വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ബീജിംഗ് ഇറാന് സൈനിക സഹായം നല്‍കിയാല്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്ന ചൈനയുടെ സാധനങ്ങള്‍ക്ക് 'അമ്പരപ്പിക്കുന്ന' പുതിയ തീരുവ ചുമത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
ചൈന അങ്ങനെ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്നും അത് അതിശയിപ്പിക്കുന്ന തുകയാണെന്നും ട്രംപ് ഫോക്‌സ് ന്യൂസ് ഷോ 'സണ്‍ഡേ മോര്‍ണിംഗ് ഫ്യൂച്ചേഴ്സ് വിത്ത് മരിയ ബാര്‍ട്ടിറോമോ'യോട് പറഞ്ഞു.
വെടിനിര്‍ത്തല്‍ മറികടക്കാന്‍ മൂന്നാം രാജ്യങ്ങളിലൂടെ ബീജിംഗ് നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വഴിതിരിച്ചുവിടുന്നുണ്ടെന്ന് ആരോപിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായി ട്രംപ് ചൈനയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. ചൈന അങ്ങനെ ചെയ്താല്‍ അവര്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാകുമെന്നും ഇറാന് ഇഷ്ടമുള്ള ആളുകള്‍ക്ക് എണ്ണ വില്‍ക്കുന്നതിലൂടെ പണം സമ്പാദിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.
എന്നാല്‍ വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ആരോപണങ്ങള്‍ നിഷേധിച്ചു. ചൈന സംഘര്‍ഷത്തിലെ ഒരു കക്ഷിക്കും ഒരിക്കലും ആയുധങ്ങള്‍ നല്‍കിയിട്ടില്ല എന്നും വിവരങ്ങള്‍ അസത്യമാണെന്നും പറഞ്ഞു.
2026 മെയ് 14, 15 തിയ്യതികളില്‍ ബീജിംഗില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടക്കാനിരിക്കുന്ന നിര്‍ണായക ഉച്ചകോടിക്ക് മുന്നോടിയായാണ് ട്രംപ് ഭീഷണി മുഴകക്കിയത്. 2025 ഒക്ടോബറില്‍ ഇരു നേതാക്കളും തമ്മിലുള്ള വ്യാപാര ഉടമ്പടിക്ക് ശേഷം ഇവര്‍ തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള സംഭാഷണമാണിത്. 2026 മാര്‍ച്ച് അവസാനം നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്ന ഉച്ചകോടി ഫെബ്രുവരി 28ന് ഇറാനില്‍ യു എസ്- ഇസ്രായേല്‍ ബോംബാക്രമണം മൂലമുണ്ടായ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
ഇറാനെതിരെ തിരിഞ്ഞ ട്രംപ് തെഹ്റാന്‍ ഒടുവില്‍ അമേരിക്കന്‍ ആവശ്യങ്ങള്‍ക്ക് വഴങ്ങുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം സമ്പൂര്‍ണ്ണ സൈനിക നാശത്തിനുള്ള സാധ്യതയെക്കുറിച്ച് കര്‍ശനമായ മുന്നറിയിപ്പും നല്‍കി.
ഒറ്റ രാത്രികൊണ്ട് ഒരു നാഗരികത ഇല്ലാതാകുമെന്ന തരത്തിലുള്ള കടുത്ത സന്ദേശങ്ങളാണ് സമീപകാല നയതന്ത്ര ഇടപെടലുകള്‍ക്ക് കാരണമായതെന്ന് ട്രംപ് തന്റെ ഭീഷണിയെ ന്യായീകരിച്ചു.
