ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ്

ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ്


വാഷിംഗ്ടണ്‍: ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തുമെന്നും കൂടുതല്‍ ലക്ഷ്യങ്ങള്‍ ആക്രമണ പട്ടികയില്‍ ഉള്‍പ്പെടുമെന്നും ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. 

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളോട് മാപ്പ് പറഞ്ഞുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു.

അമേരിക്കയും ഇസ്രായേലും തുടര്‍ച്ചയായി സൈനിക സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍ ഇറാന്‍ അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് വാഗ്ദാനം ചെയ്തുവെന്നും അവരോട് മാപ്പ് പറഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

ട്രൂത്ത് സോഷ്യലിലെഴുതിയ പോസ്റ്റിലാണ് ട്രംപ് ആക്രമണ മുന്നറിയിപ്പ് നല്‍കിയത്. മുമ്പ് ആക്രമണത്തിന് പരിഗണിക്കാത്ത ചില പ്രദേശങ്ങളും സംഘങ്ങളും ഇപ്പോള്‍ പൂര്‍ണ്ണമായ നാശത്തിനും ഉറപ്പായ മരണത്തിനും ഗൗരവമായി പരിഗണനയില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

നരകത്തിലേക്കുള്ള തോല്‍വിയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്ന ഇറാന്‍ തങ്ങളുടെ മിഡില്‍ ഈസ്റ്റ് അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഇനി അവരിലേക്ക് വെടിവെക്കില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഈ വാഗ്ദാനം ഉണ്ടായത് അമേരിക്കയും ഇസ്രായേലും നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ഫലമായാണ് എന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ഇറാന്‍ മിഡില്‍ ഈസ്റ്റ് മേഖല മുഴുവനും നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ട്രംപ് ആരോപിച്ചു. അവര്‍ മിഡില്‍ ഈസ്റ്റ് കൈവശപ്പെടുത്തി ഭരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ ചില രാജ്യങ്ങള്‍ ഇതിന്റെ ഫലത്തിന് നന്ദി പറഞ്ഞതായും ട്രംപ് പറഞ്ഞു. 

ഇറാന്‍ ഇനി മിഡില്‍ ഈസ്റ്റിന്റെ ഭീഷണി അല്ലെന്നും മറിച്ച് മിഡില്‍ ഈസ്റ്റിന്റെ പരാജിതനാണെന്നും പറഞ്ഞ ട്രംപ് ഇറാന്‍ കീഴടങ്ങുകയോ തകര്‍ന്നുവീഴുകയോ ചെയ്യാത്ത പക്ഷം ഈ നിലയില്‍ പതിറ്റാണ്ടുകള്‍ തുടരാമെന്നും അഭിപ്രായപ്പെട്ടു.

ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് ഇതുവരെ ഇറാന്‍ അധികൃതരില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.