമായ ഡെമോക്രാറ്റിക് പ്രതിനിധി ജോയ്‌സ് ബീറ്റി, യോഗത്തില്‍ തനിക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചതായും മൈക്ക് മ്യൂട്ട് ചെയ്തതായും പറഞ്ഞു. എന്നാല്‍ ബീറ്റിക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്നും യോഗം കേള്‍ക്കാനുള്ള 'പ്രിവിലേജ്' മാത്രമാണ് നല്‍കിയതെന്നുമാണ് സെന്ററിന്റെ വിശദീകരണം.
കെന്നഡി സെന്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഐസന്‍ഹവര്‍, കെന്നഡി, ജോണ്‍സണ്‍ ഭരണകാല നിയമങ്ങള്‍ സ്ഥാപനത്തിന്റെ പേര് മാറ്റുന്നത് വ്യക്തമായി നിരോധിക്കുന്നതാണെന്ന് ഡെമോക്രാറ്റിക് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന്റെ പ്രത്യേക അനുമതിയില്ലാതെ പേര് മാറ്റാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. അതിനാല്‍ ബോര്‍ഡ് തീരുമാനം നടപ്പാകുമോ എന്നത് നിയമപരമായ കടമ്പകള്‍ മറികടക്കുന്നതിനെ ആശ്രയിച്ചിരിക്കും.
ട്രംപിന്റെ രണ്ടാം കാലാവധിയില്‍ കെന്നഡി സെന്ററിന്റെ പ്രവര്‍ത്തനങ്ങളിലും പരിപാടികളിലും വലിയ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഡ്രാഗ് ഷോകള്‍ ഉള്‍പ്പെടെയുള്ള പരിപാടികളെ വിമര്‍ശിച്ച ട്രംപ്, ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും സ്വയം ചെയര്‍മാനാകുകയും ചെയ്തിരുന്നു. ഇതെല്ലാം ചേര്‍ന്ന്, കെന്നഡി സെന്ററിന്റെ പേരുമാറ്റം അമേരിക്കന്‍ രാഷ്ട്രീയസാംസ്‌കാരിക രംഗത്ത് വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
കെന്നഡി സെന്ററിന് 'ട്രംപ്-കെന്നഡി സെന്റര്‍' എന്ന് പേര് മാറ്റാന്‍ നീക്കം : ബോര്‍ഡ് തീരുമാനം വിവാദമായി
