വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവര്‍ അടുത്തയാഴ്ച ചൈനയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മൂന്ന് വന്‍ശക്തികളുടെ തലവന്‍മാര്‍ പങ്കെടുക്കുന്ന ചരിത്രപ്രധാനമായ കൂടിക്കാഴ്ച ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയോടനുബന്ധിച്ചായിരിക്കും നടക്കുക. ചൈനയിലെ തെക്കന്‍ നഗരമായ ഷെന്‍ഷെനിലാണ് ഉച്ചകോടി നടക്കുന്നത്.
ലോകത്തെ ആണവായുധങ്ങളുടെ എണ്ണം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലീവിയ വെയില്‍സ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആണവായുധങ്ങളുടെ വ്യാപനം അതീവ അപകടകരമാണെന്നാണ് പ്രസിഡന്റ് ട്രംപിന്റെ നിലപാടെന്നും അവര്‍ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ആണവശക്തികളായ മൂന്ന് രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇറാന്‍ വിഷയവും ഉയര്‍ന്നുവന്നേക്കുമെന്നാണ് സൂചന. എന്നാല്‍ യുക്രെയ്ന്‍ യുദ്ധം ചര്‍ച്ചയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ച സ്ഥിരീകരിച്ച റഷ്യ, ചൈനയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ്.
ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രത്യേക കരാറോ ധാരണയോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളായ എ പി, റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച രാത്രി ഷെന്‍ഷെനിലെത്തുന്ന ട്രംപ്, 21 അംഗരാജ്യങ്ങള്‍ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ അപെക് ഉച്ചകോടിയില്‍ പങ്കെടുക്കും. വ്യാഴാഴ്ച ഷി ജിന്‍പിങ്ങുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തും. 2025ല്‍ വീണ്ടും അധികാരത്തിലെത്തിയതിനുശേഷം ഇരുവരും തമ്മിലുള്ള നാലാമത്തെ കൂടിക്കാഴ്ചയാണിത്.
ചൈനാ സന്ദര്‍ശനത്തിന്റെ അവസാനഘട്ടത്തില്‍ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന ത്രികക്ഷി കൂടിക്കാഴ്ച നടക്കുമെന്ന് വെയില്‍സ് അറിയിച്ചു. ചൊവ്വാഴ്ച ഫിലിപ്പീന്‍സില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കും. ഇന്തോ- പസഫിക് മേഖലയിലെ അമേരിക്കന്‍ താത്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും അമേരിക്കന്‍ ജനതയ്ക്ക് ചരിത്രപരമായ നേട്ടങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള സന്ദര്‍ശനമാണിതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാര്‍ ഫെബ്രുവരിയില്‍ കാലാവധി അവസാനിച്ചതോടെ ലോകത്തെ ഏറ്റവും വലിയ രണ്ട് ആണവായുധ ശേഖരങ്ങള്‍ക്കുമിടയില്‍ നിലവിലുണ്ടായിരുന്ന പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാതായിരുന്നു. ശീതയുദ്ധത്തിന് വിരാമമിടാന്‍ സഹായിച്ച ആയുധനിയന്ത്രണ സഹകരണത്തിന്റെ അവസാനമായാണ് ഈ സാഹചര്യം വിലയിരുത്തപ്പെടുന്നത്.
പുതിയ ആണവായുധ നിയന്ത്രണ ചട്ടക്കൂട് കാലതാമസമില്ലാതെ രൂപീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈനയെയും ഉള്‍പ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട കരാര്‍ രൂപീകരിക്കാനാണ് താല്‍പര്യമെന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആണവായുധ ശേഖരം വിപുലീകരിച്ചുകൊണ്ടിരിക്കുന്ന ചൈനയെ കൂടി കരാറിന്റെ ഭാഗമാക്കാനുള്ള ശ്രമം വര്‍ഷങ്ങള്‍ നീണ്ടേക്കാമെന്നും മോസ്‌കോയുടെയും ബെയ്ജിങ്ങിന്റെയും സഹകരണം ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാകുമെന്നും മുന്‍ മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥരും വിദഗ്ധരും ബി ബി സിയോട് പ്രതികരിച്ചിരുന്നു.
ഈ വര്‍ഷം ഏതാനും ദിവസങ്ങളുടെ ഇടവേളയില്‍ പുടിനെയും ട്രംപിനെയും ബീജിംഗില്‍ പ്രത്യേകം സ്വീകരിച്ച ഷി ജിന്‍പിങ്, സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചയില്‍ ട്രംപിനെയും സ്വീകരിച്ചിരുന്നു.
2022ല്‍ യുക്രെയ്നില്‍ റഷ്യ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം പാശ്ചാത്യ ഉപരോധങ്ങള്‍ക്കു വിധേയമായ മോസ്‌കോയുടെ പ്രധാന വ്യാപാര പങ്കാളിയായി ചൈന മാറിയിട്ടുണ്ട്. റഷ്യയുടെ ഡീസല്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട യു എസ് കരാറും മോസ്‌കോയില്‍നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ചൈന ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങള്‍ക്കെതിരായ ഉപരോധ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതും ട്രംപ് ഭരണകൂടത്തിന്റെ റഷ്യയോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകുന്നതിന്റെ സൂചനയായി യൂറോപ്യന്‍ രാജ്യങ്ങള്‍ വിലയിരുത്തിയിരുന്നു.
അതേസമയം, ബെയ്ജിങ്ങിലും വാഷിങ്ടണിലും നടന്ന ഉച്ചകോടികളിലൂടെ ട്രംപും ഷിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ ചിത്രം അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാരം, നിര്‍മിതബുദ്ധി (എഐ) രംഗത്തെ ആധിപത്യത്തിനായുള്ള മത്സരം, തായ്വാന്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍.
ഇറാനിലെ യുദ്ധവും അമേരിക്ക- ചൈന ബന്ധത്തിലെ തര്‍ക്ക വിഷയമാണ്. ഇറാന്റെ ഏറ്റവും വലിയ എണ്ണവാങ്ങുന്ന രാജ്യവും പ്രധാന വ്യാപാര പങ്കാളിയുമാണ് ചൈന.
അപെക് ഉച്ചകോടിക്കിടെ ഷി ജിന്‍പിങ് വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ട്രംപ്- പുടിന്‍- ഷി ത്രികക്ഷി കൂടിക്കാഴ്ചയെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപെക് ഉച്ചകോടിക്കിടെ ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഈ മാസം ആദ്യം റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
