ട്രംപിന്റെ വിജയ കമാനം ചരിത്രസ്മാരകങ്ങളുടെ കാഴ്ച മറയ്ക്കും; പ്രതികൂല പ്രത്യാഘാതങ്ങൾ അംഗീകരിച്ച് ഭരണകൂടം

ട്രംപിന്റെ വിജയ കമാനം ചരിത്രസ്മാരകങ്ങളുടെ കാഴ്ച മറയ്ക്കും; പ്രതികൂല പ്രത്യാഘാതങ്ങൾ അംഗീകരിച്ച് ഭരണകൂടം


വാഷിങ്ടൺ: പോട്ടോമാക് നദിക്കരയിൽ ആർലിങ്ടൺ ദേശീയ സെമിത്തേരിക്ക് സമീപം നിർമിക്കാൻ ഉദ്ദേശിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 250 അടി ഉയരമുള്ള വിജയ കമാനം ചരിത്രപരമായ ഭൂപ്രകൃതിയിലും നദിക്കരയിലെ കാഴ്ചകളിലും പ്രതികൂല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അംഗീകരിച്ച് ട്രംപ് ഭരണകൂടം. നിർമാണം മൂലമുണ്ടാകുന്ന ആഘാതങ്ങൾ പൂർണമായി ഒഴിവാക്കാനാകില്ലെന്നും നിർദിഷ്ട സ്ഥലം പദ്ധതിയുടെ പ്രധാന ഭാഗമായതിനാൽ കമാനം മറ്റൊരിടത്തേക്ക് മാറ്റാനാകില്ലെന്നും നാഷണൽ പാർക്ക് സർവീസ് (എൻപിഎസ്) തയ്യാറാക്കിയ രേഖയിൽ വ്യക്തമാക്കി.

വാഷിങ്ടൺ മേഖലയിലെ നാല് ചരിത്രസംരക്ഷണ, ആസൂത്രണ ഏജൻസികൾക്ക് അയച്ച രേഖയിലാണ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. നിർമാണ സമയത്തെ പ്രകമ്പനങ്ങൾ നിരീക്ഷിക്കുക, ശബ്ദനിയന്ത്രണം ഏർപ്പെടുത്തുക, പുരാവസ്തു പഠനം നടത്തുക, പാർക്ക് പ്രദേശത്ത് പുതിയ നടപ്പാതകൾ, കർബുകൾ, വിളക്കുകൾ, സസ്യനടീൽ എന്നിവ ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ നടപ്പാക്കുക തുടങ്ങിയ നടപടികളാണ് പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനായി നിർദേശിച്ചിരിക്കുന്നത്.

ആർലിങ്ടൺ ദേശീയ സെമിത്തേരിയുടെ കാഴ്ചകൾക്ക് കമാനം തടസ്സമാകുമെന്നും കോൺഗ്രസിന്റെ അനുമതിയില്ലാതെ നിർമാണം നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി വിയറ്റ്‌നാം യുദ്ധത്തിലെ മുൻ സൈനികരുടെ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മാസം ആദ്യം പദ്ധതിയുടെ ഭാഗമായി മണ്ണ് കുഴിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സൈനികരുടെ അഭിഭാഷകർ ഫെഡറൽ കോടതിയിൽ ഹർജി നൽകിയിരുന്നു.

കമാനം നിർമിക്കാൻ ഉദ്ദേശിക്കുന്ന മെമ്മോറിയൽ സർക്കിൾ ദേശീയ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. ചരിത്രസ്മാരകത്തിന്റെ പ്രാധാന്യം കുറയാൻ സാധ്യതയുള്ള പദ്ധതികളിൽ ബന്ധപ്പെട്ട ചരിത്രസംരക്ഷണ അധികൃതരുമായി കൂടിയാലോചന നടത്തണമെന്ന് ഫെഡറൽ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ, പ്രതികൂല പ്രത്യാഘാതങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന വ്യവസ്ഥയുണ്ടെങ്കിലും, സംസ്ഥാന അധികൃതരുമായി ധാരണയിലെത്തിയില്ലെങ്കിൽ ഫെഡറൽ പദ്ധതിയുടെ നിർമാണം തുടരാനാകില്ലെന്ന് നിയമം വ്യക്തമാക്കുന്നില്ല.

മെമ്മോറിയൽ സർക്കിളിൽ നിർമിക്കുന്ന കമാനം പ്രദേശത്തിന്റെ ചരിത്രപരമായ പശ്ചാത്തലം, രൂപകൽപ്പന, ദൃശ്യാനുഭവം, ഘടനാപരമായ വിന്യാസം, സഞ്ചാരപാതകൾ, കാഴ്ചകളും ദൃശ്യവിസ്താരങ്ങളും എന്നിവയെ ബാധിക്കുമെന്ന് നാഷണൽ പാർക്ക് സർവീസ് രേഖയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശം ചരിത്രപരമായും സ്മാരകപരമായും ഏറെ സംവേദനക്ഷമമായ ഭൂപ്രകൃതിയാണെന്നും രേഖ വ്യക്തമാക്കുന്നു.

പദ്ധതിയുടെ രൂപരേഖകൾ പ്രകാരം 250 അടി ഉയരമുള്ള കമാനത്തിന് സമീപത്തെ 99 അടി ഉയരമുള്ള ലിങ്കൺ സ്മാരകത്തിന്റെ ഇരട്ടിയിലധികം ഉയരമുണ്ടാകും. 'വൺ നേഷൻ അണ്ടർ ഗോഡ്' എന്നെഴുതിയിരിക്കുന്ന കമാനത്തിന്റെ മുകളിൽ സ്വർണനിറത്തിലുള്ള ചിറകുകൾ വിടർത്തിയ ലേഡി ലിബർട്ടിയുടെ പ്രതിമ സ്ഥാപിക്കും. കമാനത്തിന്റെ അടിത്തറയുടെ ഓരോ കോണിലും നാല് സ്വർണനിറത്തിലുള്ള സിംഹപ്രതിമകളും ഉണ്ടാകും.

മെമ്മോറിയൽ സർക്കിളിന് പുറത്തേക്ക് കമാനം മാറ്റുന്നത് പദ്ധതിയുടെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തുമെന്നതിനാൽ മറ്റൊരു സ്ഥലം പരിഗണിക്കാനാകില്ലെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ധാരണ സംബന്ധിച്ച വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് 'ദ വാഷിങ്ടൺ പോസ്റ്റ്' ആണ്.

വാഷിങ്ടൺ ഡി.സി. മേഖലയ്ക്ക് കമാനം മികച്ച കൂട്ടിച്ചേർക്കലായിരിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും മഹത്തായതും മനോഹരവുമായ നിർമാണങ്ങളിലൊന്നായിരിക്കും ഇതെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പിൽ അവകാശപ്പെട്ടിരുന്നു.