വെടിവെപ്പ് അവസാനിപ്പിക്കാന്‍ ഇസ്രായേലിനും ഇറാനും ട്രംപിന്റെ മുന്നറിയിപ്പ്

വെടിവെപ്പ് അവസാനിപ്പിക്കാന്‍ ഇസ്രായേലിനും ഇറാനും ട്രംപിന്റെ മുന്നറിയിപ്പ്


ടെല്‍ അവീവ്: ഇസ്രായേലും ഇറാനും പരസ്പരം മിസൈല്‍- വ്യോമാക്രമണങ്ങള്‍ തുടരുന്നതിനിടെ ഉടന്‍ തന്നെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമത്തിലൂടെയാണ് ട്രംപ് ഇരു രാജ്യങ്ങള്‍ക്കും വെടിവെപ്പ് നിര്‍ത്താനുള്ള സന്ദേശം നല്‍കിയത്.

അമേരിക്കയുടെ മധ്യസ്ഥതയില്‍ ഏപ്രില്‍ ആദ്യം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇസ്രായേലും ഇറാനും നേരിട്ട് പരസ്പരം ആക്രമിക്കുന്ന ആദ്യ സംഭവമാണിത്. വാരാന്ത്യത്തില്‍ ആരംഭിച്ച ആക്രമണ- പ്രത്യാക്രമണങ്ങള്‍ തിങ്കളാഴ്ചയും തുടര്‍ന്നതോടെ പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷഭീതി ഉയര്‍ന്നു.

ഇറാന്‍ അനുകൂല ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലുകള്‍ക്കിടെ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണമാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ഇറാനിലെ ഒരു പ്രധാന പെട്രോകെമിക്കല്‍ സമുച്ചയത്തെയും ഇസ്രായേല്‍ ലക്ഷ്യമിട്ടു. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് രംഗത്തെത്തി. മേഖലയില്‍ ഊര്‍ജസ്ഥാപനങ്ങള്‍ അപകടത്തിലാകാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

ഇതിന് പിന്നാലെ ഇറാന്‍ നിരവധി ഘട്ടങ്ങളിലായി ഇസ്രായേലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടു. ടെല്‍ അവീവ് നഗരത്തില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങുകയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും തിരിച്ചടിക്കുമെന്ന നിലപാടില്‍ ഇസ്രായേല്‍ ഉറച്ചുനിന്നു.

ഇറാന്റെ ആക്രമണത്തിന് മറുപടിയായി മധ്യ, പടിഞ്ഞാറന്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ആയുധശേഖരങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍ അറിയിച്ചു. മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി അമേരിക്കയിലെ ഇസ്രായേല്‍ അംബാസഡര്‍ യാഷിയേല്‍ ലെയ്റ്റര്‍ വ്യക്തമാക്കി.

ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരമനുസരിച്ച് ഉപരോധ പട്ടികയിലുള്ള കരൂണ്‍ പെട്രോകെമിക്കല്‍ കമ്പനിക്ക് ആക്രമണത്തില്‍ കേടുപാടുകളുണ്ടായി. സ്ഥാപനത്തെ ലക്ഷ്യമിട്ടതായി ഇസ്രായേലും സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാവിലെ ഇറാനില്‍ നിന്ന് വീണ്ടും നിരവധി മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. അതേസമയം, യെമനില്‍ നിന്ന് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാന്‍ അനുകൂല ഹൂത്തി വിമതരാണ് മിസൈല്‍ ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

തെക്കന്‍ ഇസ്രായേലിലെ വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ വലിയ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതിന് പിന്നാലെ ഇസ്രായേല്‍ വീണ്ടും തിരിച്ചടിച്ചു. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത വന്‍ വ്യോമാക്രമണത്തിലാണ് ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ലക്ഷ്യമിട്ടത്. തുടര്‍ന്ന് തെഹ്‌റാന്‍ നഗരത്തില്‍ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടായി.

ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടരുന്നിടത്തോളം കാലം തിരിച്ചടി തുടരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സ്ഥിതിഗതികള്‍ ശമിപ്പിക്കാന്‍ ട്രംപ് ഇടപെടല്‍ നടത്തിയിരുന്നു. മിസൈലുകള്‍ പ്രയോഗിച്ചു കഴിഞ്ഞു, അതുമതി, ചര്‍ച്ചാ മേശയിലേക്ക് മടങ്ങി കരാറിലെത്തണം എന്നാണ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടത്.

ഇതിനിടെ, ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ട് നഗരത്തിലെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ഹിസ്ബുല്ല ആസ്ഥാനത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വടക്കന്‍ ഇസ്രായേലിലേക്ക് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഈ നടപടി.