ട്രംപ്- മെലോനി വാക്പോര് രൂക്ഷം; 'നേതാക്കള്‍ വരും പോകും, പക്ഷേ ബന്ധങ്ങള്‍ നിലനില്‍ക്കും' ഇറ്റലി

ട്രംപ്- മെലോനി വാക്പോര് രൂക്ഷം; 'നേതാക്കള്‍ വരും പോകും, പക്ഷേ ബന്ധങ്ങള്‍ നിലനില്‍ക്കും'  ഇറ്റലി


റോം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും തമ്മിലുള്ള വാക്പോര് കൂടുതല്‍ രൂക്ഷമായി. മെലോണി തന്നെ ആരാധനയോടെ നോക്കിനില്‍ക്കുന്നതായി ചിത്രീകരിച്ച ഡിജിറ്റലായി തിരുത്തിയ ഒരു ചിത്രം ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചതാണ് പുതിയ വിവാദത്തിന് കാരണം. ചിത്രത്തിന് 'നിയന്ത്രണ ഉത്തരവ് വേണം' എന്ന അടിക്കുറിപ്പും ട്രംപ് നല്‍കിയിരുന്നു.

നാറ്റോ ഉച്ചകോടിക്ക് തൊട്ടുമുമ്പ് വന്ന ട്രംപിന്റെ ഈ പോസ്റ്റിനെതിരെ ഇറ്റലി വിമര്‍ശനം ഉന്നയിച്ചെങ്കിലും ഇത് അമേരിക്ക- ഇറ്റലി ബന്ധത്തെ ബാധിക്കില്ലെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കിയത്.

ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ഗ്വീഡോ ക്രോസെറ്റോ സ്‌കൈ ടി ജി 24 ചാനലിനോട് പ്രതികരിക്കവെ 'വ്യക്തികള്‍ വരികയും പോകുകയും ചെയ്യും പക്ഷേ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കണം,' എന്ന് പറഞ്ഞു.

വിദേശകാര്യ മന്ത്രി ആന്റോണിയോ തജാനിയും സമാന നിലപാടാണ് സ്വീകരിച്ചത്. 'വ്യക്തിഗത പരാമര്‍ശങ്ങള്‍ക്കപ്പുറമാണ് അറ്റ്‌ലാന്റിക് ബന്ധങ്ങള്‍. അമേരിക്ക- ഇറ്റലി ബന്ധം ഇത്തരം സംഭവങ്ങളെ അതിജീവിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്,' അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ട്രംപ് ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണ് എന്ന് മെലോനി നേരത്തെ പ്രതികരിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ അമേരിക്കന്‍ പ്രസിഡന്റ് നിരന്തരം അടിസ്ഥാനരഹിതമായ ആക്രമണങ്ങള്‍ നടത്തുകയാണെന്നും അവര്‍ ആരോപിച്ചു.

ഇറ്റാലിയന്‍ ജനങ്ങള്‍ക്കിടയിലെ തന്റെ ജനപ്രീതിക്ക് ട്രംപുമായുള്ള ബന്ധവുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ ജനപ്രീതിയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്വന്തം ജനപ്രീതിയെക്കുറിച്ചാണ് അദ്ദേഹം ശ്രദ്ധിക്കേണ്ടെന്നും മെലോനി തിരിച്ചടിച്ചു.

അമേരിക്കന്‍ വിരുദ്ധയല്ല താനെന്നും മുമ്പ് ആരുടെയും മുന്നില്‍ മുട്ടുകുത്തിയിരുന്നില്ലെന്നും മെലോനി വ്യക്തമാക്കി.

പാശ്ചാത്യ രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കുമ്പോഴാണ് അവ കൂടുതല്‍ ശക്തമാകുന്നതെന്ന് താന്‍ വിശ്വസിക്കുന്നു. ഐക്യപ്പെട്ട പാശ്ചാത്യ ലോകത്തിലാണ് ഇറ്റലിയുടെ ശക്തി. എന്നാല്‍ ഉറച്ച ബന്ധങ്ങള്‍ തുറന്നുപറച്ചിലിലും അധിഷ്ഠിതമാണ്. താന്‍ കാര്യങ്ങള്‍ തുറന്നുപറയുന്ന വ്യക്തിയാണ്-  ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അഡന്‍ക്രോണോസ്ന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

2026 ജൂണില്‍ ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ ട്രംപും മെലോണിയും പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉച്ചകോടിക്ക് ശേഷം ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലായ ല7ന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ 'എന്നോടൊപ്പം ഫോട്ടോ എടുക്കാന്‍ മെലോvി യാചിച്ചു. അവര്‍ക്കത് അത്രയും വേണമായിരുന്നു. എനിക്ക് ഫോട്ടോ എടുക്കേണ്ട ബാധ്യതയൊന്നുമില്ലായിരുന്നു. പക്ഷേ അവരോട് സഹതാപം തോന്നിയതുകൊണ്ടാണ് സമ്മതിച്ചത്,' എന്ന് ട്രംപ് അവകാശപ്പെട്ടു.

അഭിമുഖത്തിനിടെ, 'നിങ്ങളുടെ പ്രധാനമന്ത്രി എങ്ങനെയുണ്ട്? അവര്‍ക്കെന്ത് വിശേഷം?' എന്ന ചോദ്യവും ട്രംപ് ചോദിച്ചു. ജി7 ഉച്ചകോടിക്കിടെ മെലോvിയുമായുണ്ടായ സംഭാഷണത്തെക്കുറിച്ച് വീണ്ടും ചോദിച്ചപ്പോള്‍, 'ഞാന്‍ അവരോട് സംസാരിച്ചതില്‍ അവര്‍ സന്തോഷിച്ചിട്ടുണ്ടാകാം. അവരോട് സംസാരിക്കാന്‍ എനിക്ക് യാതൊരു ബാധ്യതയും ഉണ്ടായിരുന്നില്ല,' എന്നും ട്രംപ് പറഞ്ഞു.

അതേ അഭിമുഖത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെയും ട്രംപ് വിമര്‍ശിച്ചു. ഊര്‍ജ നയത്തിലും കുടിയേറ്റ വിഷയത്തിലും യൂറോപ്പ് ഗുരുതരമായ തെറ്റുകള്‍ വരുത്തിയെന്നും ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ യൂറോപ്പ് ഒരിക്കലും പഴയ നിലയിലേക്ക് തിരിച്ചെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റവും ഊര്‍ജനയവും 'വലിയ ദുരന്തം' ആണെന്നും ട്രംപ് വിശേഷിപ്പിച്ചു.