വാഷിംഗ്ടണ്‍: കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്താനിരുന്ന 50 ശതമാനം താരിഫ് മൂന്ന് ദിവസത്തേക്ക് മരവിപ്പിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന താരിഫാണ് അവസാന നിമിഷം ട്രംപ് മാറ്റിവച്ചത്.
കാനഡയും അമേരിക്കയും തമ്മിലുള്ള കരാറിന്റെ രേഖകള്‍ അന്തിമമാക്കുന്നതിന് വിധേയമായി ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്ന കാരണത്താലാണ് 50 ശതമാനം താരിഫ് മൂന്ന് ദിവസത്തേക്ക് മരവിപ്പിക്കുന്നതെന്ന് ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
എന്നാല്‍, കരാറിന്റെ വിശദാംശങ്ങള്‍ ട്രംപ് പുറത്തുവിട്ടിട്ടില്ല. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യു എസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസിന്റെ കണക്കനുസരിച്ച് ഏകദേശം 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഉത്പന്നങ്ങളെയാണ് 50 ശതമാനം താരിഫ് ബാധിക്കുമായിരുന്നത്. ഹോക്കി സ്റ്റിക്കുകള്‍, ചില നിര്‍മാണ സാമഗ്രികള്‍, മദ്യം, പ്രത്യേകതരം വസ്ത്രങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ബാധകമാകുമായിരുന്നു.
ഒരാഴ്ചയിലേറെയായി നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്കും സാങ്കേതികതല കൂടിയാലോചനകള്‍ക്കും ശേഷമാണ് താരിഫ് മാറ്റിവയ്ക്കാന്‍ അവസാന നിമിഷം തീരുമാനിച്ചത്.
അതേസമയം, കാനഡയുമായുള്ള ധാരണയുടെ ഭാഗമായി കീസ്റ്റോണ്‍ എക്സ്എല്‍ പൈപ്പ്ലൈന് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന സൂചനയും ട്രംപ് നല്കി.
മറ്റൊരു ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ കീസ്റ്റോണ്‍ എക്സ്എല്‍ പദ്ധതി 'കല്ലറയില്‍നിന്ന് വീണ്ടും ഉണര്‍ത്തപ്പെട്ടേക്കാം' എന്ന് ട്രംപ് പറഞ്ഞു. മുന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പദ്ധതി നിര്‍ത്തിവെച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ആല്‍ബര്‍ട്ടയിലെ എണ്ണപ്പാടങ്ങളില്‍നിന്ന് യു എസ് സംസ്ഥാനമായ നെബ്രാസ്കയിലേക്ക് പ്രതിദിനം 8.3 ലക്ഷം ബാരല്‍ വരെ അസംസ്കൃത എണ്ണ എത്തിക്കുന്നതിനായി നിര്‍ദേശിച്ച പദ്ധതിയായിരുന്നു കീസ്റ്റോണ്‍ എക്സ്എല്‍. ഏകദേശം 1,200 മൈല്‍ ദൈര്‍ഘ്യമുള്ള പൈപ്പ്ലൈന് നിലവിലുള്ള കീസ്റ്റോണ്‍ പൈപ്പ്ലൈന് സംവിധാനത്തിന്റെ വിപുലീകരണമായിരുന്നു.
നെബ്രാസ്കയില്‍ നിന്ന് യു എസ് ഗള്‍ഫ് തീരത്തെ എണ്ണ ശുദ്ധീകരണശാലകളിലേക്ക് ബന്ധിപ്പിക്കുന്ന പൈപ്പ്ലൈന് ശൃംഖലയുമായി പദ്ധതി ബന്ധിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പരിസ്ഥിതി ആശങ്കകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജോ ബൈഡന് ഭരണകൂടം പദ്ധതി നിര്‍ത്തിവെച്ചിരുന്നു.
കാനഡയും യു എസും തമ്മിലുള്ള പുതിയ വ്യാപാര ധാരണ അന്തിമമാകുകയാണെങ്കില്‍ കീസ്റ്റോണ്‍ എക്സ്എല്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതും കരാറിന്റെ ഭാഗമാകുമെന്നാണ് ട്രംപിന്റെ സൂചന.
