വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. പ്രസിഡന്റിന്റെ കണങ്കാലുകളില്‍ കാണപ്പെട്ട തടിച്ച ഞരമ്പുകളുടെ വീക്കവും കൈകളിലെ മുറിപ്പാടുകളും അദ്ദേഹത്തിന്റെ ആരോഗ്യക്ഷമതയെക്കുറിച്ച് ആശങ്കയുണര്‍ത്തുന്നതായി ചിലര്‍ എക്‌സില്‍ കുറിച്ചു. ജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിന് ശേഷമാണ് സംശയങ്ങള്‍ ശക്തമായത്. ഈ പാടുകള്‍ സ്‌കിന്‍ ടോണിലുള്ള മേക്കപ്പ് ആകാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ ആരോഗ്യ പ്രശ്‌നങ്ങളാകാമെന്നാണ് അഭിപ്രായപ്പെട്ടത്.
അതേസമയം, ഈ വര്‍ഷം ഏപ്രിലില്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ശാരീരികമായും മാനസികമായും ട്രംപ് പൂര്‍ണ ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ജൂലായില്‍ വെടിയേറ്റതിന്റെ പാട് ട്രംപിന്റെ വലതുചെവിയിലുണ്ട്. അദ്ദേഹത്തിന്റെ ഹൃദയം, ശ്വാസകോശം എന്നിവയും പൊതുവായ ശാരീരികക്ഷമതയും വളരെ മികച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, ട്രംപിന്റെ അസുഖം മറച്ചുവയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ട്രംപിന്റെ കൈയുടേയും കണങ്കാലിന്റെയും ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണോ ട്രംപ് കുനിഞ്ഞിരിക്കുന്നത് എന്നുമുതല്‍ പ്രസിഡന്റ് അദ്ദേഹത്തിന്റെ ആരോഗ്യ റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചുവെന്നുവരെ ചിലര്‍ എക്‌സില്‍ ആരോപിച്ചു.
സാധാരണ അസുഖമാണ് ട്രംപിനുള്ളതെന്ന് വൈറ്റ് ഹൗസ്
ഇതിനിടയിൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് വൈറ്റ് ഹൗസ് രംഗത്തുവന്നു. ഞരമ്പുകൾക്കുണ്ടാകുന്ന ശേഷിക്കുറവ് കാരണം കാലുകൾക്ക് വീക്കമുണ്ടാകുന്ന സാധാരണ അസുഖമാണ് ട്രംപിനുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
70 വയസ് കഴിഞ്ഞവർക്ക് സാധാരണയായുണ്ടാകുന്ന ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന അസുഖമാണിതെന്ന് ട്രംപിന്റെ ഡോക്ടർ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോളിൻ ലിവിറ്റ് പറഞ്ഞു. അൾട്രാ സൗണ്ട് സ്‌കാനിങ്ങിലാണ് 79കാരനായ പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചത്.
കാലുകളിൽ നിന്നും രക്തം തിരികെ ഹൃദയത്തിലേക്ക് പമ്പുചെയ്യാനുള്ള ശേഷി കുറയുന്ന അസുഖാവസ്ഥയാണ് ട്രംപിന്. ഇത് മൂലം കാലുകളിൽ വീക്കമുണ്ടാകും. കാലക്രമേണ അസുഖത്തിന്റെ തോത് വർധിച്ചുവരും.
ഡീപ് വെയിൻ ത്രോംബോസിസ് പോലുള്ള അസുഖമോ ധമനികളെ ബാധിക്കുന്ന മറ്റ് ഗുരുതര അസുഖമോ പരിശോധനയിൽ കണ്ടെത്തിയില്ലെന്ന് ലിവിറ്റ് പറഞ്ഞു. ഹൃദയം, വൃക്കകൾ തുടങ്ങിയവയെ ബാധിക്കുന്ന അസുഖങ്ങളും കണ്ടെത്തിയിട്ടില്ല. നിലവിലെ രോഗാവസ്ഥ കാരണം ട്രംപിന് പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നുമില്ലെന്നും പ്രസ്സ് സെക്രട്ടറി വ്യക്തമാക്കി.
ട്രംപിന്റെ പുറംകൈയിൽ ചെറിയ തടിപ്പുകളുണ്ടെന്നും ഇത് നിരന്തരം ഹസ്തദാനം ചെയ്തശേഷം ആസ്പിരിൻ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാവുന്നതാണെന്നും പ്രസിഡന്റിന്റെ ഡോക്ടർ നൽകിയ വിവരങ്ങളനുസരിച്ച് പ്രസ്സ് സെക്രട്ടറി പറഞ്ഞു. ട്രംപിന്റെ കണങ്കാലിൽ വീക്കവും കൈയിൽ ചതവും കണ്ടെത്തിയതായി നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
